മണ്ണറിഞ്ഞും പുഴയറിഞ്ഞും മഴയറിഞ്ഞും തിണകളിലൂടെ ഐന്തിണൈ

  • ഡോ. തോമസ് പനക്കളം

തൃക്കാക്കര ഭാരത മാതാ കോളേജ് മലയാളവിഭാഗം ഐന്തിണൈ 2019 എന്ന പേരില്‍ സംഘടിപ്പിച്ച ത്രിദിനപരിസ്ഥിതി പഠന സഹവാസ ക്യാമ്പും പഠനയാത്രയും വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍അനുഭവമായിരുന്നു. ദ്രാവിഡ സൗന്ദര്യശാസ്ത്രത്തിന്റെ പ്രാമാണികഗ്രന്ഥമായ തൊല്‍ക്കാപ്പിയം ചൂണ്ടിക്കാണിക്കുന്ന ഭൂവിഭാഗങ്ങളായ കുറിഞ്ചി, മുല്ലൈ, പാലൈ, മരുതം, നെയ്തല്‍ എന്നീ അഞ്ച് തിണകളിലൂടെയാണ് പഠനയാത്ര കടന്നുപോയത്. മഹാത്മാഗാന്ധി സര്‍വകലാശാല ബിരുദപഠനത്തിന്റെ അഞ്ചാം സെമസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പരിസ്ഥിതിപഠനവും മനുഷ്യാവകാശവും എന്ന കോഴ്‌സിന്റെ ഭാഗമായാണ് പരിസ്ഥിതിപഠന സഹവാസ ക്യാമ്പും പഠനയാത്രയും സംഘടിപ്പിക്കപ്പെട്ടത്.

ഇരുപത്തിമൂന്നോളം ലക്ഷമിപ്പോള്‍
ചെലവാക്കി നിര്‍മ്മിച്ച പാലത്തിന്‍മേല്‍
അഭിമാനപൂര്‍വ്വം ഞാനേറിനില്‍പാ-
ണടിയിലെ ശോഷിച്ച പേരാര്‍ നോക്കി
അംബപേരാറേ നീ മാറിപ്പോമോ
ആകുലാമൊരഴുക്കുചാലായ്
കുറ്റിപ്പുറംപാലം – ഇടശ്ശേരി

1954ലാണ് കുറ്റിപ്പുറം പാലം എന്ന കവിത പുറത്തുവരുന്നത് വികസനം നാട്ടില്‍ വരുന്നത് നല്ലതെങ്കിലും അത് നാടിന്റെയും നദിയുടെയും മുഖച്ഛായതന്നെ മാറ്റുമോ എന്ന ആശങ്കയാണ് അന്ന് ഇടശ്ശേരി പങ്കുവച്ചത്. അത് അത് കേവലമായ ഒരാശങ്കയായിരുന്നെങ്കില്‍ ഇന്ന് അത് യാഥാര്‍ത്ഥ്യമായി ഭവിച്ചിരിക്കുന്നു. മണല്‍ക്കുഴികളും ഒഴുകാത്ത ജലവുമുള്ള ജഡാവസ്ഥയിലേയ്ക്ക്, കവി പറഞ്ഞ അഴുക്കുചാലായ് നിള പരിണമിച്ചിരിക്കുന്നു. നിളമാത്രമല്ല, 44 നദികളുടെയും അവസ്ഥയതുതന്നെ എന്നിട്ടും ദുരയോടെ ചൂഷണം തുടരുകതന്നെചെയ്യുന്നു. പാരിസ്ഥിതിക ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം ജാഗരൂകരാവുകയും പരിസ്ഥിതി സംരക്ഷണം അനിവാര്യമെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന ഒരു ജനതയാണ് നമ്മള്‍ മലയാളികള്‍. അതുകഴിഞ്ഞാല്‍ സൗകര്യപൂര്‍വ്വം എല്ലാം മറക്കുകയും പഴയ ജീവിതശൈലിയിലേയ്ക്ക് തിരിച്ചുപോവുകയും ചെയ്യും നമ്മള്‍. അത്രയക്ക് ഉപരിപ്ലവമാണ് നമ്മുടെ പരിസ്ഥിതിബോധം. ആഴത്തിലുള്ള പരിസ്ഥിതി ബോധമോ ഈ സമസ്തചരാചരങ്ങളും പാരസ്പര്യത്തോടെ പുലരേണ്ട ഒരേ ജീവപ്രപഞ്ചത്തിലെ കണ്ണികളാണെന്ന അവബോധം നമുക്കില്ല തന്നെ അതു തന്നെയാണ് നമുക്ക് പരിസ്ഥിതിയോട് ചേരുന്ന ഒരു ജീവിതമില്ലാത്തതിനും കാരണം.

