മഅ്ദനി നാട്ടിലെത്തി

madani.jpg.image.784.410കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി കേരളത്തിലെത്തി. രാത്രി 8.35നാണ് മദനി വന്ന ഇന്‍ഡിഗോ വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. രാത്രി 12.30ന് ജന്മനാടായ അന്‍വാര്‍ശ്ശരിയിലെത്തും. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് മഅ്ദനി  നെടുമ്പാശേരിയിലെത്തിയത്. മഅ്ദനിയെ സ്വീകരിക്കാനായി നിരവധി പ്രവര്‍ത്തകരാണ് വിമാനത്താവളത്തിലെത്തിയത്.
നേരത്തെ, നിയമ തടസമുണ്ടെന്ന വിമാനക്കമ്പനിയുടെ നിലപാടിനെ തുടര്‍ന്ന്മഅ്ദനിയുടെ യാത്ര തടസ്സപ്പെട്ടിരുന്നു.  ബംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 12.55ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് മഅ്ദനി യാത്രചെയ്യേണ്ടിയിരുന്നത്. യാത്രയ്ക്ക് സിവില്‍ വ്യോമയാനവകുപ്പിന്റെ അനുമതി വേണമെന്നും നിയമതടസ്സമുണ്ടെന്നുമുള്ള വിമാനക്കമ്പനിയുടെ നിലപാടിനെത്തുടര്‍ന്ന് യാത്ര തടസ്സപ്പെട്ടു. പൊലീസ് കാവലുള്ളതാണ് വിമാനക്കമ്പനി തടസ്സമായി ചൂണ്ടിക്കാണിച്ചത്. വിമാനത്താവളത്തിലെത്തി ബോര്‍ഡിങ് പാസ് വരെ ലഭിച്ച മഅ്ദനിക്ക് ഇതേത്തുടര്‍ന്ന് വിമാനത്തില്‍ കയറാന്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിമാനം കേരളത്തിലേക്കു പുറപ്പെട്ടത്.

അതിനിടെ, മഅ്ദനിയെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വിമാനത്താവളത്തിലെ ചില്ല് തകര്‍ന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ഒടുവില്‍ മഅ്ദനിക്ക് യാത്ര ചെയ്യാന്‍ വിമാനക്കമ്പനി ബദല്‍ മാര്‍ഗ്ഗം ഒരുക്കിയെന്നു പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അറിയിച്ചതോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം അവസാനിപ്പിച്ചത്.

മഅ്ദനിക്കൊപ്പം ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോനും കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരും മഅ്ദനിയെ അനുഗമിച്ചു.

കഴിഞ്ഞ തവണയും ഇതേ വിമാനത്തില്‍ തന്നെയാണ് മഅ്ദനി കേരളത്തിലേക്ക് വന്നതും തിരിച്ച് പോയതും. അന്നൊന്നും ഇല്ലാത്ത കാര്യമാണ് ഇക്കുറി ഇന്‍ഡിഗോ അധികൃതര്‍ പറയുന്നതെന്ന് മഅ്ദനിയുടെ കൂടെയുള്ളവര്‍ അറിയിച്ചു.

കഴിഞ്ഞ തവണ വന്നപ്പോള്‍ മഅ്ദനിയുടെ കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ തോക്ക് രജിസ്റ്റര്‍ ചെയ്തതല്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി എതിര്‍പ്പ് അറിയിച്ചിരുന്നു.എന്നാല്‍ മഅ്ദനിക്ക് യാത്ര ചെയ്യുന്നതിന് തടസമൊന്നും അറിയിച്ചിരുന്നില്ല. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ബോര്‍ഡിംഗ് പാസ് നല്‍കിയപ്പോഴും ഇല്ലാത്ത എതിര്‍പ്പാണ് അവസാന നിമിഷം വിമാനക്കമ്പനി ഉയര്‍ത്തിയതെന്നും മഅ്ദനിയുടെ കൂടെയുള്ളവര്‍ ചൂണ്ടിക്കാട്ടി. നാട്ടിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയ വ്യക്തിക്ക് യാത്രാനുമതി നിഷേധിച്ചത് ഉന്നതതലത്തിലുള്ള ഗൂഢാലോചനായാണെന്ന് പിഡിപി പ്രവര്‍ത്തകര്‍ ആരോപിച്ചു.

അര്‍ബുദബാധിതയായ അമ്മയെ സന്ദര്‍ശിക്കുന്നതിന് സുപ്രീംകോടതിയുടേയും ബംഗളൂരിലെ എന്‍ഐഎ കോടതിയുടേയും അനുമതിയോടെയാണ് മഅ്ദനി കേരളത്തിലെത്തുന്നത്. എട്ട് ദിവസം നാട്ടില്‍ തങ്ങാന്‍ മദനിക്ക് അനുമതിയുണ്ട്. ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി മഅ്ദനിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

2008 ജൂലൈയിലെ ബംഗളൂരു സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 17നാണ് മദനി അറസറ്റിലായത്. 2014ല്‍ ചികിത്സക്കായി സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരുവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മദനി കേരളത്തിലെത്തുന്നത്. അമ്മയെ കാണാന്‍ കഴിഞ്ഞവര്‍ഷവും മദനിക്ക് സുപ്രീംകോടതി ഇളവ് അനുവദിച്ചിരുന്നു.

You must be logged in to post a comment Login