ഭാഷയുടെ സരസ്വതിയാമങ്ങൾ…

ഇന്ദിരാബാലൻ

ഭാഷയുടെയും സംസ്ക്കാരത്തിന്റേയും സരസ്വതീയാമങ്ങൾ ഉണരുമ്പോൾ അക്ഷരങ്ങളുടെ തിരുമുറ്റത്തെത്തുന്നു മുലപ്പാൽ മണമുള്ള കുഞ്ഞുങ്ങൾ .അവരിലേക്കു ഹരിശ്രീ കുറിച്ചു പകരേണ്ടത് നമ്മുടെ ഭാഷയേയും സംസ്ക്കരത്തേയുമാണ്‌. ഓരോ ദിനങ്ങളും ആചരിക്കുമ്പോൾ വർഷത്തിൽ ഫെബ്രുവരി 21 മാതൃഭാഷാദിനമായി നാം ആചരിക്കുന്നു. ഭാഷയെക്കുറിച്ചു പറയുമ്പോൾ സംസ്ക്കാരത്തെക്കുറിച്ചും പറയണം.ഒരു ഭാഷയുടെ വേര്‌ ആ ദേശത്തിന്റെ സംസ്ക്കാരത്തിലാണ്‌.അതുകൊണ്ടു തന്നെയാണ്‌ സംസ്ക്കാരം ഉള്ളിടത്ത് ഭാഷ അതിന്റെ സ്വത്വത്തെ പൂർണ്ണമായും നേടുന്നുവെന്ന് പറയുന്നത്‌.സ്വത്വാവിഷ്ക്കാരത്തിന്റെ ഇടങ്ങളിലെല്ലാം ഭാഷയുടെ നിറവും സംസ്ക്കാരത്തിന്റെ മണവും നിറഞ്ഞിരിക്കുന്നു.നമ്മുടെ എല്ലാ നദീതടസംസ്ക്കാരത്തിന്റേയും ചരിത്രം പരിശോധിച്ചാൽ അവിടെയെല്ലാം സംസാരിക്കുന്ന ഭാഷയുടെ ശക്തിയും ഓജസ്സും പിന്നീടു വന്ന തലമുറകളിലേക്ക് പകർന്നിരിക്കുന്നത് കാണാം. സങ്കരഭാഷയുള്ളിടങ്ങളിൽ പ്രത്യേകിച്ചും രണ്ടു സംസ്ഥാനങ്ങളുടെ അതിർത്തിപ്രദേശങ്ങളിൽ ഭാഷയും സംസ്ക്കാരവും കുറെക്കൂടി ഊർജ്ജം കൈവരിക്കുന്നതായി കാണാം.പ്രത്യേകിച്ചും കന്നഡ മലയാള സംഗമസ്ഥാനങ്ങളിലെല്ലാം സംസ്ക്കാരത്തിന്റെ സത്ത കുറെക്കൂടി ശക്തിമത്താണ്‌.,മലയാളമൊഴിച്ചുള്ള ഏതു ഭാഷകളും അവർ കൈവിടാതെ നെഞ്ചോട് ചേർത്തു വെക്കും. എന്നാൽ പലപ്പോഴും മലയാളി മാത്രമാണ്‌` സ്വന്തം ഭാഷയെ അവഗണിക്കുന്നത്‌. കാലികാവസ്ഥയിൽ മറുനാടുകളിൽ സാംസ്ക്കാരികസംഘടനകളിലൂടെ ഒരു പരിധി വരെ മലയാളവും സംരക്ഷിക്കപ്പെടുന്നെന്നു വിശ്വസിക്കാം…എന്നാലും കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ“ജനിക്കും നിമിഷം തൊട്ടെൻ മകനിംഗ്ളീഷു പഠിക്കുവാൻ ഭാര്യതൻ പേറങ്ങിംഗ്ളണ്ടിൽ തന്നെയാക്കി…….എന്നവസ്ഥ പൂർണ്ണമായും മാഞ്ഞിട്ടില്ല. വളരെയേറെ അർത്ഥവ്യാപ്തിയാണീ വരികളിലുള്ളത്‌. അതാതു ദേശത്തുകൂടെ ഒഴുകുന്ന നദികൾ വഹിച്ചുകൊണ്ടു വരുന്ന ശക്തി പ്രകാശം…അതിലൂടെ മനുഷ്യരിലേക്ക് സംക്രമിക്കുന്ന പോസിറ്റീവ് എനർജി..