മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി

മഞ്ചിക്കണ്ടി ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി. ഹൈക്കോടതിയാണ് അനുമതി നൽകിയത്. നാല് പേരുടെയും മൃതദേഹം നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏറ്റുമുട്ടലിൽ പൊലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതിൽ അന്വേഷണം വേണമെന്നും പൊലീസുകാർ മുമ്പ് ഏതെങ്കിലും കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിൽ തൃപ്തിയില്ലെങ്കിൽ ഹർജിക്കാർക്ക് സെഷൻസ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. നേരത്തെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വിധി വരുംവരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം ഏറ്റുമുട്ടലാണ് നടന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ് വ്യാപക തെരച്ചിൽ നടത്തിവരികയായിരുന്നു. തെരച്ചിലിനൊടുവിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയതെന്നും മാവോയിസ്റ്റുകളാണ് ആദ്യം വെടി വച്ചതെന്നും സർക്കാർ അറിയിച്ചു. എകെ 47 ഉപയോഗിച്ചാണ് വെടിവച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

You must be logged in to post a comment Login