ഭൂമി വേണംമനുഷ്യരായി ജീവിക്കാന്‍


ബെന്‍സി തമ്പി

ഗാന്ധിജിയുടെ 150-ാം ജന്മദിനമായ കഴിഞ്ഞ ഒക്ടോബര്‍ 2 മുതല്‍, ‘സ്ത്രീകള്‍ക്ക് ഭൂമിയില്‍ അവകാശം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏകതാ പരിഷത് എന്ന ഗാന്ധിയന്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍  ഗ്വാളിയോറില്‍ നിന്ന് ഡല്‍ഹിയിലേക്ക് നടന്ന പദയാത്രയിലെ അംഗമായിരുന്ന ബെന്‍സി തമ്പിയുടെ കാഴ്ചാനുഭവങ്ങള്‍

ഭൂമിക്കുവേണ്ടിയുള്ളസമരവുമായി കഴിഞ്ഞ 30 വര്‍ഷമായി നോര്‍ത്ത് ഇന്ത്യന്‍ഗ്രാമങ്ങളില്‍ ഏകത പരിഷത്ത് പ്രവര്‍ത്തിക്കുന്നു.  പുറംലോകം എന്തെന്ന് കണ്ടിട്ടില്ലാത്ത ലക്ഷകണക്കിന് ഗ്രാമവാസികളെയും ആദിവാസി സമൂഹങ്ങളെയും ജീവിതത്തിന്റെ പുതിയ കാഴ്ച്ചപ്പാടുകളുടെയും അറിവിന്റെയും  ലോകത്തേയ്ക്ക് എത്തിക്കുന്നതില്‍ അഹിംസ്താമക പ്രവര്‍ത്തനങ്ങളക്ക് ഊന്നല്‍ നല്‍കുന്ന ഈ ഗാന്ധിയന്‍ സംഘടനയ്ക്ക് സാധിച്ചു.  നിരക്ഷരരായ യുവജനതയെ അക്ഷര ലോകത്തേയ്ക്ക് എത്തിക്കുന്നതിലൂടെ അവരുടെ അവകാശങ്ങളെക്കുറിച്ചും അധികാരങ്ങളെക്കുറിച്ചും അവര്‍ ബോധവാന്മാരാകുന്നു.  അവരെ ചെറു സമൂഹങ്ങളുടെ തലവന്മാരാക്കി സാമൂഹിക രംഗത്തേയ്ക്ക് എത്തിക്കുന്നു.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭൂരഹിതരായ ആദിവാസി സമൂഹങ്ങള്‍ തമ്മില്‍ പരസ്പരം സംവദിക്കുന്നതിനും ഇടപെടുന്നതിനുമായുള്ള ഒരു പൊതു വേദിയായി ഏകത പരിഷത്തിന്റെ ഇടങ്ങളെല്ലാം മാറ്റപ്പെടുന്നു.  ഗ്രാമങ്ങളിലെ പൊതു പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് ഇവര്‍ ധൈര്യമുള്ളവരാകുന്നു.  ആദിവാസി സമൂഹങ്ങളാകട്ടെ തങ്ങള്‍ വെട്ടിതെളിച്ചെടുത്ത് വാസയോഗ്യമാക്കിയ ഭൂമിയില്‍ നിന്ന് ഇറക്കിവിടാന്‍ വരുന്ന ഭൂ മാഫിയകളോട് ചെറുത്തു നില്‍ക്കാന്‍ കഴിയുന്നവരായി മാറുന്നു.ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഗ്രാമീണരെയും ആദിവാസി സമൂഹങ്ങളെയും ഒന്നിപ്പിച്ച് പദയാത്രകള്‍ നടത്തി പൊതുജനങ്ങളോടും ഭരണ സംവിധാനത്തോടും ഏകത പരിഷത്ത് ശബ്ദിക്കുന്നു. ഓരോ പൊതു ഇടങ്ങളിലും ഭൂരഹിതരുടെ അവസ്ഥകളെക്കുറിച്ച് സംവാദങ്ങള്‍ നടത്തി ഗ്രാമങ്ങള്‍ത്തോറും നടത്തുന്ന ഈ യാത്രയെ ആധുനിക സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നല്ല. കാലാനുസൃതമായി ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുന്നതോടൊപ്പം കാര്‍ഷീക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ തൊഴിലാളികളെ കര്‍ഷകരായി പരിഗണിച്ച് തുല്യ വേതനവും നല്‍കപ്പെടണം.  സ്ത്രീയുടെ പേരില്‍ ഭൂമിയുടെ പട്ടയം നല്‍കണം.  ഗ്രാമീണ അറിവുകള്‍ സംരക്ഷിക്കപ്പെടുകയും ആധുനിക വിദ്യാഭ്യാസം ഗ്രാമീണര്‍ക്കുകൂടി ലഭ്യമാകുന്ന സംവിധാനങ്ങള്‍ നിലവില്‍ വരണം.  വനാവകാശസംരക്ഷണ നിയമം നടപ്പിലാക്കുന്നതിനും അതിന്റെ പ്രായോഗികതലത്തിലെ അപാകതകള്‍ പരിഹരിക്കപ്പെടുന്നതിനും സാധിക്കണം.  ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അതിവേഗ പരാതി പരിഹാര സെല്ലുകള്‍ നടപ്പിലാക്കണം തുടങ്ങി ഒട്ടനവധി ആവശ്യങ്ങള്‍ ഭരണാധികാരികളോട് ഇവര്‍ ആവശ്യപ്പെടുന്നു.’ജന്‍ ആന്ദോളന്‍ -2018′ ഇരുപത്തയ്യായിരം വരുന്ന ഗ്രാമീണ കര്‍ഷകരും ആദിവാസി സമൂഹവും മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നും ഡല്‍ഹിയിലേക്ക് പദയാത്ര നടത്തി.  ഗാന്ധിജിയുടെ 150-ാം ജന്മദിനമായ 2018 ഒക്‌ടോബര്‍ 2ന് ഗ്വാളിയോറിലെ മേള ഗൗണ്ടില്‍ സത്യാഗ്രഹികളുടെ ഇരുപ്പുസമരത്തോടെ തുടക്കം. സംവാദങ്ങളും ചര്‍ച്ചകളും പാട്ടും ന്യത്തങ്ങളുമായി  രണ്ടു ദിവസം, ഇരുപത്തി അയ്യായിരം പേരെ 26 ശിബിരങ്ങള്‍ ആക്കി തിരിച്ചു. 10 പേര്‍ക്ക് ഒരു ലീഡര്‍. 10 ലീഡര്‍മാര്‍ക്ക്  ഒരു ലീഡര്‍. 100 പേര്‍ക്ക് ഒരു ലീഡര്‍.  ആശയ വിനിമയത്തിനും ചിട്ടയായ നടത്തിപ്പിനും ഇത് ഗുണകരമായി. ഒക്‌ടോബര്‍ 4ന് ഡല്‍ഹിയിലേക്ക് പദയാത്ര ആരംഭിച്ചു. രാവിലെ 6മണി എല്ലാവര്‍ക്കു അവല്‍ കൊണ്ടുള്ള ലഘുഭക്ഷണം. 7മണി ഓരോ സംസ്ഥാനക്കാരും അവരുടെ നമ്പര്‍ അനുസരിച്ച് പദയാത്രയ്ക്കായി അണിനിരന്നു.  ഗോളിയോര്‍ ഡല്‍ഹി ഹൈവേ. ഒരു വശം പദയാത്രികര്‍ക്കായി നല്‍കികൊണ്ട് പൊതു ഗതാഗതം പോലീസ് നിയന്ത്രിച്ചിരുന്നു. 25 കിലോമീറ്റര്‍ ദൂരം മൂന്ന് നിരയായി മുദ്രാവാക്യങ്ങളും സംഗീതവും ന്യത്തവുമായി ഒരേ താളത്തില്‍ പോയികൊണ്ടിരുന്നു,  കുടിവെള്ളത്തിനുള്ള ടാങ്കറുകള്‍ ഓരോ നിശ്ചിത ഗ്രൂപ്പിനും അരികിലായി ഓടികൊണ്ടിരുന്നു.  ചുട്ടുപൊള്ളുന്ന വെയിലില്‍ വാടിത്തളരാതെ കുഞ്ഞുങ്ങളും ഒപ്പം നടന്നു. ഓരോ മണിക്കുര്‍ കഴിയുമ്പോഴും കുറച്ചു നിമിഷങ്ങള്‍ ചുട്ടുപൊള്ളുന്ന റോഡില്‍ ഇരുന്ന് വിശ്രമിക്കും. വീണ്ടും യാത്ര തുടരും. മന്നരമണിയോടെ നിശ്ചിത പോയിന്റുകളില്‍ എത്തി.  ആദ്യം വിശ്രമവും ഭക്ഷണവും. തുടര്‍ന്ന് പ്രാദേശിക പ്രശ്‌നങ്ങളും ചര്‍ച്ചകളും കലാപരിപാടികളും.  ചൂട് തളംകൊട്ടിനില്‍ക്കുന്ന റോഡില്‍ കിടക്കാനായി ലഭിച്ച പ്ലാസ്റ്റ് ഷീറ്റ് വിരിച്ച് കിടക്കുമ്പോഴേക്കും എല്ലാവരും ഒരു കുടുംബമായി മാറിക്കഴിഞ്ഞിരുന്നു. ഭക്ഷണവും അസൗകര്യങ്ങളും പങ്ക് വെയ്ക്കാനും പരാതികളില്ലാതെ ആരും ഒന്നും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതെയും  ഇരുപത്തിഅയ്യാരിരത്തില്‍ അധികം വരുന്ന ഒരു ജനസമൂഹം പാലിച്ച ചിട്ടകള്‍ ഇന്ത്യന്‍ ഗ്രാമീണതയുടെ മാഹാത്മ്യവും ഏകത പരിഷത്ത് എന്ന സംഘടയുടെ പരിശീലനവും പ്രത്യേകം ശ്രദ്ധേയമായതായിരുന്നു.ഓരോ ശിബിരത്തിനും ഓരോ ട്രക്ക്. അരി, ഗോതമ്പ്‌പൊടി, ഉരുളകിഴങ്ങ,് സവാള, പരിപ്പ് എണ്ണ, ഗ്യാസ് സ്റ്റൗ, പാത്രങ്ങള്‍ തുടങ്ങി അവശ്യ ഭക്ഷ്യവസ്തുക്കളും സാമഗ്രികളും. കൂടാതെ ഒരു ടാങ്കര്‍ വെള്ളവും. 25 കിലോമീറ്റര്‍ അകലെ ഓരോ സംസ്ഥാനക്കാര്‍ക്കുമുള്ള നമ്പരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു.  