2018 ലെപ്രളയകാലം നമുക്ക് സമ്മാനിച്ച ദുരന്തങ്ങള്‍ക്കൊപ്പം ലഭിച്ച തിരിച്ചറിവുകള്‍ എല്ലാം നാം മറന്നു വെള്ളമിറങ്ങിയതോടെ വീണ്ടും നാം പഴയതുപോലെ തന്നെയായി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടൊക്കെ അന്ന് ചര്‍ച്ചചെയ്‌തെങ്കിലും പിന്നീട് വീണ്ടും 2019 ആഗസ്റ്റ് വരെ നാം അത് ഓര്‍ത്തതേയില്ല, കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടിയപ്പോള്‍, ഡാം ഒന്നും തുറന്നുവിടാതെ തന്നെ പ്രളയ സമാനസാഹചര്യം ഉണ്ടായപ്പോള്‍ വീണ്ടും ഗാഡ്ഗിലിനെ ഓര്‍ത്തു. ഇതും കുറെ കഴിയുമ്പോള്‍ മറന്നുപോകും. എന്നാല്‍ നമ്മുടെ പുതുതലമുറയെ പരിസ്ഥിതി വിവേകത്തിന്റെ പാഠം പഠിപ്പിച്ചില്ലെങ്കില്‍ ഇനി വരുന്ന തലമുറകള്‍ക്ക് ഇവിടെ വാസയോഗമല്ലാതാവും അതിനുള്ള പാരിസ്ഥിതിക വിചാരമായിരുന്നു ഐന്തിണൈ 2019.
വിദ്യാര്‍ത്ഥികള്‍ക്ക് പാരിസ്ഥിതികമായ അറിവനുഭവങ്ങള്‍ സമ്മാനിച്ചാണ് ഐന്തിണൈ 2019 സമാപിച്ചത്. തൃക്കാക്കര ഭാരത മാതാ കോളേജ് മലയാളവിഭാഗം ഐന്തിണൈ 2019 എന്ന പേരില്‍ സംഘടിപ്പിച്ച ത്രിദിനപരിസ്ഥിതി പഠന സഹവാസ ക്യാമ്പും പഠനയാത്രയും വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍അനുഭവമായിരുന്നു പരിസ്ഥിതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന വര്‍ത്തമാനകാലത്ത് മനുഷ്യന്‍ പരിസ്ഥിതിക്കുമേല്‍ നടത്തുന്ന കൈയേറ്റങ്ങള്‍ വിദ്യാര്‍ത്ഥി സംഘം അടുത്തുകണ്ടു, വിലയിരുത്തി. ദ്രാവിഡ സൗന്ദര്യശാസ്ത്രത്തിന്റെ പ്രാമാണികഗ്രന്ഥമായ തൊല്‍ക്കാപ്പിയം ചൂണ്ടിക്കാണിക്കുന്ന ഭൂവിഭാഗങ്ങളായ കുറിഞ്ചി, മുല്ലൈ, പാലൈ, മരുതം, നെയ്തല്‍ എന്നീ അഞ്ച് തിണകളിലൂടെയാണ് പഠനയാത്ര കടന്നുപോയത്. മഹാത്മാഗാന്ധി സര്‍വകലാശാല ബിരുദപഠനത്തിന്റെ അഞ്ചാം സെമസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പരിസ്ഥിതിപഠനവും മനുഷ്യാവകാശവും എന്ന കോഴ്‌സിന്റെ ഭാഗമായാണ് പരിസ്ഥിതിപഠന സഹവാസ ക്യാമ്പും പഠനയാത്രയും സംഘടിപ്പിക്കപ്പെട്ടത്.

