മണിക്കെതിരെ സിപിഐഎം സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം; പാര്‍ട്ടി നടപടിക്ക് ധാരണ; അന്തിമ തീരുമാനം ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയില്‍

തിരുവനന്തപുരം: തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ മന്ത്രി എംഎം മണിക്കെതിരെ നടപടിയെടുക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റില്‍ ധാരണ. അന്തിമ തീരുമാനം ഇന്ന് നടക്കുന്ന സംസ്ഥാന സമിതി എടുക്കും.

സബ്കളക്ടര്‍ ശ്രീറാം വെങ്കട്ടരാമനെതിരെയും പൊമ്പിളൈ ഒരുമെ പ്രവര്‍ത്തകര്‍ക്കെതിരെ മണി നടത്തിയ പ്രസ്താവനയുമാണ് നടപടി എടുക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിനെ പ്രേരിപ്പിച്ചത്. പ്രസ്താവനകളില്‍ മന്ത്രി ജാഗ്രത പുലര്‍ത്തിയില്ലെന്ന് വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കി. ഉദ്യോഗസ്ഥര്‍ക്ക് എതിരെയുണ്ടായ പരാമര്‍ശം ഉള്‍പ്പെടെയുള്ള തെറ്റായ നടപടിയായിരുന്നു. മണിയുടെ വാക്കുകള്‍ മന്ത്രിയ്ക്കുചേര്‍ന്ന നിലയിലല്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഡിജിപി ടി.പി. സെന്‍കുമാറിന്റെ വിഷയം ഉള്‍പ്പെടെ സര്‍ക്കാരിനെ ബാധിച്ചിരിക്കുന്ന മറ്റു വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

വിവാദങ്ങള്‍ പാര്‍ട്ടി ചര്‍ച്ചചെയ്‌തെന്ന് മന്ത്രി മണിയും പ്രതികരിച്ചു. തീരുമാനങ്ങള്‍ പാര്‍ട്ടി സെക്രട്ടറി അറിയിക്കുമെന്നും മണി പറഞ്ഞു. ശൈലി തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തും. പ്രസംഗത്തിലെ വാക്കുകള്‍ തെറ്റിദ്ധരിച്ചതില്‍ ഖേദമുണ്ട്. പ്രസംഗം വിവാദമാക്കിയതില്‍ ഉദ്യോഗസ്ഥരെയും സംശയമുണ്ടെന്നും മണി പറഞ്ഞു.

You must be logged in to post a comment Login