പദയാത്രികര്‍ നടന്നു തുടങ്ങുന്നതിനുമുമ്പു തന്നെ ഈ വണ്ടികള്‍ ഭക്ഷണം തയ്യാറാക്കുന്നതിന് അവിടേക്ക് പുറപ്പെട്ടുകഴിഞ്ഞിരുന്നു.ഏകത പരിഷത്ത് അദ്ധ്യക്ഷന്‍ മലയാളികൂടിയായ പി വി രാജഗോപാല്‍ രാത്രി ഓരോ സംസ്ഥാനക്കാരെയും സന്ദര്‍ശിക്കുകയും അവരോട് ഭൂ പ്രശ്‌നങ്ങളും യാത്രയുടെ അനുഭവങ്ങളും  പങ്കുവെയ്ക്കുന്നത് കാണാമായിരുന്നു.  തുടര്‍ന്ന് അവരില്‍ ഒരാളായി റോഡില്‍ കിടന്നുറങ്ങുമ്പോള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വാക്കുകളില്‍ മാത്രമല്ല ജീവിതത്തിലും വ്യക്തമാക്കുന്ന ഒരു വ്യക്തിയായി മാറിയിരുന്നു.ജയ്ജഗത് 2020 ജനീവ – എന്ന ബൃഹത് രാജ്യാന്തര പരിപാടിയാണ് ഏകതാ പരിഷത്തിന്റെ അടുത്ത കര്‍മ് പദ്ധതി. ആഗോളതലത്തിലുള്ള ഭൂരഹിതര്‍ക്കും സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ട് പലായനം ചെയ്യപ്പെടുന്നവര്‍ക്കും വേണ്ടി  ലോക ശ്രദ്ധ തേടികൊണ്ട് ഒരു യാത്ര.  പി വി രാജഗോപാല്‍ നേത്യത്വം നല്‍കുന്ന ഈ യാത്ര ഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച് പതിനായിരം കിലോമീറ്റര്‍ ദൂരം, പതിനേഴു രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നു.  ഒരു വര്‍ഷം കൊണ്ട് നടക്കുന്ന ഈ യാത്രയില്‍ അധികദൂരം നടന്നും ചിലയിടങ്ങളില്‍ ബോട്ടും ബസ്സും ഉപയോഗിക്കുന്നു.  ചര്‍ച്ചകളും സംവാദങ്ങളുമായി അറിഞ്ഞും അറിയിച്ചും യാത്ര തുടരുന്നു. ഇതിനു സമാനമായി ബല്‍ജിയം, സ്വീഡന്‍, ഫ്രാന്‍സ്. കാനഡ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പദയാത്രകള്‍ പുറപ്പെടും.  അന്തര്‍ദേശീയ സമാധാന ദിനമായ സെപ്റ്റംബര്‍ 22ന് അയ്യായിരം പേര്‍ ജനീവയില്‍ എത്തും.  ഒക്‌ടോബര്‍ രണ്ട് വരെ ജനീവയില്‍ ഭൂസമരം നടക്കും.    ഇന്ത്യന്‍ സ്‌കെച്ചുകള്‍മദ്ധ്യപ്രദേശിലെ ഗ്യാളിയോര്‍ ജില്ലയിലെ ബറോവ ഗ്രാമം.  ഗ്യോളിയോറില്‍ നിന്ന്  ബറോവ ഗ്രാമത്തിലേക്ക് പോകുമ്പോള്‍ നോക്കെത്താ ദൂരം നെല്‍പ്പാടങ്ങളും ജമന്തി പൂക്കളുടെ പാടങ്ങളും ചോളം, കടുക് തുടങ്ങി ഒട്ടനവധി ക്യഷികള്‍.  കാഴ്ച്ചകള്‍ക്ക് അന്തമില്ലാതെ അത് നീണ്ടുപോകുന്നു.  മൂന്നൂറിലധികം കുടുംബങ്ങള്‍. ചൗഹാന്‍, കുസുവ തുടങ്ങിയ പിന്നോക്ക സമുദായങ്ങളില്‍ പെട്ടവര്‍. ബറോവയിലെ സ്വര്‍ണ്ണം ഞങ്ങള്‍ ഒരു കര്‍ഷകന്റെ കുടിലിലേക്ക്  ചെന്നു.  സ്വര്‍ണ്ണം ചോട്ടീബായിക്ക് എഴുപത്തഞ്ച് വയസ്സ് പ്രായം. പുല്ലുമേഞ്ഞ കുടില്‍. മേച്ചിലിനിടയിലൂടെ തന്നെ സൂര്യ കിരണങ്ങള്‍ വീടിനുള്ളില്‍ ചിതറിവീണിരിക്കുന്നു. വളരെ ആകാംക്ഷയോടെയാണ് ഞങ്ങള്‍ ആ കുടിലിന് അടുത്തേക്ക് ചെന്നത്. പുറത്തുനിന്ന് തന്നെ കാണാനായി ചിലര്‍ എത്തിയതറിഞ്ഞ് ബഹുമാനത്തോടും ആശ്ചര്യപൂര്‍വ്വവും അദ്ദേഹം പുറത്തേയ്ക്ക് ഇറങ്ങിവന്നു. ഗ്രാമീണ നിഷ്‌കളങ്കത സ്ഫുരിക്കുന്ന കണ്ണുകള്‍. അദ്ദേഹം ഞങ്ങളെ വീടിനുള്ളിലേക്ക് ക്ഷണിച്ചു.  ചാണകം മെഴുകിയ തറയില്‍ ചണചാക്ക് വിരിച്ചു തന്നു. ഈ ഗ്രാമത്തെ അറിയാന്‍ എത്തിയതാണ് ഞങ്ങളെന്നും കേരളത്തില്‍ നിന്നാണ് വരുന്നതെന്നും പറഞ്ഞു.  