മഠത്തില്‍വെച്ച് കടന്നുപിടിച്ചു; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ആരോപണം. മഠത്തില്‍വച്ച് ബിഷപ് തന്നെ കടന്നുപിടിച്ചെന്ന് ആരോപിച്ച് മറ്റൊരു കന്യാസ്ത്രീ രംഗത്തെത്തി. ഫ്രാങ്കോയ്ക്കെതിരായ ബലാത്സംഗ കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. സാക്ഷിമൊഴിയിലാണ് കന്യാസ്ത്രീ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വീഡിയോ കോളിലൂടെ ബിഷപ് അശ്ലീല സംഭാഷണം നടത്തിയെന്നും ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയില്‍ പറയുന്നു.

മിഷണറീസ് ഓഫ് ജീസസിലെ തന്നെ കന്യാസ്ത്രീയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. . ബിഷപ് ഫ്രാങ്കോയെ ഭയപ്പെട്ടാണ് പരാതി നല്‍കാതിരുന്നതെന്നും കന്യാസ്ത്രീ പറയുന്നു. പുതിയ ആരോപണത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. കന്യാസ്ത്രീ രേഖാമൂലം പരാതി നല്‍കാത്തതുകൊണ്ടാണ് ഇതുവരെ കേസെടുക്കാത്തത്.

2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയത്. നാലുമാസം നീണ്ട അന്വേഷണത്തിനുശേഷമാണ് ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി തിരിച്ചുവന്ന ബിഷപ്പിന് വലിയ സ്വീകരണം നല്‍കിയിരുന്നു. 2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു നല്‍കിയ മൊഴി.

You must be logged in to post a comment Login