മഞ്ഞളിപ്പ് രോഗം പടരുന്നു; കമുക് കര്‍ഷകര്‍ പ്രതിസന്ധിയില്‍


ആലക്കോട്: മഞ്ഞളിപ്പ് രോഗബാധയെ തുടര്‍ന്നു കമുക് കര്‍ഷകര്‍ പ്രതിസന്ധിയില്‍. വര്‍ഷങ്ങളായി തുടരുന്ന മഞ്ഞളിപ്പ് രോഗത്തിനു ശാശ്വത പരിഹാരമില്ലാത്തതാണു കര്‍ഷകരെ പ്രതിസന്ധിയിലും ആശങ്കയിലുമാക്കിയത്. മലയോരത്തിന്റെ പ്രമുഖ കാര്‍ഷിക വിളയായിരുന്ന കമുകുകള്‍ ഇപ്പോള്‍ പേരിനു മാത്രം അവശേഷിക്കുന്ന കാഴ്ചയാണ്. കമുകുകളുടെ കേന്ദ്രങ്ങളായിരുന്ന പല പ്രദേശങ്ങളിലും ഇപ്പോള്‍ കമുകു കര്‍ഷകര്‍ പിന്നോട്ടടിക്കുന്ന അവസ്ഥയാണുള്ളത്. മലയോര മേഖലയില്‍ കമുക് മാത്രം കൃഷി ചെയ്തിരുന്ന നൂറുകണക്കിന് ഏക്കര്‍ സ്ഥലങ്ങളുണ്ടായിരുന്നു.
എന്നാല്‍ റബര്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ക്കു കമുക് കൃഷി വഴിമാറിക്കൊടുത്തിരിക്കുകയാണ്. മാത്രമല്ല, അടയ്ക്കാ വിപണിയില്‍ ഗുണമേന്മയേറിയ ഇനങ്ങള്‍ ഉല്‍പാദിപ്പിച്ചിരുന്ന സ്ഥലങ്ങളില്‍ സംരക്ഷണം പോലുമില്ലാതെ കമുകുകൃഷി പേരിനു മാത്രമായിരിക്കുന്ന അവസ്ഥയാണിപ്പോള്‍. കമുകിന്റെ ഓലകളില്‍ ഉള്‍പ്പെടെ മഞ്ഞനിറം വരികയും ക്രമേണ നശിച്ചുപോവുകയും ചെയ്യുന്ന രോഗം പിടിപെട്ടതോടെ ശാശ്വതമായ പരിഹാരമില്ലാത്തതു കാരണം നഷ്ടത്തിലേക്കു പോയതാണു കര്‍ഷകര്‍ കമുക് കൃഷിയില്‍ നിന്നു പിന്തിരിയാന്‍ കാരണം.
കമുകുകളെ കൂട്ടത്തോടെ ബാധിക്കുന്ന രോഗത്തിനു കൃത്യമായ മരുന്നുപ്രയോഗവും ഫലപ്രദമായ നിരീക്ഷണവും ലഭ്യമാക്കാന്‍ സാധിക്കാത്തതാണു കമുക് കര്‍ഷകര്‍ക്കു തിരിച്ചടിയായത്. കര്‍ഷകര്‍ക്ക് ആശ്വാസമാവേണ്ട കൃഷിവകുപ്പും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നു പറയുന്നു.
രോഗബാധയ്ക്കു പരിഹാരം തേടി അധികൃതരെ സമീപിച്ചാലും സ്വകാര്യ കമ്പനികളുടെ വിലകൂടിയ മരുന്നുകള്‍ പുറമെ നിന്നു വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണുള്ളത്. വിലയുണ്ടെങ്കിലും വിളവില്ലാത്തതു കാരണം പണിക്കൂലി പോലും ലഭിക്കുന്നില്ലെന്ന പരാതിക്കിടയിലാണു രോഗബാധയും തിരിച്ചടിയായത്.

You must be logged in to post a comment Login