ഭാര്യയേക്കാള്‍ വലുതാണ് മദ്യപാനമെന്ന് ഭര്‍ത്താവ്; ഭാര്യ പിണങ്ങി പോയാലും കുടി നിര്‍ത്തില്ല

alcahol

കോട്ടയം: ഭാര്യ പിണങ്ങി പോയാലും വേണ്ടില്ല മദ്യപാനം നിര്‍ത്താന്‍ പറ്റില്ലെന്നു ഭര്‍ത്താവ്. ഭര്‍ത്താവിന്റെ അമിത മദ്യപാനം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഭാര്യ നല്‍കിയ പരാതിയെത്തുടര്‍ന്നു വനിതാ കമ്മിഷന്‍ അദാലത്തില്‍ എത്തിയ ഭര്‍ത്താവാണ് ഇങ്ങനെ പറഞ്ഞത്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍നടന്ന അദാലത്തില്‍ മറുപടി നല്‍കിയതു നാലു ഭര്‍ത്താക്കന്‍മാരാണത്രേ. ഇവരെ കൗണ്‍സലിങ്ങിനു വിധേയരാക്കാനും അദാലത്തില്‍ നിര്‍ദേശമുണ്ടായി. സംസ്ഥാന വനിതാ കമ്മിഷനംഗം ഡോ. ജെ.പ്രമീളാദേവിയുടെ നേതൃത്വത്തില്‍ അദാലത്തില്‍ 76 പരാതികളാണ് എത്തിയത്. ഇതില്‍ 48 പരാതികള്‍ രമ്യമായി പരിഹരിച്ചു. അവശേഷിക്കുന്ന 28 പരാതികളില്‍ ഒന്‍പതെണ്ണം പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി കൈമാറി.

ബാക്കി 19 പരാതികളില്‍ കക്ഷികള്‍, പ്രത്യേകിച്ചു പരാതിക്കാര്‍ എത്താതിരുന്നതിനാല്‍ അടുത്ത ദിവസത്തേക്കു മാറ്റിവച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരാതികളാണ് എത്തിയത്. വര്‍ഷങ്ങളായി പിണങ്ങിക്കഴിഞ്ഞ ഭാര്യാഭര്‍ത്താക്കന്‍മാരെ അദാലത്തില്‍ നടത്തിയ കൗണ്‍സലിങ്ങിലൂടെ ഒരുമിപ്പിച്ചതായി ഡോ. ജെ.പ്രമീളാദേവി അറിയിച്ചു.

വേര്‍പിരിയലിന്റെ വക്കിലെത്തിയ ഇവരെ സമയോചിതമായ ഇടപെടലും രമ്യതയുടെ പാതയും സ്വീകരിച്ചാണ് ഒന്നിപ്പിച്ചതെന്നും പ്രമീളാദേവി പറഞ്ഞു. അയല്‍ക്കാര്‍ തമ്മിലുള്ള നിസ്സാര പ്രശ്‌നങ്ങള്‍വരെ വനിതാ കമ്മിഷന്‍ അദാലത്തില്‍ പരാതികളായി എത്തുന്നുണ്ടെന്നും കമ്മിഷനംഗം അറിയിച്ചു.

നാലുവര്‍ഷമായി മകനും ഭാര്യയും കൈവശംവച്ചിരുന്ന ആധാരം അദാലത്തിലെത്തിയ പരാതിയെത്തുടര്‍ന്നു വൃദ്ധരായ മാതാപിതാക്കള്‍ക്കു തിരിച്ചുനല്‍കി. മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ച തമിഴ്‌നാട് സ്വദേശിയെ വിളിച്ചുവരുത്തി സ്ത്രീധനവും സ്വര്‍ണവും പണവും നാലുമാസത്തിനുള്ളില്‍ തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിച്ചു.

You must be logged in to post a comment Login