മക്കളെ കൊന്ന് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചു; യുവതിയുടെ വിചാരണക്കിടയില്‍ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

ദുബായ്: മക്കളെ കൊന്ന് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണയ്ക്ക് എത്തിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. കഴിഞ്ഞ ദിവസം കേസ് കോടതിയില്‍ പരിഗണിച്ചപ്പോളാണ് കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തിയ സംഭവങ്ങള്‍ കോടതി മുറിയില്‍ അരങ്ങേറിയത്. കോടതിയില്‍ ഹാജരാക്കിയ യുവതി നാലു വയസ്സുള്ള തന്റെ കുട്ടിയെ കണ്ടപ്പോള്‍ പൊട്ടിക്കരയുകയും വാരിപ്പുണരുകയും ചെയ്തു. താനെന്താണു ചെയ്തതെന്നും എന്താണു സംഭവിച്ചതെന്നും എന്തിനാണു മക്കളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമുള്ള യാതൊരു കാര്യവും തനിക്കറിയില്ലെന്നാണു യുവതി കോടതിയോട് പറഞ്ഞത്.

അതോടെ യുവതിയുടെ മാനസിക നില ശരിയാണോ എന്ന് പരിശോധിക്കാന്‍ കോടതി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. കൃത്യം നടത്തുമ്പോള്‍ യുവതിയുടെ മാനസിക നില ശരിയായിരുന്നോ എന്നും സംഘം പരിശോധിക്കും. കേസിന്റെ വിചാരണ ഓഗസ്റ്റ് ആറിലേക്ക് മാറ്റി വച്ചു.

2017 ഏപ്രിലില്‍ ആണ് 24 കാരിയായ ബംഗ്ലദേശി വീട്ടമ്മ രണ്ടും, നാലും വയസുള്ള സ്വന്തം മക്കളെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവ ദിവസം കുട്ടികളുടെ പിതാവായ 39കാരന്‍ താന്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തി ഭാര്യയെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തന്റെ കൈവശമുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് വീട്ടിനകത്തയേക്ക് പ്രവേശിച്ചപ്പോള്‍ മക്കളെ അബോധാവസ്ഥയിലും യുവതിയെ തൊട്ടടുത്ത് കൈയിലെ ഞരമ്പ് മുറിച്ച് ഇരിക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. അയാള്‍ ഉടന്‍ തന്നെ സഹോദരങ്ങളെ വിളിച്ചുവരുത്തി കുട്ടികളെയും ഭാര്യയെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു മൂവരും പിന്നീട് ആശുപത്രിയില്‍ സുഖംപ്രാപിച്ചു.

You must be logged in to post a comment Login