ആലപ്പുഴ പാതിരപ്പള്ളി സര്‍വോദയപുരം സോഷ്യോ എക്കണോമിക് ഫൗണ്ടേഷന്റെ ക്യാമ്പ് സെന്ററിലാണ് ഐന്തിണൈ 2019 ആരംഭിച്ചത്.
യുവജനപരിശീലകന്‍ ജോയല്‍ വള്ളികാടന്റെ വളയാതെ വളരാം എന്ന സെഷനോടെ ക്യാമ്പ് ആരംഭിച്ചു. തുടര്‍ന്ന് പരിസ്ഥിതി പഠനത്തിന്റെ രീതിശാസ്ത്രം എന്ന വിഷയത്തില്‍ ഭാവന ടി പി ക്ലാസ്സ് നയിച്ചു. നാട്ടറിവിലെ പരിസ്ഥിതി വിചാരത്തെക്കുറിച്ച് കവിയും നാടന്‍പാട്ടുകലാകാരനുമായ പുന്നപ്ര ജ്യോതികുമാര്‍ ക്ലാസ്സ് നയിച്ചു. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. മനുഷ്യന്റെ കടന്നുകയറ്റവും പരിസ്ഥിതി ചൂഷണവും ദുരയുമാണ് കവളപ്പാറയിലും പുത്തുമലയിലുമെല്ലാം ദുരന്തങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്ന് കുരീപ്പുഴ പറഞ്ഞു. മാധവ് ഗാഡ്ഗില്‍ നമുക്ക് ഭീകരനായിരുന്നു, എത്രപെട്ടെന്നാണ് അദ്ദേഹം പറഞ്ഞതുപോലെ പരിസ്ഥിതി ദുരന്തങ്ങള്‍ നമ്മുടെ നാട്ടില്‍ സംഭവിച്ചത്. ഇനിയെങ്കിലും അനിയന്ത്രിതമായ ഇത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കണം അതിന് എല്ലാവരും മുന്നിട്ടിറങ്ങണം പുതിയ തലമുറയ്ക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് കാരണക്കാര്‍ നമ്മളാണെന്നും നമ്മുടെ ആര്‍ത്തിയും പണക്കൊതിയും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. പ്രദീപ് കൂട്ടാല മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഭാരതമാതാ കോളേജ് മലയാള വിഭാഗം മേധാവി ഡോ തോമസ് പനക്കളം അദ്ധ്യക്ഷത വഹിച്ചു. ഫാ വര്‍ഗീസ് പോള്‍ തൊട്ടിയില്‍, ഡോ ലിജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പരിസ്ഥിതിയും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ പാനല്‍ചര്‍ച്ച നടന്നു. ഡോ ദേവി കെ വര്‍മ്മ മോഡറേറ്ററായിരുന്നു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ വി ദയാല്‍,ടി മോഹനന്‍, ജയന്‍ തോമസ് തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രണ്ടാം ദിനത്തില്‍ ആലപ്പുഴ ജില്ലയിലെ പരിസ്ഥിതിദുര്‍ബലപ്രദേശങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും ക്യാമ്പ് അംഗങ്ങള്‍ സന്ദര്‍ശിച്ചു. ആലപ്പുഴ സനാതനധര്‍മ്മ കോളേജില്‍ മലയാളം വകുപ്പ് പരിസ്ഥിതി പഠനയാത്രയെ വരവേറ്റു. മലയാളം വകുപ്പ് അദ്ധ്യക്ഷന്‍ ഡോ എസ് അജയകുമാര്‍ പരിസ്ഥിതി വിചാരം മലയാള കവിതയില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി, കവി ഷിജിമോന്‍ വിദ്യര്‍ത്ഥിനികളായ അമ്പിളി, സില എന്നിവര്‍ പരിസ്ഥിതിക്കവിതകള്‍ ആലപിച്ചു.