ബറോവ ഗ്രാമം അല്ലാതെ മറ്റൊരു പ്രദേശവും അദ്ദേഹം കണ്ടിട്ടില്ല.  സമൂദ്രം, മലനിരകള്‍, ഭൂപ്രക്യതിയുടെ മറ്റ് വ്യത്യസ്തകള്‍ ഒന്നുംതന്നെ. അദ്ദേഹത്തിന്റെ മുത്തച്ഛന്‍മാരോ മക്കളോ കൊച്ചുമക്കളോ ഈ പ്രദേശം വിട്ട് പോയിട്ടില്ല. ഇന്ത്യന്‍ ഗ്രാമങ്ങളുടെ ഒരു പ്രതിച്ഛായതന്നെ ഇവിടെ പ്രകടമായിരുന്നു. ഗ്രാമത്തെയും ഗ്രാമീണ ജീവിതത്തെയും ഏറെ ഇഷ്ടപ്പെടുന്നു.  ചോളം, സബോള, ഉരുളക്കിഴങ്ങ്, പയര്‍ തുടങ്ങി തങ്ങളുടെ ഭക്ഷണത്തിനുള്ളത് ചെറിയ ക്യഷിയിടത്തില്‍ സ്വയം ഉല്പാദിപ്പിക്കുന്നു.   പുറത്ത് വയല്‍ പണികള്‍ അപൂര്‍വ്വം ദിവസങ്ങളില്‍ ലഭിക്കും. പുരുഷന് 170 രൂപയും സ്ത്രീക്ക് 100 രൂപയുമാണ് കൂലി. പരമ്പാരാഗത രീതിയിലുള്ള എല്ലാ ക്യഷിരീതികളും അറിയാം.  കാര്‍ഷീക മേഖലയിലെ ഇവരുടെ അറിവിനെപ്പോലും സംരക്ഷിക്കപ്പെടുവാന്‍ നന്മുടെ രാജ്യത്തിന് കഴിയുന്നില്ല.  ഗ്രാമത്തിലെ അധികം പേരും റേഷന്‍ സംവിധാനത്തില്‍ എപിഎല്‍ ഘടകത്തില്‍പ്പെടുന്നു. അതിനാല്‍  റേഷന്‍ സംവിധാനത്തിലെ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.   സമ്പാദ്യമോ ഭാവിയെക്കുറിച്ചുള്ള കരുതിവെയ്ക്കലോ ഇല്ല. ഈ ആധുനിക യുഗത്തിലും ദാരിദ്രത്തിന്റെയും അറിവില്ലായ്മയുടെയും ലോകത്തുകൂടെ ജീവിക്കുവാന്‍ വിധിക്കപ്പെട്ടവര്‍.ഗ്രാമത്തിലോ സമീപ പ്രദേശത്തോ ഒരു സ്‌കൂളില്ല.  അതുകൊണ്ടുതന്നെ പൂര്‍വ്വീകന്മാര്‍ തൊട്ട് ആരും തന്നെ എഴുത്തും വായനയും ശീലിച്ചിട്ടില്ല.  22 വയസ്സുള്ള തന്റെ മകനും 18 വയസ്സുള്ള തന്റെ മകളും അവരുടെ കുഞ്ഞുങ്ങളും ഇതേ രീതിയില്‍തന്നെ ജീവിക്കുന്നു.  പൊതുവെ ഗ്രാമീണരെല്ലാം തന്നെ ഇതേ അവസ്ഥയിലാണ്.  വിദ്യാഭ്യാസത്തിനായി സ്‌കൂളുകളില്‍ പോകണം എന്ന് ഇവര്‍ക്ക് അറിയില്ല. സ്‌കൂളുകളെക്കുറിച്ച് കേട്ടറിഞ്ഞാല്‍ തന്നെ 15-20 കിലോമീറ്റര്‍ നടന്ന് വേണം പോകാന്‍.  ഇത്രദൂരം പോകുവാന്‍ അവര്‍ക്ക് കഴിയുകയുമില്ല.  ഗ്രാമീണമായ ചില ചികിത്സാ രീതികളാണ് ഇപ്പോഴും തുടരുന്നത്. ഒരു പ്രാഥമിക ചികിത്സാ കേന്ദ്രം ഇവര്‍ക്ക് ലഭ്യമല്ല. ആശുപത്രികളുടെ സേവനം ലഭിക്കണമെങ്കില്‍ 25 കിലോമാറ്ററില്‍ അധികം യാത്ര ചെയ്യണം.  പൊതുവേ രോഗങ്ങള്‍ കുറവാണെങ്കിലും അടിയന്തിര ചികിത്സകള്‍ വേണ്ടിവരുമ്പോള്‍ ഇവര്‍ നിസഹായകരായി പോകുന്നു.ജനാധിപത്യത്തെക്കുറിച്ചോ വ്യക്തിയുടെ അവകാശങ്ങളെക്കുറിച്ചോ അവര്‍ കേട്ടിട്ടുപോലുമില്ല. അഞ്ചു വര്‍ഷത്തിലോരിക്കല്‍ വാര്‍ഡ് മെമ്പര്‍ വരും സന്തേഷപൂര്‍വ്വം സംസാരിക്കും പോകും.  ഒരു ഗ്രാമീണനും തന്റെ  ആവശ്യങ്ങളോ പരാതികളോ പറയാറില്ല.  അങ്ങനെ പറയണം എന്ന് അവര്‍ക്ക് അറിയുകയുമില്ല.  സ്ഥിരമായ തൊഴിലില്ല,   ചോദ്യം ചെയ്യാനറിയില്ല. അവകാശങ്ങളെ അറിയുന്നതിനും അത് സംരക്ഷിക്കപ്പെടേണ്ടതിനായി പ്രവര്‍ത്തിക്കുന്നതിനും കഴിയുന്ന ഒരു ഗ്രാമീണ സമൂഹത്തെ കാണാന്‍ ഇനിയും അധികം കൊല്ലങ്ങള്‍ കാത്തിരിക്കേണ്ടിവരും.  