ഭീകരവാദത്തിന് മതത്തിന്റെ നിറം നല്‍കാന്‍ പ്രതിപക്ഷ ശ്രമം: രാജ്‌നാഥ് സിംഗ്

indexന്യൂഡല്‍ഹി: കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ സംഭാവനയായ ഹിന്ദു തീവ്രവാദം എന്ന പ്രയോഗം നിമിത്തം ദുര്‍ബലമായത് ഇന്ത്യയുടെ തീവ്രവാദത്തിനെതിരായ ശക്തമായ നിലപാടുകളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
ജൂലൈ 27ന് പഞ്ചാബിലെ ഗുര്‍ദാസ്പൂരിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രസ്താവന നടത്തവെയാണ് ഭീകരവാദത്തിന് മതത്തിന്റെയും ജാതിയുടെയും നിറം നല്‍കാനാണ് പ്രതിപക്ഷ ശ്രമമെന്ന ആരോപണവുമായി ആഭ്യന്തരമന്ത്രി രംഗത്തെത്തിയത്. ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് പഞ്ചാബ് ഭീകരാക്രണണത്തെക്കുറിച്ച് പ്രസ്താവന നടത്തിക്കൊണ്ട് രാജ്‌നാഥ് പറഞ്ഞു.
രണ്ടുവര്‍ഷം മുന്‍പ് ഹിന്ദു തീവ്രവാദമെന്ന പരാമര്‍ശം നടത്തിയ മുന്‍ ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ പാകിസ്ഥാനിലെ ഭീകരനേതാവ് ഹാഫിസ് സെയ്ദ് പ്രശംസിച്ചതാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഭീകരവാദത്തിന് പോലും മതത്തിന്റെ നിറം നല്‍കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചതോടെ പ്രതിപക്ഷം ബഹളമുണ്ടാക്കി. ലോകത്തിനു മുന്നില്‍ ഭീകരവാദത്തിനെതിരായ ഒരു ഐക്യമുന്നണി രൂപീകരിക്കാനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും രാജ്‌നാഥ്  ആഹ്വാനം ചെയ്തു. ഭീകരവാദം എന്നും ഭീകരവാദം തന്നെയാണ്. അതിന് ജാതിയും മതവുമില്ല. ഭീകരവാദം പോലെ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്കു മുന്നില്‍ രാജ്യമോ പാര്‍ലമെന്റോ വിഭജിച്ചു പോകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login