മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും അഗ്നിയുടെ സാക്ഷ്യം

  • വീണാദേവി

 

paldon11

പാല്‍ഡന്‍ ഗ്യാറ്റ്‌സോ എന്ന ബുദ്ധ സന്യാസി ചൈനീസ് സാംസ്‌കാരിക വിപ്ലവത്തെ എതിര്‍ക്കുന്ന വിഘനവാദിയും ദേശവിരുദ്ധനും ആയി പ്രഖ്യാപിക്കപ്പെട്ട് 1959 ല്‍ ടിബറ്റിലെ ജയിലില്‍ അടയ്ക്കപ്പെടുമ്പോള്‍ വയസ്സ് ഇരുപത്തിയൊമ്പത്. ഇന്ത്യന്‍ പൗരനും തന്റെ ആത്മീയ ഗുരുവുമായ ഗ്യെന്‍ എന്ന ബുദ്ധ സന്യാസി ഇന്ത്യന്‍ ചാരന്‍ ആണെന്ന് പറയുവാന്‍ ആവശ്യപ്പെട്ട് ചൈനീസ് പട്ടാളം ഗ്യാറ്റ്‌സോയെ നിരന്തരമായി അതിക്രൂരമായി പീഡിപ്പിച്ചു. ഒപ്പം തന്നെ ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ടു, ധനിക കുടുംബത്തില്‍ ജനിച്ചു, സന്യാസിയായി സുഖജീവിതം നയിച്ചു എന്നും മറ്റുമായി നീണ്ട ഒരു കുറ്റപത്രം അദ്ദേഹത്തിനുമേല്‍ ചുമത്തപ്പെട്ടു. മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അന്‍പത്തി ഒന്‍പതാം വയസില്‍ 1992 ല്‍ പാല്‍ഡന്‍ ജയില്‍ വിമോചിതനായി. അതിസാഹസികമായി ടിബറ്റില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലേക്കു പലായനം ചെയ്തു. ദലൈലാമ ആവശ്യപ്പെട്ടതു പ്രകാരം തന്റെ അതുവരെയുളള ജീവചരിത്രം പുസ്തകമായി പ്രസിദ്ധീകരിച്ചു.

Fire under the snow എന്ന ഗ്രന്ഥം തീക്ഷ്ണവും കാലിക പ്രസക്തവുമാണ്. ലോകം മുഴുവന്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ ജീവിതം എന്താണ് ? ഇതെന്റെ നാട്, ഇത് എന്റ ജന്മദേശം എന്ന് ചൂണ്ടിക്കാണിക്കാന്‍ പോലും അവകാശമില്ലാത്തവരുടെ അവസ്ഥ എന്താണ്? അതെല്ലാം ഈ പുസ്‌കത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തിലൂടെ നമുക്ക് അറിയാന്‍ കഴിയും.
ഏതൊരു മനുഷ്യനും തന്റേതല്ലാത്തതോ തനിക്കു സ്വാംശീകരിക്കാനാവാത്തതോ ആയ ഒരാശയത്തിനുവേണ്ടി നിലനില്‍ക്കാന്‍ കഴിയില്ല. മസ്തിഷ്‌ക പ്രക്ഷാളനം ഒരുപക്ഷെ മന്ദബുദ്ധികളും അവസര വാദികളും അംഗീകരിച്ചേക്കാം. എന്നാല്‍ സ്വാഭിമാനികള്‍ ഒരിക്കലും തങ്ങളുടെ ചിന്തകളും ബുദ്ധികളും പണയം വെക്കുകയില്ല എന്ന് ഈ പുസ്തകം പ്രഖ്യാപിക്കുന്നു.
”…കിരാതവും ക്രൂരവുമായ കരുത്തുകൊണ്ട്് അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുന്നവര്‍ അനുഭവിക്കുന്ന ഏറ്റവും നിന്ദ്യമായ അപമാനം , ഇരകള്‍ അവരുടെ (മര്‍ദ്ദകരുടെ) ശക്തിയെ അംഗീകരിക്കുകയും ഭയപ്പെടുകയും ചെയ്യാത്തതാണ്. മനുഷ്യശരീരത്തിന് അളവറ്റ പീഡനങ്ങള്‍ സഹിക്കുവാനും അതില്‍നിന്നും കരകയറാനുള്ള കഴിവുണ്ട് . മുറിവുകള്‍ ഉണങ്ങും. എന്നാല്‍ ഉള്ളം പതറിയാല്‍ എല്ലാം ഛിന്നഭിന്നമാകും ഞങ്ങള്‍ ഒരിക്കലും സ്വയം പരാജിതര്‍ എന്നു ചിന്തിച്ചില്ല. ഞങ്ങള്‍ തടവറകളില്‍ നിന്നും കരുത്തു നേടി, നീതിക്കും സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണ് എന്നതില്‍ ഉറച്ചു വിശ്വാസം അര്‍പ്പിച്ചു.”