സാമ്പത്തീകമായി വളരെ ദാരിദ്ര്യം അനുഭവിക്കുന്ന ഇന്ത്യന്‍ കര്‍ഷകരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഉത്തരേന്ത്യയിലെ ഒരു ഗവണ്‍മെന്റും തയ്യാറാകുന്നതുമില്ല.  ജീവിതത്തോട് ചോദ്യങ്ങളില്ല. പുതിയ പ്രതീക്ഷകളില്ല മറിച്ച് നിസംഗത മാത്രം. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് ആട്ടിയോടിക്കപ്പെടുന്നവര്‍. നാടോടികള്‍.  ഇവരും ഇന്ത്യാക്കാര്‍ ഒരു സംസ്ഥാനമില്ല, താലൂക്കില്ല, പഞ്ചായത്തില്ല, ഒരു മേല്‍വിലാസവും ഇല്ല.  എന്നാല്‍ സ്ഥിരവാസികളെക്കാള്‍ ഓരോ നാടിനെക്കുറിച്ചും അറിവുള്ളവര്‍. നാടിന്റെ കാഴ്ച്ചകള്‍ കണ്ടവര്‍. വ്യത്യസ്ത ഭക്ഷണങ്ങള്‍ രുചിച്ചവര്‍. നിരക്ഷരര്‍ എങ്കിലും വ്യത്യസ്ത ഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവര്‍ തുടങ്ങി എത്രയോ കാര്യങ്ങളില്‍ മഹത്വം ഉള്ളവര്‍.  ജാതി-മത-ഭാഷ-വര്‍ഗ്ഗ-സംസ്‌ക്കാര വ്യത്യാസമെന്യേ ജീവിക്കുവാന്‍ കഴിയുന്നവര്‍.  ഇവരെ നാം മനുഷ്യരായി കാണുന്നുണ്ടോ?രുക്‌സാനാ ബീഗംഇതാ ഒരു കുടുംബം. ഗ്യാളിയോറിലെ മേള ഗ്രൗണ്ടില്‍ തുറസായ സ്ഥലത്ത് ഭക്ഷണം പാകം ചെയ്തു കൊണ്ടിരുന്ന രുക്‌സാനബീഗത്തിനെ പരിചയപ്പെട്ടു. ഭര്‍ത്താവും മക്കളും മരുമക്കളും പേരകുട്ടികളും ഉള്‍പ്പടെ 14 പേര്‍.  കേരളത്തില്‍ നിന്നാണ് എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു നേരെ നീട്ടിയ ചായ ഗ്ലാസിനൊപ്പം പറഞ്ഞത് കേരളത്തില്‍ വെള്ളപ്പൊക്കം ഉണ്ടായി എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ പൊട്ടിക്കരഞ്ഞു എന്ന്. എല്ലാ ഭൂമിയും ഇവര്‍ക്ക് സ്വന്തം ഭൂമി തന്നെ.രുക്‌സാനബീഗത്തിന്റെ ഭര്‍ത്താവ് ഇസ്മയല്‍ ഷാ. ഇപ്പോള്‍ എകദേശം 75 വയസ്സ് പ്രായം.  തന്റെ ചെറുപ്പകാലം മാതാപിതാക്കളോടും 13 സഹോദരങ്ങള്‍ക്കും ഒപ്പം നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ സിനാഹിയില്‍ ജീവിച്ചതായി ഓര്‍മ്മയുണ്ട്.  ഉത്തര്‍പ്രദേശിലെ ഗിറി ജില്ലയില്‍പ്പെടുന്ന ഈ ഗ്രാമത്തില്‍നിന്ന് പോകേണ്ടിവന്നപ്പോള്‍ താന്‍ ഒരു നാടോടിയായി ജീവിക്കേണ്ടിവരുമെന്ന് കരുതിയില്ല.  ഈ പതിനാലു കുടുംബങ്ങളും ഇപ്പോഴും ഭൂരഹിതരായി നാടോടികളായി തന്നെ ജീവിക്കുന്നു.  ഇന്ദിരഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പിലിബട്ട് ജില്ലയില്‍ പുരാനപൂര്‍ താലൂക്കിലെ സിമിരിയ വില്ലേജില്‍ തന്റെ മാതാപിതാക്കള്‍ക്ക്  2 ഏക്കര്‍ ഭൂമി ലഭിച്ചിരുന്നു.  എന്നാല്‍ വില്ലേജ് അധികൃതര്‍ തങ്ങളെ ബലംപ്രയോഗിച്ച് ആ ഭൂമിയില്‍നിന്ന് ഇറക്കിവിട്ടു,  തുടര്‍ന്ന് നോപ്പാള്‍ അതിര്‍ത്തി ഗ്രാമമായ സിനാഹിയില്‍ കുടില്‍ വെച്ച് താമസിച്ചു.  അവിടെനിന്നും ഒഴിപ്പിക്കപ്പെട്ടു.  തുടര്‍ന്ന് ബാല്യം മുതല്‍ തന്നെ തിരിച്ചറിയല്‍ രേഖകളോ മേല്‍വിലാസമോ ഇല്ലാത്തവരായി മാറ്റപ്പെട്ടു.വനത്തില്‍ നിന്നും കുരങ്ങുകളെ പിടിച്ച് പ്രത്യേക രീതിയിലുള്ള അഭ്യസനങ്ങള്‍ പഠിപ്പിച്ച്, പ്രദര്‍ശനങ്ങള്‍ നടത്തി നാടോടികളായി ജീവിതം തുടര്‍ന്നു കൊണ്ടിരുന്നു.  