മണ്ണിനും പുല്ലിനും പുല്‍ച്ചാടിക്കും വേണ്ടി ..

മനുഷ്യന്റെ വിവേകരഹിതമായ പ്രവൃത്തികള്‍ മൂലം നഷ്ടപ്പെട്ടുപോയ പുല്‍മേടുകളെ പുനഃസൃഷ്ടിക്കുന്ന അസാധാരണമായ ഒരു പ്രകൃതിസ്‌നേഹദൗത്യത്തിന്റെ അനുഭവക്കുറിപ്പ്‌


ഒരു കാലത്ത് നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന പുല്‍മേടുകള്‍ നിറഞ്ഞ മലനിരകള്‍. ഈ മലനിരകള്‍ പ്രകൃതിയേയും അതിന്റെ സ്വാഭാവികമായ സന്തുലിതാവസ്ഥയേയും നിലനിര്‍ത്തുവാന്‍ ഏറെ സഹായകമായിരുന്നു. എന്നാല്‍ ഈ പ്രാധാന്യം തിരിച്ചറിയാത്ത മനുഷ്യരുടെ വികലമായ പ്രവര്‍ത്തികള്‍ പ്രകൃതിദത്തമായ പുല്‍പ്പരപ്പുകളെ നാശോന്മുഖമാക്കി. ഈ പുല്‍മേടുകളെ അതിന്റെ സ്വാഭാവികമായ പച്ചപ്പിന്റെ ആവരണമണിയിക്കാനുള്ള തീവ്രശ്രമത്തിലാണ് ഒരുകൂട്ടം പ്രകൃതി സ്‌നേഹികള്‍. കേള്‍ക്കുമ്പോള്‍ ഒരു സിനിമാക്കഥ പോലെ തോന്നുമെങ്കിലും സംഗതി സത്യമാണ്. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനുകീഴിലുള്ള പാമ്പാടും ചോല നാഷണല്‍ പാര്‍ക്കിലെ ഹെക്ടര്‍ കണക്കിന് ഭൂമിയാണ് പ്രകൃതി സ്‌നേഹികളായ ഏതാനും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും ഒരുകൂട്ടം സന്നദ്ധപ്രവര്‍ത്തകരുടെയും ഫലമായി പച്ചപ്പിലേക്ക് മടങ്ങിവരുവാനൊരുങ്ങുന്നത്. മണ്ണിനേയും പ്രകൃതിയേയും സ്‌നേഹിക്കുന്ന ഇവരുടെ കൂട്ടായ ശ്രമം പരിസ്ഥിതി – വനം സംരക്ഷണ പ്രവര്‍ത്തന ചരിത്രത്തിലെ പുതിയ ഒരു ഏടാകുകയാണ്.

DSCF9568കേരളത്തില്‍ കാണപ്പെടുന്ന വിവിധ തരം വനങ്ങളില്‍ ചോലവനങ്ങള്‍ എന്ന ഗണത്തില്‍ പെടുന്നതാണ് പാമ്പാടും ചോല ദേശീയോദ്യാനം. സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയര്‍ന്ന ( ഹൈ ലാന്റ്) പച്ചപ്പു നിറഞ്ഞ പുല്‍മേടുകളാല്‍ ആവൃതമായ കുന്നുകളും ഈ കുന്നുകള്‍ പരസ്പരം ഇടചേരുന്ന താഴ്‌വാരങ്ങളില്‍ ഇടതൂര്‍ന്ന് വളരുന്ന വന്‍മരങ്ങളും നിറഞ്ഞതാണ് ചോലവനങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നും 2300 മീറ്റര്‍ ഉയരത്തിലാണ് പാമ്പാടും ചോല സ്ഥിതി ചെയ്യുന്നത്.
ഈ ഭൂപ്രദേശം ഇതിന്റെ ചുറ്റുപാടുമുള്ള താഴ്ന്ന പ്രദേശങ്ങളായ വട്ടവട, കോവിലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിടങ്ങളെ ജല സമൃദ്ധമാക്കുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഇതിന് കാരണം ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴയിലൂടെ ലഭിക്കുന്ന ജലം പൂല്‍പ്പരപ്പുകള്‍ തടഞ്ഞുനിര്‍ത്തി മണ്ണിലേക്ക് കടത്തി വിടുന്നതായിരുന്നു. ഇങ്ങനെ മഴയിലൂടെ ലഭിക്കുന്ന ജലത്തിന്റെ ഏറിയ പങ്കും ഈ ഉയര്‍ന്ന പ്രദേശത്തിന്റെ മണ്ണിലാഴ്ന്ന് താഴ്‌വാരങ്ങളെ ജലസമൃദ്ധമാക്കുന്നു. എന്നാല്‍ പുല്‍മേടുകളുടെ ഈ നിശബ്ദത സേവനം മനസ്സിലാക്കാത്ത മനുഷ്യര്‍ അവന്റെ വികലമായ പ്രവര്‍ത്തികൡലൂടെ ഇവിടുത്തെ സ്വാഭാവികമായ പ്രകൃതിയെ നാശത്തിലേക്ക് തള്ളിവിട്ടു.

