മണിയെ സംശയത്തിലാക്കുന്ന ഏഴ് സാക്ഷിമൊഴികള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം. മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയ തൊടുപുഴ സെഷന്‍സ് കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. മണിയ്‌ക്കെതിരെ സാക്ഷിമൊഴികള്‍ ഉള്‍പ്പെടെ തെളിവുകളുള്ള സാഹചര്യത്തില്‍ വിചാരണ നേരിടണമെന്നാണ് കോടതി വിധിച്ചത്.

മണിക്കെതിരെ മോഹന്‍ദാസിന്റെ രഹസ്യമൊഴി കൂടാതെ ഏഴ് സാക്ഷിമൊഴികളുണ്ടെന്ന് വിധിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയിക്കാമെന്നും വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

മണിയുടെ മണക്കാട് പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കരുതെന്ന് ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി വാദിഭാഗം വാദിച്ചിരുന്നു. എന്നാല്‍ മണിയുടെ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കരുതെന്ന ഹൈക്കോടതി വിധി ബാലു വധത്തില്‍ മാത്രമാണ് ബാധകമെന്ന് കോടതി പറയുന്നു.

മണിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ബാലു വധം അന്വേഷണം ആരംഭിച്ചത്. ഇതിനെതിരെ മണി സമര്‍പ്പിച്ച ഹര്‍ജിയില്‍ മണിയുടെ പ്രസംഗത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കരുതെന്ന് കോടതി വിധിച്ചിരുന്നു.

യൂത്ത് കേണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ എം.എം. മണി നല്‍കിയ വിടുതല്‍ ഹര്‍ജി ശനിയാഴ്ചയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയത്. മന്ത്രി പ്രതിസ്ഥാനത്ത് തുടരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

You must be logged in to post a comment Login