മേനകഗാന്ധി കൊണ്ടുവന്ന വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ തങ്ങളുടെ ജീവിതവും വഴിമുട്ടിനിന്നു.  മറ്റൊരു ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നതുവരെ പട്ടിണിയുടെ കാലം.  തന്റെ മക്കളെ ശാരീരിക അഭ്യാസം പരിശീലിപ്പിച്ചും ചെറിയ കലാരൂപങ്ങളുടെ പ്രദര്‍ശനവും ഒക്കെയായി വീണ്ടും തങ്ങളുടെ ചെറിയ ജീവിതത്തെ കരുപ്പിടിപ്പിച്ചു.നീ ഇവിടെ എന്തിന്? എന്ന ചോദ്യം ഓരോ രാത്രികളിലും ഒരു തുണ്ടു ഭൂമിയുടെ വിലയെക്കുറിച്ച് ഓര്‍പ്പിക്കുന്ന നിമിഷങ്ങളാകുന്നു.  രാത്രി ഉറങ്ങാനായി ചെറിയ ടെന്റുകള്‍ അടിക്കുമ്പോള്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും പോലീസുകാരാല്‍ വേട്ടയാടപ്പെടുകയോ ആട്ടിഓടിക്കപ്പെടുകയോ ചെയ്യുന്നു.  നീ ഇവിടെ എന്തിനു വന്നു? പോലീസുകാരുടെ ഈ ചോദ്യം കേള്‍ക്കാത്ത ഒരു രാത്രികളും ഞങ്ങളുടെ ജീവിതത്തില്‍ ഇല്ല.  ഇപ്പോള്‍ ഒരാഴ്ച്ചയായി ഗ്വാളിയോറിലെ മേളാഗ്രൗണ്ടില്‍ കഴിയുന്നു.  ഭൂമിക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ ഇവിടെ കണ്ടു. തങ്ങളെപ്പോലെ സ്വന്തമായി ഭൂമി ഇല്ലാത്ത ആയിരക്കണക്കിന് ആളുകള്‍. ഇന്ത്യയിലെ ഗ്രാമീണരും ആദിവാസികളും ഉള്‍പ്പെടെ ഭൂരഹിതരായ ഒരു വലിയ സമൂഹത്തെ ഈ പദയാത്രയില്‍ ഞങ്ങള്‍ കണ്ടു. എല്ലാവര്‍ക്കും തലചായ്ക്കാന്‍ ഒരിടം.. അത് ഞങ്ങളെപ്പോലുള്ളവര്‍ക്കും ആവശ്യമാണ്. ഞങ്ങളുടെ അടുത്ത തലമുറയ്‌ക്കെങ്കിലും ഭൂമി ലഭിച്ചാല്‍ മതിയായിരുന്നു എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.വയനാട്ടിലെ ബോളന്‍ എന്തുകൊണ്ടാണ് കേരളത്തിലെ ആദിവാസി സമൂഹം ഭരണ വ്യവസ്ഥിതിയോടും പൊതു സമൂഹത്തോടും ചോദിക്കുന്ന ചോദ്യങ്ങള്‍ ആരും കേള്‍ക്കാത്തത്:പ്രക്യതിദത്തമായി രൂപപ്പെട്ടതും ആധുനിക സമൂഹത്തിന് അപ്രാപ്യവുമായ അവരുടെ ജീവിതചര്യയെ ജീവിത ക്രമത്തെ സംരക്ഷിക്കുവാനും നിലനിര്‍ത്താനുമുള്ള സാഹചര്യങ്ങളെ സ്യഷ്ടിക്കുവാന്‍ നമ്മുക്ക് കഴിയാത്തത് എന്ത്?മദ്ധ്യപ്രദേശിലെ ഗ്യാളിയോറില്‍ നടന്ന ഭൂസമരത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെ വയനാട്ടില്‍നിന്ന് എത്തിയതാണ് വി വി ബോളന്‍ – ആദിവാസി നേതാവ്.  ചെറുത്തുനില്പ്പിനു വേണ്ടി  മാത്രം ജീവിക്കേണ്ടിവന്ന ജീവിതാനുഭവങ്ങള്‍ വിവരിച്ചപ്പോള്‍. അച്ഛന്‍ വെളക്കന്‍, അമ്മ ചീര വീട്ടുപേര് ഏച്ചൂരിക്കുനിയില്‍ ഇത് ദൈവങ്ങളുമായുള്ള ബന്ധത്തില്‍മാത്രം ഉപയോഗിക്കുന്നു.വര്‍ഷങ്ങളായുള്ള അദ്ധ്വാനം.  വനഭൂമി ക്യഷിയോഗ്യമാക്കുക.  വയനാട്ടിലെ ചേലൂരും ഇടമലയിലും 100ഏക്കര്‍ ഭൂമി വല്യച്ഛനും അച്ഛനും ഒന്നിച്ച് ചേര്‍ന്ന് വെട്ടിതെളിച്ചെടുത്തു. നെല്ല് ചോളം മുത്താറി ഇവയൊക്കെ ക്യഷി ചെയ്തു. അധിക നാളുകള്‍ക്കുള്ളില്‍തന്നെ ഈ 100 ഏക്കര്‍ ഭൂമി നൂറ് രൂപയ്ക്കു കബളിക്കപ്പെട്ട് നഷ്ടപ്പെട്ടു.  ഇതിലൂടെ മൂന്നാം തലമുറക്കാരനായ താന്‍ ഭൂരഹിതനായി മാറി.  