ഇത്തരത്തില്‍ അല്ലാതെ നാം സാധാരണഗതിയില്‍ വേദാന്തികള്‍ക്കു ചേര്‍ന്ന ആത്മഹര്‍ഷത്തോടെ വായിച്ചേക്കാവുന്ന ജീവിത വഴികളോ യോഗ നൈപുണ്യത്താല്‍ മഞ്ഞുരുക്കുന്ന വിസ്മയ ചാതുരിയോ ഒന്നും തന്നെ ആ ബുദ്ധ സന്യാസികളുടെ ആത്മകഥയില്‍ ഇല്ല, നേരെ മറിച്ച്, ഒരു മനുഷ്യന്‍ സാംസ്‌കാരിക വിപ്ലവത്തിന്റെയും പുരോഗതിയുടെയും പേരില്‍ ഒരു തത്വശാസ്ത്രത്തിന്റെ പേരില്‍ നിരന്തരം പീഡനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടതിന്റെ നേര്‍സാക്ഷ്യമാണ് ഇത് ടിബറ്റിന്റെ മാത്രം അവസ്ഥയല്ല. ലോകത്തെങ്ങും നടമാടുന്ന ക്രൂരതകളുടെ യുദ്ധക്കെടുതികളുടെ ചരിത്രമാണ്. കൂടാതെ. ഏതൊരു അധിനിവേശത്തിന്റെയും ന്യായീകരണം, മതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചിന്താനവീകരണത്തിന്റെയും പുകമറയ്ക്കുള്ളില്‍ സമര്‍ത്ഥമായി ഒളിപ്പിച്ചിരിക്കുന്നു. ടിബറ്റില്‍ സംഭവിക്കുന്നതും അതുതന്നെ.

paldan fire under the00

പാല്‍ഡല്‍ ഗ്യാറ്റ്‌സോ ടിബറ്റിന്റെ തലസ്ഥാനമായ ലാസയില്‍ നിന്നും കുറച്ചകലെയുള്ള ‘പാനം ‘എന്ന ഗ്രാമത്തിലുള്ള ‘ഗാദോങ്’ ബുദ്ധവിഹാരത്തില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ ചേര്‍ന്നു. അവിടെ തീവ്രമായ ധ്യാനപഠനങ്ങളില്‍ ഏര്‍പ്പെട്ടു പോന്നനാളുകളില്‍ തന്നെയാണ് ചൈന പതിയെ ടിബറ്റിലേക്ക് പ്രവേശിച്ചു തുടങ്ങിയത്. അതിര്‍ത്തിക്കു പുറത്ത് റോഡുകള്‍ പണിത് അവര്‍ മുന്നേറി. ലാസ നഗരത്തിന്റെ ചൈനീസ് ഭരണകൂടത്തിന്റെ വക്താക്കള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു. അവര്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി. ഇതുവരെ ജീവിച്ചുപോന്നതല്ല സമത്വ ജീവിതം എന്നു പഠിപ്പിക്കാന്‍ തുടങ്ങി. സ്വാഭാവികമായും ടിബറ്റന്‍ ജനതയുടെ സ്വത്വ സംസ്‌കാരം ഇതിനെ എതിര്‍ത്തു.ഋതുക്കള്‍ കൊണ്ടുമാത്രം കാലം അളന്നിരുന്ന പ്രശാന്തവും സുന്ദരവും ആയ പാനം ഗ്രാമത്തിലും ചൈനയുടെ രംഗപ്രവേശനത്തിന്റെ മാറ്റൊലികള്‍ അലയടിച്ചു.