ആ എനർജിയിലൂടെ നേടുന്ന സാംസ്ക്കാരികമായ ഉണർവ്,,ഇതൊക്കെ ഭാഷക്ക് മുതൽക്കൂട്ടാവുന്നു. പക്ഷെ ഇന്ന് ഒഴുകുന്ന നദികൾ വഹിച്ചുകൊണ്ടുവരുന്നത് മനുഷ്യർ വലിച്ചെറിയുന്ന മാലിന്യങ്ങളാണ്‌. ഇതു സംസ്ക്കാരത്തേയും ജീവിതത്തെ തന്നെയും ഹാനികരമാക്കുന്നു എന്നത് വേദനാജനകവും, മണലൂറ്റിയെടുത്ത് അസ്ഥിമാത്രപ്രായമായി ഒഴുകുന്ന നദികളും നമ്മുടെ വലിയ ദുഃഖങ്ങളാണ്‌. സംസ്ക്കാരത്തിന്റെ വേരുകൾ സൂക്ഷിച്ചിരുന്ന അടിത്തട്ടുകളിന്ന് പൊള്ളയാണ്‌. 
പ്രവാസി ഭാഷയെന്നത് ഇന്നിപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്‌. പറിച്ചു നടപ്പെടുന്ന മനുഷ്യനാണ്‌ പ്രവാസികൾ. ആനന്ദിന്റെ ”മരുഭൂമികൾ ഉണ്ടാകുന്നത്“ എന്ന നോവലിൽ ഒരു കഥാപാത്രം പറയുന്നുണ്ട്‌”വേരുകളിൽ നിന്ന് വേരുകളിലേക്ക് പടർന്നുകയറുന്ന ഒരു ചെടിയെപ്പോലെ ഞാനെന്റെ സ്വത്വത്തെ ഞാനെന്റെ ദേശത്തിൽ നിന്ന് ഇവിടേക്ക് പറിച്ചു നട്ടു. പക്ഷേ അതു വാടിക്കരിഞ്ഞുപോയി വീണ്ടും വീണ്ടും ശ്രമിച്ചിട്ടും അതിനു കഴിയാതെ പോയി.കാരണം വേരുകൾക്ക് ആഴത്തിലേക്ക് പോവാൻ കഴിയുന്നില്ലായെന്ന്“.അത്ര ആഴത്തിലേക്ക് പോവാൻ കഴിയാതെ നമ്മുടെ ദേശം, നമ്മുടെ സംസ്കൃതി നമ്മെ വലിഞ്ഞുമുറുക്കുന്നുണ്ട്‌. എങ്കിൽത്തന്നേയും ഓരോ പ്രവാസിയും അവൻ ജീവിക്കുന്ന ഇടങ്ങളിൽ അവന്റേതായ ഒരു മേൽ വിലാസം ഉണ്ടാക്കാൻ ശ്രമിക്കുകയും ആ മേൽ വിലാസത്തിലൂടെ അവനവന്റെ സ്വത്വാവിഷ്ക്കാരം നടത്തുന്നുവെന്നതും അവൻ ചേക്കേറുന്നിടത്തോടുള്ള പ്രാമാണികത്വത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.കാരണം മനുഷ്യനെപ്പോഴും സഹജീവിയായി കഴിയാനാഗ്രഹിക്കുന്നു എന്നതാണ്‌` ആ സഹജീവിത്വം എത്രയോ കാലത്തെ അനുഭവങ്ങളേയും പാരമ്പര്യത്തിനേയും ചുറ്റിപ്പറ്റിയുള്ള വികാരമാണ്‌. അത് അടിച്ചേൽപ്പിക്കുന്നതല്ല.