പതിമൂന്നാമത്തെ വയസ്സില്‍ ഭൂരഹിതനായ ബോളന്‍ തന്റെ അമ്മയേയും സഹോദരിമാരെയും കൂട്ടി വയനാട് കൂതാടി പഞ്ചായത്ത് ചീയമ്പം 73 കോളനിയിലെ  അമ്മാവന്റെ അടുത്ത് എത്തുമ്പോള്‍ താനൊരു ആദിവാസി നേതാവായി മാറുമെന്ന് ചിന്തിച്ചിരുന്നില്ല. 1960-70 കാലഘട്ടം. കാടുകള്‍ താണ്ടി അവിടെ എത്തിയപ്പോള്‍ കണ്ടത് അമ്മാവനും കൂടെയുള്ളവരും  വളര്‍ത്തിയെടുത്ത കപ്പ, വാഴ തുടങ്ങിയവ നശിപ്പിച്ച് ഫോറസ്റ്റ് ഉദ്ദ്യേഗസ്ഥര്‍ അവരെ അവിടെനിന്നും ഒഴിപ്പിക്കുവാന്‍ ശ്രമിക്കുന്ന കാഴ്ച്ചയാണ്.   തന്റെ സമൂഹം എല്ലായിടത്തുനിന്നും ആട്ടിയോടിക്കപ്പെടുകയോ, വഞ്ചിതരാകുകയോ ചെയ്യുന്ന കാഴ്ച്ച ഭൂരഹിതനായി മാറിയ ബോളനില്‍ അസ്വസ്തതയുടെ നാളുകളാണ് സ്യഷ്ടിച്ചത്.  ഈ ജീവിതാനുഭവത്തില്‍ നിന്ന് പരാജയപ്പെടാതെ ചെറുത്തുനില്ക്കണം എന്ന തീരുമാനം എടുത്തു.  അടിയോ, മരണമോ എന്തുതന്നെ നേരിടേണ്ടി വന്നാലും പ്രതികരിക്കുവാന്‍ തന്റെ യുവത്വം ഉണര്‍ന്നിരുന്നു.  നീ ആര്‍? ആദ്യം നേരിട്ട ചോദ്യത്തിനു മുമ്പില്‍ ആ ബാലന്‍ പകച്ചു നിന്നില്ല. ആദിവാസി സമൂഹം ഭയപ്പാടോടെ ജീവിച്ചിരുന്ന കാലം. തന്റെ സമൂഹത്തെ ഇതിനെതിരായി പ്രതികരിക്കുവാന്‍ ആര്‍ജ്ജവമുള്ളവരാക്കുക എന്നത് വളരെ വലിയൊരു പ്രയത്‌നമായിരുന്നു. യുവാക്കളോടും മുതിര്‍ന്നവരോടും നിരന്തരമായി സംസാരിച്ച് അവരെ സമര മുഖത്തേക്ക് എത്തിച്ച് ഫോറസ്റ്റുകാരെ എതിര്‍ത്തുകൊണ്ടിരുന്നു. തങ്ങള്‍ മാത്രമായാല്‍ ലക്ഷ്യം കൈവരിക്കുക എന്നത് പ്രയാസകരമായ അവസ്ഥയാണെന്ന് മനസ്സിലാക്കി.  കോളനിക്കു പുറത്ത് സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പോണ്ടര്‍ ഗോപാലന്‍, എ വി ശേഖരന്‍ മേസ്തിരി, ബേബിച്ചേട്ടന്‍, അയ്യപ്പന്‍, കുഞ്ഞേട്ടന്‍ തുടങ്ങിയവരെ ബന്ധപ്പെടുകണ്ടായി.  ബോളനോടൊപ്പം ഇവര്‍ സമര പരിപാടികളുടെ നേത്യത്വം ഏറ്റെടുത്ത് ഫോറസ്റ്റ്കാര്‍ക്കെതിരെ രംഗത്തിറങ്ങി. സമരം ശക്തമായി. ആദിവാസികളെ പുറത്താക്കിയാല്‍ തീകൊളുത്തി മരിക്കും എന്ന ആഹ്വാനത്തിനുമുമ്പില്‍ ഫോറസ്റ്റുകാര്‍ 21 കുടുംബങ്ങള്‍ക്കായി ഭൂമി വീതിച്ചു നല്‍കുകയുണ്ടായി. ”ഭൂമി വീതംവെച്ചു നല്‍കുന്ന രീതി ഞങ്ങള്‍ക്ക് ഇല്ല.  ഭൂമി അച്ഛന്റെ പേരിലാണെങ്കില്‍ മക്കള്‍ക്ക് വീട് വെയ്ക്കാനുള്ള അവകാശം നല്‍കുന്ന സമ്മതപത്രം നല്‍കും.  അച്ഛന്റെ മരണശേഷം ഇതിന് അവകാശം അമ്മയ്ക്കും പിന്നീട് മൂത്തമകനും അതിനുശേഷം മൂത്തമകന്റെ ഭാര്യയ്കും അങ്ങനെ പോകും ഭൂമിയുടെ അവകാശം. അടിയന്തിരാവസ്ഥ നിലനിന്നിരുന്ന കാലം, 1977-ല്‍  നടത്തിയ സമരത്തെ തുടര്‍ന്ന് റവന്യു മന്ത്രി പി എസ് ശ്രീനിവാസന്‍ കോളനി സന്ദര്‍ശിക്കുകയും നിങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ ഒരു കാപ്പിത്തോട്ടം ഉണ്ടാക്കി നല്‍കാം എന്ന് വാഗ്ദാനം ചെയ്തു. അത് അദ്ദേഹം പാലിച്ചു. ഇന്ന് 316 കുടുംബങ്ങള്‍ അതിന്റെ ഉടമകളായി വനാവകാശ നിയമത്തിന് അനുചിതമായി