മഞ്ഞുകാലത്ത് ശ്രദ്ധിക്കേണ്ട സൗന്ദര്യപ്രശ്‌നങ്ങള്‍

അണിഞ്ഞൊരുങ്ങി നടക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാലമാണിത്. മൊരിച്ചില്‍, ചുണ്ടു വരണ്ടു പോകല്‍, കാല് വിണ്ടു കീറല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇക്കാലത്തുണ്ടാകുക. ചെറിയ പൊടിക്കൈകള്‍ സ്വീകരിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നിഷ്പ്രയാസം ഒഴിവാക്കാം.
മഞ്ഞു കാലത്ത് ത്വക്കിന് എണ്ണമയം നല്‍കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയും. എണ്ണ തേച്ചു കുളിച്ചാല്‍ ഈ പ്രശ്‌നത്തിനു പരിഹാരമാകും. എള്ളെണ്ണയും കടുകെണ്ണയും ഒലിവെണ്ണയും ചര്‍മത്തിനു ചൂടും മിനുമിനുപ്പും നല്‍കും. പത്തു മിനിറ്റു കഴിഞ്ഞ് ഇളം ചൂടു വെള്ളത്തില്‍ കുളിക്കുക. തണുപ്പാണെന്ന് കരുതി ചൂടു കൂടുതലുള്ള വെള്ളത്തില്‍ കുളിക്കരുത്. അത് ചര്‍മത്തിന്റെ സ്വാഭാവികമായ എണ്ണമയം നഷ്ടപ്പെടാന്‍ ഇടയാക്കും.
മഞ്ഞുകാലത്ത് സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്. സോപ്പു തേച്ചാല്‍ ചര്‍മം കൂടുതല്‍ വരളാന്‍ സാധ്യതയുണ്ട്. പകരം പയറുപൊടിയോ കടലമാവോ ഉപയോഗിച്ചാല്‍ ചര്‍മത്തിന് കൂടുതല്‍ സ്‌നിഗ്ധത കിട്ടും. സോപ്പ് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഗിസറിന്‍ അടങ്ങിയിട്ടുള്ള സോപ്പ് ഉപയോഗിക്കാം.
മഞ്ഞുകാലം മുടിക്കും ത്വക്കിനും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാലാവസ്ഥയാണ്. മഞ്ഞുകാലത്ത് കഴിവതും ഷാമ്പു ഉപയോഗിക്കാതിരിക്കുക. ചെമ്പരത്തി താളിയോ, കുറുന്തോട്ടി താളിയോ ഉപയോഗിച്ച് മുടി കഴുകുക. മുടിയില്‍ കണ്ടീഷണര്‍ തേക്കേണ്ടത് അത്യാവശ്യമാണ്. ഇത് മുടിയുടെ വരള്‍ച്ച നിയന്ത്രിച്ച് മുടിക്ക് നല്ല മിനുസം നല്കുന്നു. തേങ്ങാപ്പാല്‍, കറ്റാര്‍വാഴ തുടങ്ങിയ പ്രകൃതദത്ത കണ്ടീഷണര്‍ ഉപയോഗിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്.ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുടിയില്‍ എണ്ണ തേച്ച് മസാജ് ചെയ്യുക. ഇതിനായി ഒലിവ് ഓയില്‍ , ബദാം ഓയില്‍ ഇവ രണ്ടും കൂടി യോജിപ്പിച്ച് ഇളം ചൂടില്‍ തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുക.തലയില്‍ ചൂടുവെള്ളം ഒഴിക്കരുത്. ഇളം ചൂടുവെള്ളത്തില്‍ തല കഴുകാം. ഇത് മുടിയിലെ ഈര്‍പ്പം സംരക്ഷിക്കും.
മുടി ഉണങ്ങാന്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കാതിരിക്കുക. ഇത് മുടിയെ കൂടുതല്‍ ഡ്രൈയാക്കി മാറ്റും. കൂടാതെ മുടി കൂടിപ്പിടിക്കാനും പൊട്ടിപ്പോകാനും ഇടയാക്കുന്നു. മുടിയില്‍ ആവി കൊള്ളിക്കുന്നത് നല്ലതാണ്.മുടി അധികം കാറ്റടിക്കാതെ യാത്രകളില്‍ ഒതുക്കി കെട്ടിവയ്ക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്.
കാലുകള്‍ വിണ്ടുകീറുന്നതും ചര്‍മം വരളുന്നതുമാണ് തണുപ്പുകാലത്ത് നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍.കാലുകള്‍ വിണ്ടുകീറുന്നത് തടയാനിതാ ചില വഴികള്‍:
കായവും കടുകെണ്ണയും ചേര്‍ന്ന മിശ്രിതം ഉറങ്ങുന്നതിന് മുമ്പ് വിണ്ടുകീറിയ ഭാഗത്ത് തേച്ച് കിടക്കുക.നന്നായി പഴുത്ത പഴം പള്‍പ്പ് രൂപത്തിലാക്കി കാലില്‍ തേക്കുന്നതും നല്ലതാണ്.ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം വിണ്ടുകീറിയ ഭാഗത്ത് 15 ദിവസം തുടര്‍ച്ചയായി പുരട്ടിയാല്‍ കാല് പൊട്ടിയത് പൂര്‍ണമായും ഒഴിവാക്കാനാകും.മഞ്ഞള്‍, തുളസി, കര്‍പ്പൂരം എന്നിവ തുല്യ അളവില്‍ എടുത്ത് ഇതില്‍ അല്‍പ്പം കറ്റാര്‍ വാഴയും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നതും നല്ലതാണ്.
ഉപ്പൂറ്റി വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം കാലിന് പാകമല്ലാത്ത ചെരുപ്പ് ധരിക്കുന്നതാണ്. കാലുകള്‍ ചെരുപ്പില്‍ കുടുങ്ങിക്കിടക്കുന്ന രീതിയില്‍ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ശരിയായ അളവിലുള്ള ചെരുപ്പ് വാങ്ങുക.തണുപ്പുകാലത്ത് വീട്ടിനുള്ളില്‍ ചെരുപ്പിടാതെ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കാലില്‍ പൊടി പിടിക്കാനും വരണ്ടുപോകാനും കാരണമാകും. കാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

You must be logged in to post a comment Login