1950 ഒക്‌ടോബറില്‍ ടിബറ്റില്‍ ഒരു ഭൂകമ്പം ഉണ്ടായി. പ്രകൃതിയോട് വളരെയേറെ ഇണങ്ങി ജീവിക്കുന്ന ടിബറ്റന്‍ ജനതയ്ക്ക് ഇതൊരു ദുഃസൂചന ആയിതോന്നി. താമസിയാതെ ആശകള്‍ക്ക് അടിവരയിട്ടുകൊണ്ട് ആ വാര്‍ത്ത ഗാദോങ് ബുദ്ധ വിഹാരത്തിലും എത്തി. ടിബറ്റ് ഉടനെ ആക്രമിക്കപ്പെടും ദലൈലാമയുടെ ജീവനും ഭീഷണിയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചൈന ടിബറ്റന്‍ അതിര്‍ത്തിയിലുള്ള ദ്രിച്ചു നദി ചൈനീസ് പട്ടാളം മുറിച്ചുകടന്നു നാമമാത്രവും ആലങ്കാരികവും ആയിരുന്നു ടിബറ്റന്‍ സൈന്യം അവരോട് ദയനീയമായി തോറ്റുകൊണ്ടിരുന്നു. ചൈനീസ് അധിനിവേശം ചെറുക്കാന്‍ ആകാതെ ദലൈലാമ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ചു. അദ്ദേഹത്തിനെ പിന്‍തുടര്‍ന്ന് എണ്ണമറ്റ ടിബറ്റന്‍ അഭയവാസികളും ഇന്ത്യയിലേക്ക് പലായനം ചെയിതു. ഈ നാളുകളില്‍ ഗ്രാമങ്ങള്‍തോറും ജനങ്ങള്‍ നിരന്തരമായി നിര്‍ബന്ധിത സ്റ്റഡി ക്ലാസ്സുകള്‍ക്കും മാനസാന്തര ചോദ്യം ചെയ്യലുകള്‍ക്കും വിധേയരാക്കപ്പെട്ടു.

നവീന കോളനിവത്ക്കരണത്തിന്റെ ഭാഗമായി ചൂഷണത്തിന്റെയും സമത്വത്തിന്റെയും പുത്തന്‍ പാഠഭേദങ്ങള്‍ അവര്‍ വേദനയോടെ പഠിച്ചു. എതിര്‍ത്ത് നിവര്‍ന്ന് നിന്നവരും നട്ടെല്ലുകള്‍ നിവരാനാകാത്തവിധം ഒടിച്ചു മടക്കി, ഇനിയും വഴങ്ങാത്തവരെ പുതിയ മാതൃദേശമായ ചൈനയ്ക്ക് അനദിമതര്‍ എന്ന് തലനാരിഴയ്ക്കുപോലും സംശയം ജനിപ്പിച്ചവര്‍ എല്ലാം തന്നെ ജയിലലടയ്ക്കപ്പെട്ടു. ദേശദ്രോഹികള്‍, വിഘ്‌നവാദികള്‍ എന്നു മുദ്രകുത്തി രാഷ്ട്രീയ തടവുകാരാക്കി. ഇവരില്‍ ഏറെപ്പേരും ബുദ്ധ സന്യാസിമാരായിരുന്നു. തംസിങ് എന്ന ഭേദ്യത്തിലൂടെ അവരുടെ സ്വജന ആളെകൊണ്ട് കൊണ്ടുതന്നെ മൃഗീയമായി കൊലപ്പെടുത്തുകയും മൃതപ്രായര്‍ ആക്കുകയും ചെയ്യുന്നതില്‍ പുതിയ ഭരണകൂടം വിദഗ്ദര്‍ ആയിരുന്നു.

