ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരം അടുത്തമാസം കൊച്ചിയില്‍

കേരളത്തില്‍ ആദ്യമായി ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരത്തിന് കൊച്ചി വേദിയാകുന്നു. ദ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ജൂണ്‍ 13,14,15 തീയതികളിലായി നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ പതിനേഴ് പേരാണ് മത്സരിക്കുന്നത്. ഫൈനല്‍ റിഹേഴ്‌സല്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു.

ആദ്യമായാണ് കേരളത്തില്‍ ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരം നടത്തുന്നത്. കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി നടന്ന ഓഡീഷനില്‍ മുന്നൂറിലേറെപ്പേര്‍ പങ്കെടുത്തിരുന്നു. മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിന്റെ നിയമാവലികള്‍ അനുസരിച്ച് സംഘടിപ്പിക്കുന്ന മത്സരത്തില്‍ മുന്‍ ലോക സുന്ദരി ഫസ്റ്റ് റണ്ണറപ്പ് പാര്‍വതി ഓമനക്കുട്ടനും രഞ്ജിനി ഹരിദാസുമാണ് സെലിബ്രിറ്റി ജഡ്ജസുമാരായി എത്തുക.

മത്സരാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം ഉള്‍പ്പെടെയുള്ള ക്ലാസുകള്‍ നല്‍കാനായി ടെലിവിഷന്‍ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്, നടന്‍ റിച്ചാര്‍ഡ്, ഫാഷന്‍ കൊറിയോഗ്രാഫര്‍ സുനില്‍ മേനോന്‍, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഫെന്നി തുടങ്ങിയവരുമുണ്ട്.

നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൈനലില്‍ മന്ത്രി കെ കെ ശൈലജ, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍മന്ത്രി എം കെ മുനീര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കല്‍കി സുബ്രഹ്മണ്യം, നടിമാരായ മധുബാല, ശ്വേതാ മേനോന്‍, മംമ്ത മോഹന്‍ദാസ്, റിമി ടോമി, രമ്യ നമ്പീശന്‍, ഭാവന, സ്രിന്ദ, വിഷ്ണുപ്രിയ തുടങ്ങിയവര്‍ പങ്കെടുക്കും.

You must be logged in to post a comment Login