മകളുടെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് തോമസ് ഐസക്

THOMAS

മകളുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ പരസ്യമാക്കിയാല്‍ പ്രതികരണക്കാര്‍ നിന്ദ്യമായ വാക്കുകള്‍ കൊണ്ട് അത് അശുഭമാക്കിയാലോ എന്ന് തോമസ് ഐസക് ആദ്യമൊന്ന് ശങ്കിച്ചു. പിന്നെ സുഹൃത്തുക്കളുടെ നിര്‍ബന്ധമായതോടെ ജീവിതത്തിലെ ആ നല്ല മുഹൂര്‍ത്തങ്ങള്‍ അദ്ദേഹം പങ്കുവച്ചു. ആപ്പിള്‍ മരച്ചോട്ടിലെ മകള്‍ സേറയുടെ വിവാഹം. അമേരിക്കയിലെ ജാസ് ക്ലബ് സന്ദര്‍ശനം. ന്യൂയാേര്‍ക്കിലെ സാല്‍മണ്‍ കറിയുടെ അനുഭവങ്ങള്‍…. അങ്ങിനെ പലതും. ആഗസ്ത് പതിനാലിനായിരുന്നു മകളുടെ വിവാഹം. രണ്ടാഴ്ച കഴിഞ്ഞാണ് മന്ത്രി ഐസക്ക് അതിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

പോസ്റ്റ് വൈകാനുള്ള കാരണവും അദ്ദേഹം തന്നെ വിശദീകരിക്കുന്നുണ്ട്. കുടുംബത്തില്‍ നടന്ന ഒരു മംഗള കര്‍മത്തെക്കുറിച്ച് പോസ്റ്റിടുമ്പോള്‍ നിന്ദ്യമായ പ്രതികരണങ്ങള്‍ നടത്താന്‍ പ്രതികരണക്കാര്‍ക്ക് അവസരം നല്‍കണമോയെന്ന ആലോചനയിലായിരുന്നു അദ്ദേഹം. എന്നാല്‍ ഒടുവില്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കായി മകളുടെ വിവാഹ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ തന്നെ തോമസ് ഐസക്ക് തീരുമാനിച്ചു.

14183671_1432428173439986_7350686379981901427_n

അമേരിക്കന്‍ യാത്രയെക്കുറിച്ച് സവിസ്തരം എഴുതി. പക്ഷേ പോയ പ്രധാനകാര്യത്തെക്കുറിച്ച് എഴുതിയത് കണ്ടില്ലല്ലോ എന്ന് പലരും പറഞ്ഞു. ശരിയാണ്. സേറയുടെ വിവാഹത്തെക്കുറിച്ച് പോസ്റ്റിട്ടില്ല. അസംബന്ധവും നിന്ദ്യവുമായ പ്രതികരണങ്ങള്‍ ആ പോസ്റ്റിനു കീഴില്‍ പതിക്കാന്‍ ഒരു പതിവ് സെറ്റ് പ്രതികരണക്കാര്‍ക്കു സന്ദര്‍ഭം നല്‍കേണ്ടന്നു കരുതി. ചിലരുടെ മനോവ്യാപാരങ്ങള്‍ വിചിത്രമാണെന്നു സമാധാനിക്കാമെങ്കിലും ഈ ചടങ്ങ് എനിക്കും കുടുംബത്തിനും പവിത്രവും മംഗളവുമാണ്. എങ്കിലും കൂടുതല്‍ അറിയാന്‍ തല്‍പ്പരരായ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കു വിവരങ്ങള്‍ തടയുന്നതു ശരിയല്ല എന്നു തോന്നുന്നു.