മുപ്പത്തിമൂന്നു വര്‍ഷം കുപ്രസിദ്ധങ്ങളായ വിവിധ ജയിലുകളില്‍ കഠിനതടവ് അനുഭവിച്ച പാല്‍ഡന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അഭിവാഞ്ഛയെ തല്ലിക്കെടുത്താന്‍ ഭരണകൂടത്തിനു കഴിഞ്ഞില്ല. ഉടനീളം മാനസാന്തരപ്പെടാത്ത ദേശദ്രോഹിയായി തന്നെ പാല്‍ഡല്‍ കഴിഞ്ഞു. അതിക്രൂരമായ വംശീയ കൂട്ടക്കൊലയ്ക്കും അദ്ദേഹം ദൃക്‌സാക്ഷിയായി. ടിബറ്റിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം, കുറ്റസമ്മതത്തിന് പരമപ്രാധാന്യം കല്പിച്ചു. എല്ലാം സ്റ്റഡി ക്ലാസുകളും മീറ്റിങ്ങുകളും കുറ്റസമ്മതത്തിന്റെ സദ്ഗുണങ്ങള്‍ എന്തെല്ലാമെന്ന് വിളമ്പുന്നതായിരുന്നു. അതേസമയം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ചെറുത്തുനിന്നാലുള്ള ഗുരുതര ഭവിഷ്യത്തുകളും ടിബറ്റന്‍ ഈ സമൂഹം കരിങ്കല്‍ ഭിത്തിമേല്‍ മുട്ടയുടക്കുന്നതുപോലെ ഉടയുമെന്ന മുന്നറിപ്പോടെ ഓരോ തടവുകാരനെയും കുറ്റ സമ്മതത്തിന് പ്രേരിപ്പിച്ചു. ഓരോരുത്തരും കുറ്റങ്ങള്‍ സാങ്കല്പികമായി സൃഷ്ടിക്കേണ്ടിയിരുന്നു. അതുവരെ പീഢനങ്ങള്‍ തുടര്‍ന്നു.

1992 ല്‍ ജയില്‍ മോചിതനായ പാല്‍ഡന്‍ ഗ്യാറ്റ്‌സോ അതിസാഹസമായി ലാസയില്‍ നിന്നും ഒളിച്ചു കടന്ന് ഇന്ത്യയിലെത്തി. ധര്‍മ്മശാലയില്‍ വന്ന് ദലൈലാമയെ സന്ദര്‍ശിച്ചു. അതീവ വികാര നിര്‍ഭരമായിരുന്നു ആ കൂടിക്കാഴ്ച. ഗെന്‍ റിഗ്‌സിന്‍ ടെന്‍പയുടെ ശിഷ്യന്‍ ദലൈലാമ പാല്‍ഡനോട് പറഞ്ഞു. താങ്കള്‍ ഒരു ദുരന്തപര്‍വ്വം താണ്ടിയിരിക്കുന്നു. തുടര്‍ന്ന് ദലൈലാമ വിശദമായി എല്ലാം ചോദിച്ചറിഞ്ഞു. 1961 ശേഷം ആദ്യമായി പുതിയ ജോടി സന്യാസ വസ്ത്രങ്ങള്‍ പാല്‍ഡന് നല്‍കി. 1995 ല്‍ ലോക മനുഷ്യാവകാശ സംഘടനയുടെ പ്രത്യേക ക്ഷണിതാവായി പാല്‍ഡന്‍ ഇറ്റലി സന്ദര്‍ശിച്ചു. അതേവര്‍ഷം തന്നെ ജനീവയില്‍ യു. എന്നിനു മുമ്പാകെ തെളിവു നല്‍കാന്‍ ഹാജരായി. തെളിവ് കേള്‍ക്കാന്‍ എത്തിയവരില്‍ പാല്‍ഡനെപ്പോലും അതിശയിപ്പിച്ചുകൊണ്ട് ചൈനീസ് പ്രതിനിധികളും ഉണ്ടായിരുന്നു. ”എന്റെ നാമം പാല്‍ഡന്‍ ഗ്യാറ്റ്‌സോ. ഞാന്‍ പത്താമത്തെ വയസ്സില്‍ സന്യാസം സ്വീകരിച്ചു.” പാല്‍ഡന്‍ തന്റെ തെളിവുകൊടുക്കാന്‍ ആരംഭിച്ചു. മുഴുവനും ശ്രദ്ധയോടെ കേട്ടിരുന്ന ചൈനീസ് സംഘം പ്രതികരിച്ചില്ല.എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം ലണ്ടനില്‍ വച്ച് ചൈനീസ് അംബാസഡര്‍ ഒരു പ്രമുഖ ബ്രിട്ടീഷ് ദിനപത്രത്തിന് താഴെപ്പറയുന്ന രീതിയില്‍ ഒരു കത്ത് നല്‍കി.