ജീവിക്കുന്നു. നിങ്ങള്‍ ചിന്തിക്കുന്നതു പോലെ ഞങ്ങള്‍ മടിയരല്ല:~ആദിവാസി സമൂഹത്തിലെ അധികം പേര്‍ക്കും സ്വന്തമായി ഭൂമി ഇല്ലെങ്കിലും ഞങ്ങളുടെ പഴയകാലം ദാരിദ്രമില്ലാത്തതായിരുന്നു,  ഞങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും ഞങ്ങളുടേതായ ജീവിതരീതിയിലും ഞങ്ങള്‍ സംത്യപ്തരായിരുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഇടമലയില്‍ നഞ്ചു ചെട്ടിയാര്‍  സഹോദരന്‍ ക്യഷ്ണന്‍ ചെട്ടിയാര്‍ 30ഓളം കുടുംബങ്ങളെ സ്ഥിരതാമസമാക്കി കാര്‍ഷീക പ്രവര്‍ത്തനങ്ങള്‍ക്കായി നിലനിര്‍ത്തിയിരുന്നു. വെള്ളന്‍ എന്ന ആദിവാസി മൂപ്പന്റെ മേല്‍നോട്ടത്തിലാണ് മറ്റ് കുടുംബങ്ങളെ ആക്കിയിരുന്നത്. ഓരോ ദിവസവും രണ്ട് സേര്‍ നെല്ല് നല്കിയിരുന്നു. ഒരു ദിവസം പണി ചെയ്തില്ലങ്കില്‍ ഒന്നര സേര്‍ നെല്ല് നല്കിയിരുന്നു.  ഇത് ഞങ്ങളെ സംബന്ധിച്ച്  സംത്യപ്തിയോടെ ജീവിക്കുവാന്‍ കഴിയുന്ന ഒന്നായിരുന്നു.  നെല്ല്, കാപ്പി, മുത്താറി തുടങ്ങിയ കാര്‍ഷീക പ്രവര്‍ത്തനങ്ങള്‍ പരമ്പരാഗത രീതിയില്‍തന്നെ ഞങ്ങള്‍ ചെയ്തു വന്നിരുന്നു. കക്കോടന്‍ മൂസ ഹാജി പതിനായിരകണക്കിനു വനഭൂമി വെട്ടിപ്പിച്ച് തേക്കിന്‍ തോട്ടങ്ങളാക്കുകയും ആനയെ പിടിക്കുകയും അതിനനുസ്യതമായ പ്രവര്‍ത്തനങ്ങളും ചെയ്തുവന്നിരുന്നു. ഇതു പോലെ പല ജന്മിമാരും ഉണ്ടായിരുന്നു    സര്‍ക്കാര്‍ ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കിയമ്പോള്‍ വീണ്ടും ഇത് വനഭൂമിയാക്കി മാറ്റിയെടുത്തു,ഞങ്ങള്‍ക്ക് സൗജന്യ റേഷനല്ല വേണ്ടത് തൊഴിലാണ്.ഇന്ന് തൊഴില്‍ തേടി യുവാക്കള്‍ കര്‍ണ്ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നു.  തിരിച്ചുവരാന്‍ കഴിയാതെ അവിടെതന്നെ മരണപ്പെടുകയും ചെയ്യുന്നു. അവരുടെ അവസാന കര്‍മ്മങ്ങള്‍ക്കായി ഇവിടേയ്ക്ക് കൊണ്ടുവരുവാന്‍ പോലും ഞങ്ങള്‍ക്ക് കഴിയുന്നില്ല.  പ്രാദേശീകമായി തൊഴില്‍ അവസരങ്ങള്‍ ഉണ്ടായാല്‍ ഇതുപോലുള്ള അവസ്ഥകള്‍ ഞങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയും. മലയും ചുരവും മാത്രം കണ്ട് ജീവിച്ചു വന്ന താന്‍ ഏകത പരിഷത്തിലൂടെ ഇന്ത്യ മുഴുവന്‍ കണ്ടു.  ഭൂ സമരത്തില്‍ പങ്കെടുത്ത ് ഡല്‍ഹിയില്‍ ജന്ദര്‍മന്ദിറില്‍ പ്രസംഗിച്ചു.  വിവിധ സംസ്ഥാനങ്ങളിലെ ആദിവാസി സമൂഹങ്ങളുമായി ഇടപഴകുന്നതിന് അവസരം ലഭിച്ചു. എവിടെയും ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ സമാനമാണ്.   കൂതാടി പഞ്ചായത്തില്‍ ജനപ്രതിനിധിയായി വന്നപ്പോഴാണ് ആദിവാസി സമൂഹം അനുഭവിക്കുന്ന മറ്റൊരു പ്രശ്‌നം മനസ്സിലായത്.  ഓരോ ഗോത്രഭാഷയും വ്യത്യസ്തമാണ്. ഗ്രാമസഭകളില്‍ പറയുന്നത് അധികം പേര്‍ക്കും മനസ്സിലാകുന്നില്ല.  മലയാളം ക്യത്യമായി മനസ്സിലാക്കാന്‍ പല ആദിവാസി ഗോത്രങ്ങള്‍ക്കും കഴിയുന്നില്ല.  പദ്ധതികള്‍ സുതാര്യമായി നടത്തപ്പെടാന്‍ ഇനിയും മാറ്റങ്ങള്‍ ആവശ്യമാണ്.”

You must be logged in to post a comment Login