ഭാര്യയെ തീകൊളുത്തി മുറി പൂട്ടിയിട്ട് ഭര്‍ത്താവ് മുങ്ങി

ഹൈദരാബാദ്: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. ഹൈദരാബാദിലാണ് സംഭവം. മാങ്കമ്മ(48) എന്ന സ്ത്രീയെയാണ് ഭര്‍ത്താവ്  തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മല്ലേഷ് ഗൗഡിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. കുട്ടികളെ ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം മല്ലേഷ് മാങ്കമ്മയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. മാങ്കമ്മയെ ഒരു മുറിയിലാക്കിയ ശേഷം തീയിട്ടു. മുറി പൂട്ടി ഇയാള്‍ സ്ഥലംവിടുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ അയല്‍വാസികളാണ് മാങ്കമ്മയെ ആശുപത്രിയിലെത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ മാങ്കമ്മയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മദ്യപാനിയായ മല്ലേഷ് വീട്ടില്‍ മിക്കവാറും വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പല തവണ മാങ്കമ്മയെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊലപാതകശ്രമത്തിനും, സ്ത്രീകള്‍ക്കെതിരായ പീഡനത്തിനുമാണ് മല്ലേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

32 വര്‍ഷം മുമ്പ് വിവാഹിതരായ മല്ലേഷിനും മാങ്കമ്മയ്ക്കും 2 കുട്ടികളാണുള്ളത്.

You must be logged in to post a comment Login