പാല്‍ഡന്‍ ഗ്യാറ്റ്‌സോ ദേശവിരുദ്ധനായ ഒരു കൊടുംകുറ്റവാളിയാണ്. അയാള്‍ ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും മോഷണം നടത്തുകയും ചെയ്തു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ജയിലില്‍ വച്ച് അയാളെ ക്രൂരമായി മര്‍ദ്ദിച്ചു എന്നു പറയുന്നത് പച്ചക്കള്ളമാണ്. ചൈനീസ് ജയിലുകൡ മര്‍ദ്ദനം തീര്‍ത്തും നിരോധിച്ചിരിക്കുന്നു.
പാല്‍ഡന്‍ അദ്ദേഹത്തിന്റെ ജീവിത കഥ ഇങ്ങനെ അവസാനിപ്പിക്കുന്നു. അടിച്ചമര്‍ത്തുകയും ചവിട്ടിയരക്കുകയും ചെയ്യുന്നവര്‍ എക്കാലവും അങ്ങനെതന്നെയായിരിക്കും. എന്റെ അതിവിചിത്രമായ ജീവിതയാത്ര അതിന്റെ നേര്‍സാക്ഷ്യമാണ്. ടിബറ്റിന്റെ പര്‍വ്വതസാനുക്കൡും താഴ്‌വരകളിലും തീരാദുരിതം എഴുതപ്പെട്ടിരുന്നു. ഓരോ ഗ്രാമവും ബുദ്ധ വിഹാരവും പേറുന്ന ക്രൂരമായ കഥകള്‍ കൊണ്ട് ഈ ഹിമ ദേശം നിറഞ്ഞിരിക്കുന്നു. ഈ കൊടിയ വേദനയുടെ നാളുകള്‍ ടിബറ്റ് സ്വതന്ത്രമാകും വരെ തുടരും..

പിന്‍കുറിപ്പ്. ഇത് എഴുതപ്പെട്ട യാഥാര്‍ത്ഥ്യങ്ങളില്‍ ചിലത് എന്നാല്‍ എഴുതാത്തതും അറിയാതെ പോകുന്നതും മൂടിവയ്ക്കപ്പെടുന്നതും ആയ ഒട്ടനേകം യാഥാര്‍ത്ഥ്യങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. അവയിലൂടെയെല്ലാം കടന്നുപോകുന്ന മാനവരുടെ ജീവിതം, മരണം ഇതുകൊണ്ടെല്ലാം ക്ഷുദ്രവും സ്ഥാപിതവും ആയ ശക്തികള്‍ എന്തുനേട്ടമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്?
ലോകത്തിലെ വിവിധ മതങ്ങള്‍ അവ ഉരുവാക്കിയ വിഡ്ഢിത്തരമാക്കിയ ആശയങ്ങള്‍ മൂലം ഭ്രാന്തു പിടിച്ച മനുഷ്യന്‍ എന്ന ജനുസ്സ് അവനവനും ഭൂമിക്കും ദുരന്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ഒരിക്കലും അവസാനം ഇല്ലാത്തതു പോലെ.