തുടര്‍ന്ന് തോട്ടപ്പള്ളി സ്പില്‍വേ, പൊഴി, ഹാര്‍ബര്‍ എന്നിവ സന്ദര്‍ശിച്ച സംഘം അവിടുത്തെ പാരിസ്ഥിതിക പ്രതിസന്ധികള്‍ വിലയിരുത്തി. പല്ലന കുമാരകോടിയില്‍ കവി കൈലാസ് തോട്ടപ്പള്ളി കവിത ആലപിച്ചു. കുമാരനാശാന്റെ കവിതയിലെ പ്രപഞ്ചദര്‍ശനത്തെക്കുറിച്ച് കൈലാസ് തോട്ടപ്പള്ളി ക്ലാസ്സ് എടുത്തു. അമ്പലപ്പുഴ ക്ഷേത്രവും കൂഞ്ചന്‍ നമ്പ്യാരുടെ മിഴാവും കണ്ടു. കാലം കുഞ്ചന്‍ നമ്പ്യാരുടെ കൃതികളില്‍ നിന്ന് അമ്പലപ്പുഴയ്ക്ക് വരുത്തിയ മാറ്റം കുട്ടികള്‍ മനസ്സിലാക്കി, അമ്പലപ്പുഴ പായസത്തിന്റെ അമൃത് നുണഞ്ഞു.
തുടര്‍ന്ന് കരുമാടിക്കുട്ടന്‍ സ്മാരകത്തിലെത്തിയ യാത്രയെ കവി കാവാലം ബാലചന്ദ്രന്‍ അഭിസംബോധന ചെയ്തു. ബുദ്ധ ദര്‍ശനത്തിലെ പരിസ്ഥിതി ബോധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കുട്ടനാടിന്റെ പരിസ്ഥിതി പ്രശ്‌നത്തെക്കുറിച്ച് എഴുതിയ വീട് എന്ന കവിത അദ്ദേഹം അവതരിപ്പിച്ചു.
തുടര്‍ന്ന് ചങ്ങനാശേരി എസ് ബി കോളേജിലെത്തിയ സംഘത്തെ മലയാളം വകുപ്പ് സ്വീകരിച്ചു. മാലിന്യസംസ്‌ക്കരണത്തിന്റെ പാരിസ്ഥിതിക വഴികള്‍ എന്ന വിഷയത്തില്‍ പ്രൊഫ ടി ജെ മത്തായി സംസാരിച്ചു. മലയാളം വകുപ്പ് മേധാവി ഡോ പി ആന്റണി, ഡോ ജോസഫ് സ്‌കറിയ, അജീഷ് തോമസ് എന്നിവര്‍ പരിസിഥിതി പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. തുടര്‍ന്ന് ചങ്ങനാശ്ശേരി മനയ്ക്കച്ചിറ ഇടത്തില്‍ യാത്ര എത്തിച്ചേര്‍ന്നു. അക്യൂപ്രഷര്‍ ചിക്തിസ അന്ത്രയോസ് മാറാട്ടുകളം, ലല്ലു സൂസന്‍ എന്നിവര്‍ വിശദീകരിച്ചു. തുടര്‍ന്ന് സുനില്‍ കെ ആനന്ദ് എഴുതിയ പാരിസ്ഥിതിക പ്രതിസന്ധി ചര്‍ച്ചചെയ്യുന്ന കായല്‍ക്കടമ്പ നാടകം നടന്നു.

യാത്രയുടെ മൂന്നാം ദിനം സംഘം കുട്ടനാടന്‍ കായല്‍ നിലങ്ങളും വേമ്പനാട്ടുകായലും സന്ദര്‍ശിച്ചു. കായല്‍ കൈയേറ്റവും മലിനീകരണവും ജൈവ വൈവിധ്യ നാശവുമെല്ലാം വിദ്യാര്‍ഥികള്‍ മനസ്സിലാക്കി. വേമ്പനാട്ടുകയലിലെ പ്രകൃതി ദത്ത തുരുത്തായ പാതിരാമണല്‍ പ്രദേശം നേരിടുന്ന പ്രതിസന്ധികളും പാരിസിഥിതിക വെല്ലുവിളികളുമെല്ലാം പഠനത്തിന് വിഷയമായി. വിവിധ ഇടങ്ങളില്‍ റെന്‍സ് ചാക്കോ, ബിജു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ കുട്ടനാട് നേരിടുന്ന പരിസ്ഥിതി വെല്ലുവിളികളെക്കുറിച്ച് ക്ലാസ്സ് നയിച്ചു. മൂന്നാം ദിനം വൈകിട്ട് ഐന്തിണൈ സമാപിച്ചു.
തൃക്കാക്കര ഭാരതമാതാ കോളേജ് മലയാള വിഭാഗം മേധാവി ഡോ തോമസ് പനക്കളം, അദ്ധ്യാപകരായ ഡോ ലിജി ജോസഫ്, ഫാ വര്‍ഗീസ് പോള്‍ തൊട്ടിയില്‍, ജിനീഷ്‌ലാല്‍ രാജ്, റംസിയ എം എ, എന്നിവരും വിദ്യാര്‍ത്ഥി നേതാക്കളായ അനന്ദു അനില്‍ ,മരിയ എസ് പിള്ള എന്നിവരും നേതൃത്വം നല്‍കി 40 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

 

You must be logged in to post a comment Login