ഭൂ പതിവ് ചട്ടം ഭേദഗതി: രാജമാണിക്യത്തെ തള്ളി റവന്യൂ മന്ത്രി; ഇടുക്കിയിലെ റിസോര്‍ട്ടുകള്‍ക്ക് ഇളവ് നല്‍കാനാവില്ല

 

തിരുവനന്തപുരം: ഭൂ പതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന കെഎഫ്‌സി എംഡി രാജമാണിക്യത്തിന്റെ ആവശ്യം തള്ളി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇടുക്കിയിലെ റിസോര്‍ട്ടുകള്‍ക്ക് ഇളവ് നല്‍കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

ഒരു ഉദ്യാഗസ്ഥന്‍ വിചാരിച്ചാല്‍ ഭൂ പതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനാവില്ല. ഇടുക്കിയിലെ റിസോര്‍ട്ടുകള്‍ക്ക് എന്‍ഒസി നിര്‍ബന്ധമാക്കിയത് ഹൈക്കോടതിയാണ്. അതിനെ മറികടക്കാന്‍ റവന്യു വകുപ്പിന് കഴിയില്ല. അതുകൊണ്ട് ഇടുക്കിയിലെ റിസോര്‍ട്ടുകള്‍ക്ക് ഇളവ് നല്‍കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

കെ.എഫ്.സി വായ്പ എടുത്തവര്‍ക്ക് ഇളവ് തേടിയാണ് രാജമാണിക്യം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും കത്തയച്ചത്. മൂന്നാറില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ പത്ത് റിസോര്‍ട്ടുകള്‍ക്ക് ഭൂപതിവു ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് പ്രവര്‍ത്തനാനുമതി നല്‍കണമെന്നായിരുന്ന ആവശ്യം.

പത്ത് റിസോര്‍ട്ടുകള്‍ക്കായി 50 കോടി രൂപ കെ.എഫ്.സി. (കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍) വായ്പ നല്‍കിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ബന്ധപ്പെട്ട മറ്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയുടെ രേഖകള്‍ പരിശോധിച്ചാണ് കോര്‍പ്പറേഷന്‍ വായ്പ നല്‍കിയത്. എന്നാല്‍ പിന്നീട് റവന്യൂ അധികൃതര്‍ ഈ പ്രോജക്ടുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിന്റെ ഫലമായി വായ്പാതിരിച്ചടവ് ഉണ്ടാകുന്നില്ല. ഇത് കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കുമെന്നതിനാല്‍ ഈ റിസോര്‍ട്ടുകള്‍ക്ക് 1964ലെ ഭൂപതിവ് ചട്ടങ്ങളിലെ സെക്ഷന്‍ 24 പ്രകാരം ചട്ടങ്ങളില്‍ ഇളവു നല്‍കി എന്‍.ഒ.സി. നല്‍കണമെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും കത്തില്‍ പറയുന്നു.

You must be logged in to post a comment Login