1970 -കളുടെ തുടക്കത്തില്‍ സര്‍ക്കാര്‍ ഈ പുല്‍മേടുകളില്‍ പ്ലാന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പുല്‍മേടുകള്‍ ഉപയോഗശൂന്യമാണ് എന്ന ധാരണയാണ് ഇതിന്റെ പ്രധാന കാരണം. യൂക്കാലിപ്‌സ്, വാറ്റില്‍ തുടങ്ങിയ വിദേശ ജനുസ്സില്‍പെട്ട മരങ്ങളായിരുന്നു ഇവിടെ നട്ടുപിടിപ്പിക്കപ്പെട്ടത്. വളര്‍ന്നു വരുന്ന യുക്കാലിപ്‌സ് മരങ്ങള്‍ പേപ്പര്‍ പള്‍പ്പുണ്ടാക്കുന്നതിനും വാറ്റില്‍ മരങ്ങളില്‍ നിന്നും ലഭിക്കുന്ന കറ സംസ്‌കരിച്ച് തുകല്‍ സംസ്‌കരണത്തിനാവശ്യമായ രാസവസ്തു നിര്‍മ്മാണത്തിനും ഉപയോഗിക്കാം എന്നതുമായിരുന്നു ലക്ഷ്യം. എന്നാല്‍ സ്വദേശീയമായ പേപ്പര്‍ നിര്‍മ്മാണം കുറഞ്ഞതും തുകല്‍ സംസ്‌കരിക്കുവാന്‍ നൂതന മാര്‍ഗ്ഗങ്ങള്‍ വന്നതും മൂലം ഈ മരങ്ങളുടെ ആവശ്യകത കുറയുകയും ഈ പ്രദേശത്ത് ഇവ തിങ്ങിവളരുകയും ചെയ്തു. ഇതോടെ ഇവിടുത്തെ പ്രകൃതി മാറി തുടങ്ങി. പച്ചപുല്ലുകള്‍ സമൃദ്ധമായി വളര്‍ന്നിരുന്ന ഈ ഭൂമിയില്‍ വിദേശ ജനുസില്‍പ്പെട്ട വൃക്ഷങ്ങളുടെ ഇലകള്‍ ഉണങ്ങി വീണ് ആവരണം തീര്‍ത്തു. കാരണം ആ ഇലകള്‍ ഇവിടുത്തെ സ്വാഭാവികമായ മണ്ണില്‍ അഴുകി ചേരുവാന്‍ ബുദ്ധിമുട്ടാണ്. ഇതോടെ ഇവിടുത്തെ പുല്‍പ്പരപ്പുകള്‍ നശിച്ചുതുടങ്ങി. മാത്രമല്ല വാറ്റിന്‍ പോലെയുള്ള മരങ്ങള്‍ തിങ്ങി വളരുന്നിടത്ത് അടിത്തട്ടിലേക്ക് വിരളമായേ സൂര്യപ്രകാശം ലഭിക്കുകയുള്ളൂ. ഈ കാര്യങ്ങള്‍ ഒക്കെക്കൊണ്ട് അടിക്കാടുകളിലെ പുല്‍മേടുകള്‍ ക്രമേണ പാടേ നശിച്ചു. ഒടുവില്‍ തീയുടെ ,സംഹാരം കഴിഞ്ഞപ്പോള്‍ ഇവിടെ അവശേഷിച്ചത് പച്ചപ്പ് നഷ്ടപ്പെട്ട കുന്നുകള്‍ മാത്രം. സാധാരണ ഗതിയില്‍ തീയുടെ ആക്രമണം ഉണ്ടായ വനപ്രദേശങ്ങളില്‍ അടുത്ത മഴക്കാലത്ത് പുല്ലുകള്‍ സമൃദ്ധമായി വളരേണ്ടതാണ്. പക്ഷേ ഈ പ്രദേശങ്ങളില്‍ മഴക്കുശേഷം തല ഉയര്‍ത്തിയത് വിരളമായ പുല്‍നാമ്പുകള്‍ മാത്രം. എന്നാല്‍ തീയില്‍ നശിക്കാത്തതും ഏറെക്കാലും മണ്ണില്‍ സുരക്ഷിതമായി കിടക്കുന്നതുമായ വാറ്റിലിന്റെ വിത്ത് സമൃദ്ധമായി ഈ സ്ഥലങ്ങളില്‍ വളര്‍ന്നു പൊങ്ങുന്നു. ഈ തൈകള്‍ ഒക്കെ വളര്‍ന്നു വലുതായാല്‍ ഇവിടെ അവശേഷിക്കുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ കൂടി നഷ്ടമാകും. ഈ പരിസ്ഥിതി മാറ്റത്തിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടിവരുന്നത് താഴ്‌വാരങ്ങളിലെ കൃഷിഭൂമികളാണ്. ജലസമൃദ്ധമായ ഇവിടം വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കാട്ടിതുടങ്ങി. ഈ ഒരു ദുരവസ്ഥ മാറ്റിയെടുത്ത് ഈ പ്രദേശങ്ങളെ പച്ചപ്പിന്റെ സമൃദ്ധിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. പ്രസാദിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രവര്‍ത്തകരും നടത്തിവരുന്നത്. വിവിധ സ്‌കൂളുകളിലേയും കോളേജുകളിലേയും നേച്ചര്‍ ക്ലബുകളും ഇക്കോ ക്ലബുകളും മറ്റ് പ്രകൃതി സംരക്ഷണ സംഘടനകളിലെ അംഗങ്ങളും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.