ആഗസ്റ്റ് 14 നായിരുന്നു വിവാഹചടങ്ങ്. പ്രകൃതി മനോഹരമായ സാഗ് ഹാര്‍ബറിലെ മാക്‌സിന്റെ കുടുംബത്തിന് നാലു പതിറ്റാണ്ടായി ചെറിയൊരും വീടും വിശാലമായ പുല്‍ത്തകിടി പിന്‍മുറ്റവുമുണ്ട്. ഇപ്പോള്‍ ആരും സ്ഥിരതാമസമില്ലെങ്കിലും ന്യുയോര്‍ക്കിലെ തിരക്കില്‍ നിന്നൊഴിഞ്ഞ് വിവാഹചടങ്ങ് ഇവിടെ വെച്ചാകാമെന്ന് തീരുമാനിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഏതാണ്ട് 75 പേര്‍. വലിയൊരു ആപ്പിള്‍ മരത്തിന്റെ ചുവടായിരുന്നു വേദി.

വധുവരന്‍മാര്‍ ഏതാണ്ട് 15 മിനിറ്റ് തങ്ങള്‍ എന്തുകൊണ്ട് അന്യോന്യം ഇഷ്ടപ്പെടുന്നു എന്നതു സംബന്ധിച്ച് 5 പോയിന്റുകള്‍ വീതം മാറിമാറി വിവരിച്ചു. പിന്നെ തങ്ങള്‍ ജീവിതത്തില്‍ പിന്തുടരാന്‍ ഉദ്ദേശിക്കുന്ന ശൈലിയേയും ആദര്‍ശങ്ങളെയും കുറിച്ചും. ഇരുവരും സാമൂഹ്യനീതിയും പാരിസ്ഥിതിക സന്തുലനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നു പ്രതിജ്ഞയെടുത്തതില്‍ വളരെ സന്തോഷം തോന്നി. സദസിലുള്ളവരും ഈ അന്യോന്യത്തില്‍ ഇടപെടുന്നുണ്ടായിരുന്നു. നര്‍മ്മം നിറഞ്ഞതും എന്നാല്‍ ആശയപ്രധാനവുമായ ഒരു ലഘുസംവാദം. തുടര്‍ന്നു മാലയിട്ടു. കേക്ക് മുറിച്ചു. ഉറ്റബന്ധുമിത്രാദികളിലും സുഹൃത്തുക്കളിലും ചിലര്‍ ആശംസകള്‍ നേര്‍ന്നതോടെ ചടങ്ങ് അവസാനിച്ചു.

ഭക്ഷണം ഇന്ത്യന്‍ രീതിയിലുള്ളതായിരുന്നു. ന്യൂയോര്‍ക്കിലെ ഒരു മലയാളി ഭക്ഷണശാലയില്‍ നിന്ന് സാലമണ്‍ മോളിയും നെയ്മീന്‍ എരിവുകറിയും ഇടിയപ്പവും ഉണ്ടായിരുന്നു. ഒരു അമ്പലത്തില്‍ നിന്ന് ഒന്നാംതരം ആന്ധ്രാ വെജിറ്റേറിയന്‍ കറികളും. രാത്രി 11 മണിയായപ്പോഴേയ്ക്കും ഡിന്നര്‍ കഴിഞ്ഞു. ഞാന്‍ അടുത്തൊരു വീട്ടിലാണ് അന്തിയുറങ്ങിയത്. പക്ഷേ ചെറുപ്പക്കാരായ അതിഥികള്‍ ചെറു ടെന്റുകളില്‍ പുല്‍ത്തകിടിയില്‍ തന്നെയായിരുന്നു ഉറക്കം. പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ ന്യൂയോര്‍ക്കിലേയ്ക്കു തിരിച്ചു. എന്നാല്‍ മറ്റുള്ളവര്‍ ബീച്ചില്‍ പകല്‍ മുഴുവന്‍ ചെലവഴിച്ചിട്ടേ പിരിഞ്ഞുള്ളൂ.

14212182_1432428693439934_4313946012933112029_n 14232532_1432429703439833_5317166156883576580_n

You must be logged in to post a comment Login