സ്വതന്ത്രപരിഭാഷ കുറ്റസമ്മതം

ദിവസേനയുള്ള സ്റ്റഡിക്ലാസുകള്‍ ഭീതിദമായിരുന്നു. ജോലികഴിഞ്ഞ് ഞങ്ങള്‍ തടവുകാര്‍ പൊരക്കിലേക്ക് തിരിച്ചുവന്ന് രാത്രി ഭക്ഷണം കഴിക്കും. അതിനു ശേഷം ചെയര്‍മാന്‍ മാവോയുടെ ചെറിയ ചുവന്ന ഗ്രന്ഥം ടിബറ്റ് ഡെയ്‌ലിയുടെ എഡിറ്റോറിയല്‍ എന്നിവ വായിക്കും. ആഴ്ചയിലൊരിക്കല്‍ കുറ്റസമ്മതത്തിന്റെയും അതിനെ സംബന്ധിച്ചുള്ള വിശദാംശങ്ങളുമായി വിശദമായ ചര്‍ച്ചയുണ്ടാകും. ഏറെക്കാലമായി പിടിച്ചുനില്‍ക്കാന്‍ ഞാന്‍ കണ്ടുപിടിച്ച സൂത്രം ഞാന്‍ സ്വയം നീചനാണെന്നു കുറ്റപ്പെടുത്തുകയും മറ്റു തടവുകാര്‍ കുറച്ച് കൂടി ഭരണാധികാരികളെ തൃപ്തിപ്പെടുത്തേണ്ടവര്‍ ആണെന്നു പഴി ചാരുകയും ആയിരുന്നു തടവുമുറിയിലെ നേതാവ് ( ഇയാള്‍ ഭരണകൂടത്തിന്റെ പ്രതിനിധിയായ ആളാണ്) ഞങ്ങള്‍ പരസ്പരം പുറകില്‍ നിന്നു കുത്തുന്നു എന്നുറപ്പു വരുത്തിയിരുന്നു. ഞാനോര്‍ക്കുന്നു ഒരു ദിവസം ഞാന്‍ എന്റെ

വിരിപ്പിന്‍മേല്‍ ഇരുന്നുകൊണ്ട് തലപുകഞ്ഞാലോചിക്കുകയാണ്. എന്റെ ഊഴം വരുമ്പോള്‍ എന്തു കുറ്റ സമ്മതമാണ് പറയേണ്ടത്. എനിക്ക് ഒന്നും ചിന്തിച്ചെടുക്കാന്‍ കഴിഞ്ഞില്ല. എന്റെ അമാന്തം സെല്‍ നേതാവിലെ ചൊടിപ്പിച്ചു. പാല്‍ഡന്റെ വിചാരം അയാള്‍ മാനസാന്തരപ്പെട്ടു, അതുകൊണ്ട് ജയില്‍ വിമുക്തന്‍ ആക്കണമെന്നാണ്. എന്താ ശരിയല്ലേടാ?
നേതാവ് എന്നെ ചൊറിയുകയാണെന്നെനിക്കു മനസിലായി. ഒന്നും പ്രതികരിക്കാതിരിക്കുകയാണു സുരക്ഷം. എന്നാല്‍ അയാള്‍ പിന്‍മാറാനുള്ള ഭാവമില്ല. പിന്നെയും ഓരോന്നും പ്രകോപനപരമായി പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ എന്തെങ്കിലും പാര്‍ട്ടിക്ക് എതിരായി പറഞ്ഞേ അയാള്‍ സമ്മതിക്കൂ. അതുവരെ തുടരും. എന്നാല്‍ ഒന്നും ഞാന്‍ പറഞ്ഞില്ല. ഒടുക്കം അയാള്‍ ഞാന്‍ കുറ്റസമ്മതം നടത്താന്‍ നിരസിച്ചു എന്നു പറഞ്ഞ് കുറിപ്പു തയ്യാറാക്കി. പാല്‍ഡന്‍ അഹങ്കരിക്കുകയും മാനസാന്തരപ്പെടാന്‍ ഇനിയും എതിര്‍ത്തു നില്‍ക്കുന്നവനാണ്. പിറ്റേന്നു വൈകുന്നേരം വേറെ രണ്ടു സെല്‍ നേതാക്കള്‍ എന്റെ മുറിയിലേക്കു വന്നു. അവര്‍ എന്നെ തേടി വന്നതാണെന്ന് എനിക്കു മനസിലായി. മറ്റു തടവുകാര്‍ മൂകരായി. വന്നവര്‍ പ്രായം കൂടിയവന്‍ എന്റെ മുമ്പില്‍ കൈകെട്ടി നിന്ന് ഇങ്ങനെ പറഞ്ഞു.