DSCF9571പാമ്പാടും ചോല ഫോറസ്റ്റ് ക്യാമ്പില്‍ നിന്നും നാലഞ്ചുകിലോമീറ്റര്‍ ദൂരെയായി 39 ഹെക്ടര്‍ വിസ്തൃതിയില്‍ കിടക്കുന്നു പട്ടിയാങ്കല്‍ മല. പട്ടിയാങ്കല്‍ മലയുടെ വിദൂര ദൃശ്യത്തില്‍ കാണുക തീയുടെ ആക്രമണത്തിന്റെ ബാക്കിയായി തലങ്ങും വിലങ്ങും ചിതറി കിടക്കുന്ന മരക്കഷണങ്ങളും അവിടവിടെയായി തലപൊക്കി നില്‍ക്കുന്ന പച്ചപ്പുകളുമാണ്. ഇതിന്റെ നിറുകയിലേക്ക് കയറിയാല്‍ നിറയെ വളര്‍ന്നു നില്‍ക്കുന്ന വാറ്റില്‍ തൈകള്‍ കാണാം. സ്വാഭാവികമായ പുല്‍നാമ്പുകള്‍ തല ഉയര്‍ത്താന്‍ മടിക്കുന്ന ഇവിടെ വാറ്റില്‍ തൈകള്‍ സമൃദ്ധമായി വളരുന്നു. മാത്രമല്ല വളര്‍ന്നു വരാന്‍ ശ്രമിക്കുന്ന പുല്‍നാമ്പുകളുടെ അന്തകനായും ഈ വാറ്റില്‍ തൈകള്‍ മാറുന്നു. അതുകൊണ്ടുതന്നെ ആദ്യമായി ചെയ്യുന്നത് ഈ തൈകള്‍ ഒക്കെ വേരോടെ പിഴുതുകളയുക എന്നതാണ്. വനം വകുപ്പ് ആയുധങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ചെറിയ വാറ്റില്‍ തൈകള്‍ കൈകൊണ്ട് തന്നെ പിഴുതുകളയേണ്ടിവരും. ആദ്യം ഇത് വളരെ എളുപ്പമായി തോന്നുമെങ്കിലും ശ്രമകരമാണ്. കാരണം വാറ്റിലിന്റെ വേരുകള്‍ക്ക് അല്പം കടുപ്പം കൂടുതലാണ്. വേരോടെ പിഴുതുകളഞ്ഞില്ലെങ്കില്‍ അടുത്ത മഴയില്‍ ഈ വേരുകളില്‍ നിന്നും തൈകള്‍ വീണ്ടും പൊട്ടിമുളച്ചേക്കാം. തൈകള്‍ പിഴുതുശേഷം അടുത്തഘട്ടം തടിക്കഷണങ്ങള്‍ കൊണ്ട് ‘കൊണ്ടൂര്‍ ബണ്ട് ‘തീര്‍ക്കുക എന്നതാണ്. തീയുടെ ആക്രമണത്തിനു ശേഷം ബാക്കിയായ മരങ്ങളുടെ തായ്തടികള്‍ അവിടെ ചിതറി കിടക്കുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് ഇവ മുറിച്ച് കഷണങ്ങളാക്കിയിട്ടുണ്ട്. ഈ കഷണങ്ങള്‍ ഉയര്‍ത്തിയെടുത്ത് കുന്നിന്‍ ചെരുവുകള്‍ക്ക് കുറുകെ പാകി ഉറപ്പിച്ചാണ് കൊണ്ടൂര്‍ ബണ്ട് രൂപപ്പെടുത്തുന്നത് . ഇങ്ങനെ ചെയ്തില്ലായെങ്കില്‍ കുന്നിന്‍ ചെരുവുകൡലെ വളക്കൂറുള്ള മേല്‍മണ്ണ് മഴയില്‍ ഒഴുകിപ്പോകും. ബണ്ടുകള്‍ ഇത്തരത്തിലുള്ള മണ്ണൊലിപ്പ് തടയുകയും ഇങ്ങനെ ബണ്ടിന്‍ തടഞ്ഞുനില്‍ക്കുന്ന മണ്ണ് ഉറച്ച് സ്വാഭാവികമായ തിട്ടകള്‍ ക്രമേണ ഉടലെടുക്കുകയും ഈ തിട്ടകളില്‍ പുല്‍നാമ്പുകള്‍ സമൃദ്ധമായി വളരുകയും ചെയ്യുന്നു. വാറ്റില്‍ തൈകള്‍ പിഴുതു കളