ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മന്ത്രിതല സംഘം മൂന്നാറിലേക്ക്; കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കും

തിരുവനന്തപുരം: കൊട്ടാക്കമ്പൂര്‍ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മന്ത്രിതല സംഘം മൂന്നാറിലേക്ക്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വനം വകുപ്പ് മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം മണി എന്നിവരാണ് ഇടുക്കിയിലേക്ക് പോകുന്നത്. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കും. അതിര്‍ത്തി നിര്‍ണയിച്ചത് അവധാനത ഇല്ലാതെയാണെന്നാണ് വിമര്‍ശനം. മന്ത്രിതലസമിതി ഉടന്‍ യോഗം ചേരും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

2006 ല്‍ വിജ്ഞാപനം ചെയ്ത 3200 ഹെക്ടര്‍ വരുന്ന കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് ശക്തമായി രംഗത്തെത്തിയത് പൊതുജനങ്ങളുമായി സംഘര്‍ഷത്തിന് കാരണമായിരുന്നു. പത്തു വര്‍ഷത്തിലേറെയായി തുടരുന്ന തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളും സ്ഥലവാസികളുമായി സംസാരിച്ച് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാനാണ് മന്ത്രിമാരുടെ സംഘത്തെ ചുമതലപ്പെടുത്തിയത്. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം ചര്‍ച്ചാ വിഷയമായത് ജോയ്‌സ് ജോര്‍ജ്ജ് എം.പിയുടേത് അടക്കമുള്ള കയ്യേറ്റ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെയാണ്. ഇടുക്കിയില്‍ നിന്നുമുള്ള മന്ത്രി എം.എം മണിയാണ് ഇക്കാര്യം യോഗത്തില്‍ ശക്തമായി ഉന്നയിച്ചത്.

കുറിഞ്ഞി ഉദ്യാനത്തില്‍പ്പെട്ട കൊട്ടാക്കമ്പൂര്‍ വില്ലേജിലെ 58ാം നമ്പര്‍ ബ്ലോക്കിലാണ് ജോയ്‌സ് ജോര്‍ജ് എം.പിയുടെ വിവാദ ഭൂമിയുള്ളത്. വട്ടവട വില്ലേജിലെ 62ാം ബ്ലോക്കും വിവാദഭൂമികള്‍ ഏറെയുള്ള മേഖലയാണ്.  സിപിഐ യുടെ നേതൃത്വത്തിലുള്ള റവന്യൂവകുപ്പാണ് ദേവികുളം സബ്കളക്ടര്‍ക്ക് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശക്തമായ പിന്തുണ നല്‍കിയത്. കയ്യേറ്റത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ നിലപാടെടുത്തപ്പോള്‍ വിഷയത്തില്‍ അയഞ്ഞ സമീപനമാണ് സിപിഐഎമ്മും പ്രത്യേകിച്ച് മന്ത്രി എം.എം മണിയും കൈക്കൊണ്ടത്.

വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂര്‍ വില്ലേജില്‍പ്പെട്ട വിവാദ ഭൂമി കുറിഞ്ഞി ദേശീയോദ്യാനത്തി​ന്റെ  ഭാഗമാണെന്നാണ് റവന്യൂവകുപ്പി​ന്റെ നിലപാട്. ഇവിടെയാണ് ഇടുക്കി എംപി ജോയ്സ് ജോര്‍ജി​ന്റെയും കുടുംബത്തി​ന്റെയും 20 ഏക്കര്‍ ഭൂമി. അത്​ അനധികൃതമായ കൈവശപ്പെടുത്തിയതാണെന്ന്​ കാണിച്ച്‌​ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇടുക്കി എം.പിയെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു​. കൈവശാവകാശം തെളിയിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ദേവികുളം സബ് കലക്ടര്‍ ഈ ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു. നിയമപ്രകാരമാണ് ഭൂമി കൈവശം വെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പ്രഖ്യാപിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കിയത് സിപിഐഎമ്മിന് കനത്ത തിരിച്ചടിയായി.

പതിച്ചു കൊടുക്കാനാവാത്ത സ്ഥലം കൈവശം വച്ചു, ലാന്റ്​ അസൈന്‍മെന്റ് കമ്മിറ്റി ചേര്‍ന്നതിന്റെ രേഖകളില്ല തുടങ്ങിയ കാരണങ്ങളാലാണ് പട്ടയം സബ്​ കലക്​ടര്‍ റദ്ദാക്കിയത്​. എന്നാല്‍ നടപടിക്കെതിരെ സിപിഐഎം രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു. കൂടാതെ മൂന്നാര്‍ മേഖലയില്‍ ഹര്‍ത്താലും നടത്തി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചത്​. പട്ടയം റദ്ദാക്കല്‍ നിയമപരമായ നടപടിയെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കും. ജോയ്സിനും കുടുംബാംഗങ്ങള്‍ക്കും കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയമുണ്ടെന്ന് അറിയിക്കുയും ചെയ്യും.

You must be logged in to post a comment Login