ഭൂ ഉടമകളുടെ സമഗ്രവിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഭൂരേഖ കാർഡ് ഉടൻ നടപ്പിലാക്കും

റേഷൻ കാർഡ് മാതൃകയിൽ സംസ്ഥാനത്തെ ഭൂ ഉടമകൾക്ക് ഭൂ രേഖ കാർഡ് നൽകുന്നു. ഉടമയുടെ കൈവശുള്ള ഭൂമിയുടെ സമഗ്രവിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് റെക്കോർഡ് ഓഫ് റൈറ്റ് മാതൃകയിൽ ഭൂ രേഖ കാർഡ് നൽകുന്നത്. ഭൂമിയുടെ വില ഉൾപ്പെടെയുള്ളവ ഈ സർട്ടിഫിക്കറ്റിലുണ്ടാകും. ആധാറുമായി ഭൂമിയുടെ വിവരങ്ങൾ ബന്ധിപ്പിച്ചശേഷം സർട്ടിഫിക്കറ്റ് നൽകുന്നതോടെ ബിനാമി ഭൂമിയിടപാടുകൾ പൂർണമായും തടയാനാകും.

ഭൂ ഉടമയുടെ തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചിരുന്നു. ഇതോടെ നിലവിലുള്ള തണ്ടപ്പേര് നമ്പർ നിലനിർത്തുകയും അവകാശികൾക്ക് 12 അക്ക പ്രത്യേക യുണീക്ക് ഐഡി നൽകുകയും ചെയ്യും. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ ഭൂ ഉടമകൾക്കും റേഷൻ കാർഡ് മാതൃകയിൽ കൈവശമുള്ള ഭൂമിക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്. ഭൂ രേഖ കാർഡ് അഥവാ തണ്ടപ്പേര് അക്കൗണ്ട് എന്നറിയപ്പെടുന്ന ഈ സർട്ടിഫിക്കറ്റിൽ ഉടമയുടെ കൈവശമുള്ള ഭൂമിയെ സംബന്ധിച്ച എല്ലാ വിവരങ്ങളുമുണ്ടാകും.

ആധാർ വിവരങ്ങളും ഭൂവുടമയുടെ വിവരങ്ങളുമായി വില്ലേജ് തലത്തിൽ പരിശോധന നടത്തിയാണ് അംഗീകാരം നൽകുക. ഇതിനുശേഷം യുണീക്ക് ഐഡി ഉൾപ്പെടുന്ന ഭൂരേഖ സർട്ടിഫിക്കറ്റ് ഓൺലൈനായോ വില്ലേജ് ഓഫീസ് വഴിയോ ലഭ്യമാക്കും. ഈ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൈവശമുള്ള ഭൂമിയുടെ വിശദാംശങ്ങൾ, ഭൂമി നിലമാണോ പുരയിടമാണോ ഇപ്പോൾ ഭൂമി എന്തിന് ഉപയോഗിക്കുന്നു, വാങ്ങിയതാണോ, വില എത്ര, അതിരുകൾ തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിലുണ്ടാകും.

മാത്രമല്ല, ഭൂമിക്ക് ഒന്നിലധികം അവകാശികളുണ്ടെങ്കിൽ അതും കാർഡിൽ രേഖപ്പെടുത്തും. സർക്കാർ മുദ്രയോടെയുള്ള സർട്ടിഫിക്കറ്റായിരിക്കും ഇത്. ഇതോടൊപ്പം റെക്കോർഡ് ഓഫ് റൈറ്റിന്റെ നമ്പർ ഉൾപ്പെടെയുള്ള ബാർകോഡ് സംവിധാനവും ഇതിലുണ്ടാകും. ഇത് നൽകുന്നതോടെ ബിനാമി പേരുകളിൽ നടക്കുന്ന ഭൂമിയിടപാടുകളെല്ലാം നിലയ്ക്കും. എവിടെയെങ്കിലും ഭൂമി വാങ്ങിയാൽ ആ നിമിഷം റവന്യൂ വകുപ്പിന് അറിയാൻ കഴിയും.

You must be logged in to post a comment Login