അതുകൊണ്ടു തന്നെ ആ സംജ്ഞയെ സാധൂകരിക്കുന്ന തരത്തിൽ ഓരോ മലയാളിയും ചെല്ലുന്നയിടങ്ങളിൽ അവരുടെ മുദ്രകൾ അടയാളപ്പെടുത്തുന്നുണ്ട്‌. അങ്ങിനെ അടയാളപ്പെടുത്തുന്ന മുദ്രകളിൽ ഭാഷക്കുള്ള സ്ഥാനം എന്താണ്‌? മലയാളി ഉള്ളിടത്തെല്ലാം ഭാഷ സംരക്ഷിക്കപ്പെടുന്നുണ്ടൊ എന്നും ആലോചനാമൃതമാണ്‌. കാരണം പുതിയ തലമുറയിലെ കുട്ടികൾ ഭാഷയേയും സംസ്ക്കാരത്തേയും എത്ര കണ്ട് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്‌? അഥവാ ഭാഷ കൈമോശം വരുന്നുണ്ടോ.പുതിയ ദേശത്തെ ഭാഷയും സംസ്ക്കാരവും നമ്മുടെ ഭാഷയെ വിഴുങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 
1500 വർഷത്തിനു മുകളിൽ പഴക്കമുള്ള നമ്മൂടെ മലയാളം ശ്രേഷ്ഠഭാഷാപദവി കൈവരിക്കുകയും മറ്റു ഭാഷകൾക്കൊപ്പം നില്ക്കാനുള്ള ചങ്കൂറ്റം കൈവരിക്കുകയും ചെയ്തിട്ടുണ്ട്‌. എന്നാലും ഒരു വിഭാഗക്കാർ മലയാളത്തിനു ഒട്ടും തന്നെ മതിപ്പ് കൊടുക്കുന്നില്ല എന്നതു സത്യമാണ്‌. ഇരിക്കുന്നയിടത്തെ പ്രാദേശികഭാഷക്കും, ഇംഗ്ളീഷ് ഭാഷക്കുമാണ്‌ പലരും കൂടുതൽ പ്രാധാന്യം നല്കുന്നത്‌. അവിടെ മലയാളം തീർത്തും അവഗണിക്കപ്പെടുന്നു. പ്രാദേശികഭാഷയും, മറ്റെല്ലാ ഭാഷകളും പഠിക്കേണ്ടത് ആവശ്യം തന്നെ. പക്ഷെ അതു മലയാളത്തെ ഒഴിച്ചു നിർത്തിയാവരുതെന്നേയുള്ളു. ഇന്നിപ്പോൾ നവസാങ്കേതികതയിലൂടെ മംഗ്ളീഷിലാണെങ്കിലും ടെക്നോളജിയിൽ മലയാളത്തിലൂടെ ജനങ്ങൾ സംവദിക്കുന്നു എന്നത് ആശാവഹം തന്നെയാണ്‌. പക്ഷേ പുതിയ തലമുറ ഭാഷയെ സംസ്ക്കാരത്തെ പൈതൃകത്തെ ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ നമ്മുടെ മലയാളം കൈമോശം വന്നു പോകും. ഭാഷയുടെ നിലനില്പ്പിനു വേണ്ടി മലയാളം മിഷൻ പോലുള്ള ഭാഷാ ശാക്തീകരണ പ്രസ്ഥാനങ്ങൾ ആഗോളാടിസ്ഥാനത്തിൽ തന്നെ നിലവിൽ വന്ന സ്ഥിതിക്കു ഒരു പരിധി വരെ ഭാഷ സംരക്ഷിക്കപ്പെടും എന്നു വിശ്വസിക്കാം. ഭാഷ ഒരു വികാരമായി അനുഭവപ്പെടുന്നിടത്തു മാത്രമെ അതിന്റെ ജീവൻ തുടിച്ചു നില്ക്കുകയുള്ളു. അങ്ങിനെ വികാരമായി തുടിച്ചു നില്ക്കണമെങ്കിൽ മനുഷ്യരുടെ പരസ്പരമുള്ള സ്നേഹത്തിലും ഐക്യത്തിലും മാത്രമേ സാധിക്കുകയുള്ളു. അതില്ലാത്തിടത്ത് ഭാഷയും മരിച്ചുപോകും. “മലയാളികൾ ഉള്ളിടത്തെല്ലാം മലയാളം” എന്നൊരു മുദ്രാവാക്യം മലയാളം മിഷന്റെ പ്രവർത്തനങ്ങളിൽ ഉയരുന്നുണ്ട്‌. മലയാളംമിഷന്റെ പ്രവർത്തനം വളരെ പ്രശംസനീയമാണ്.    ഭാഷയേയും സംസ്ക്കാരത്തേയും എങ്ങിനെയാണ്‌ കുട്ടികളിലേക്ക് പരിവർത്തനപ്പെടുത്തേണ്ടത്‌ എന്ന് മിഷന്റെ പ്രവർത്തനത്തിലൂടെ തെളിയുന്നു. കഥകളിലൂടെ കവിതകളിലൂടെ നാട്ടറിവുകളിലൂടെ ഭാഷ  മലയാള മിഷൻ പാഠ്യപദ്ധതി കുഞ്ഞുങ്ങളിലേക്കെത്തിക്കുന്നു എന്നത് ആശാവഹമാണ്. അതു അമ്മയും കുഞ്ഞും തമ്മിലുള്ള പുക്കിൾക്കൊടി ബന്ധം പോലെ സുദൃഢമാണ്‌ ..അതാണ്‌ അമ്മയും ജന്മഭൂമിയും സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമാണെന്ന് കവികൾ വാഴ്ത്തിപ്പറഞ്ഞത്‌.ഈ വരികളിലൂടെ ഒരു വലിയ സംസ്ക്കാരമാണ്‌` സംവഹിക്കപ്പെടുന്നത്‌. സ്വന്തം ഭാഷ പെറ്റമ്മയും മറ്റു ഭാഷകൾ പോറ്റമ്മയുമാണെന്ന തിരിച്ചറിവ് മലയാളിക്ക് ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. നമ്മുടെയൊക്കെ വേരുകൾ സ്വന്തം ദേശത്തിൽ തന്നെയാണ്‌. ആതിരിച്ചറിവിലൂടെയാണ്‌ അവനവനെത്തന്നെ അറിയാനാകു. മാതൃഭാഷയേക്കാൾ മഹത്തരമാണ്‌ മറ്റു ഭാഷകൾ സംസാരിക്കുന്നതെന്ന ഒരു മിഥ്യാബോധം മലയാളിയുടെ ഉള്ളിലുണ്ട്‌. ആ ബോധത്തെ ആദ്യം തന്നെ തുടച്ചു മാറ്റിയാലെ മലയാളം സംരക്ഷിക്കപ്പെടുകയുള്ളു. ഭാഷയോട് സ്നേഹം തോന്നാവുന്ന രീതിയിലുള്ള സമീപനം നമുക്കാവശ്യമാണ്‌ .അതുപോലെ നല്ല വായനയിലൂടെ കുട്ടികളിലേക്ക് ഭാഷയെ എത്തിക്കാനാകും..പക്ഷെ വെറും വായനയല്ല,, അതു മുലപ്പാലുപോലെ ഇറ്റിച്ചുകൊണ്ടിരിക്കണം. ഭാഷയെ സ്വീകരിക്കാനുള്ള പ്രാപ്തി പുതുതലമുറക്ക് പകരേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന് അടിവരയിട്ടോർമ്മിപ്പിക്കുന്നു! പുതിയ കാലത്തിൽ അക്ഷരങ്ങളേറ്റുവാങ്ങുമ്പോൾ കുഞ്ഞുങ്ങളും  ഭാഷയേയും സംസ്ക്കാരത്തേയും ഏറ്റെടുക്കാൻ പ്രാപ്തരായി ഭാസുരഭാവിയുടെ തിരി തെളിക്കട്ടെ!

You must be logged in to post a comment Login