ചില തടവുപുള്ളികളുടെ വിചാരം അവര്‍ പുതിയ സമൂഹത്തിന്റെ ഭാഗമായി മാറി എന്നാണ്.പക്ഷെ, കുറ്റം ചെയ്തവരും വിഘടനവാദികളും ആയ ഇവര്‍ ഒരു രാത്രികൊണ്ടു മാറാന്‍ പോകുന്നില്ല. പാല്‍ഡന്‍ നീ പുറം ലോകം കാണുമെന്ന് നീ കരുതുന്നുണ്ടോ? കുറ്റസമ്മതത്തിനു തയ്യാര്‍ അല്ലാത്തവര്‍ സോഷ്യലിസത്തിന്റെ ശത്രുക്കള്‍ ആണ്. പെട്ടെന്ന് അയാള്‍ ഭാവം മാറി ഉച്ചത്തില്‍ എന്നെ ചീത്ത വിളിക്കാന്‍ തുടങ്ങി ഇനി നിനക്കൊറ്റ വഴിയെയുള്ളു. അയാള്‍ അലറി തീര്‍ത്തുകള ഈ വിഘടവാദിയെ. മറ്റുള്ള പുള്ളികളും ഇതേറ്റുപിടിച്ച് ഉരുവിട്ടുകൊണ്ടിരുന്നു സെല്‍ നേതാവും ഗാര്‍ഡനും ചേര്‍ന്ന് എന്നെ തല്ലാന്‍ തുടങ്ങി. അരമണിക്കൂറോളം അവരെന്നെ തല്ലാന്‍ ചതച്ചു. അര്‍ദ്ധപ്രാണനായി ഞാന്‍ ഇഴഞ്ഞിഴഞ്ഞ് എന്റെ പായ തേടിപ്പിടിച്ച് അതില്‍ കിടന്നു. മറ്റുള്ള തടവുപുള്ളികള്‍ വേറെന്തോ തിരക്കുകളില്‍ എന്നമട്ടില്‍ അവഗണിച്ചു.

ഈ സാംസ്‌കാരിക വിപ്ലവം പത്തുവര്‍ഷത്തോളം ചെയര്‍മാന്‍ മാവോ മരിക്കുന്നതുവരെ തുടര്‍ന്നു. ഈ കാലഘട്ടത്തില്‍ ഞാന്‍ നാല്പതോളം തവണ ‘തംസിങ് ‘എന്ന ക്രൂര പീഡനത്തിന് വിധേയനാക്കപ്പെട്ടിട്ടുണ്ട്. വൈദ്യുത ബാറ്റണ്‍ വായില്‍ തിരുകി ഷോക്കടിപ്പിച്ച് പല്ലുകള്‍ ഒന്നൊന്നായി കൊഴിച്ചു കളഞ്ഞിട്ടുണ്ട്. ഒരു തടവുകാരും തംസിങ് പീഡനങ്ങൡ നിന്ന് മോചിതരല്ലായിരുന്നു. കാരണം തംസിങ് എപ്പോഴും തടവുകാരെ പരസ്പരം ഉപയോഗിച്ചുകൊണ്ടുള്ള ഒന്നായിരുന്നു. അതുകൊണ്ട് പാര്‍ട്ടി ഉത്തരവാദിത്വങ്ങൡ നിന്നും സുരക്ഷിതമായി നിലകൊണ്ടു. ഞങ്ങള്‍ അവരുടെ ചരടുവലിക്കൊത്ത് ചലിക്കുന്ന പാവകള്‍ മാത്രമായി. സൂര്യന്‍ പടിഞ്ഞാറാണ് ഉദിക്കുന്നതെന്ന് പാര്‍ട്ടിപറഞ്ഞാല്‍ പോലും ഞങ്ങള്‍ ഒരിക്കലും തര്‍ക്കിക്കാന്‍ തയ്യാറാവുകയില്ലായിരുന്നു.

You must be logged in to post a comment Login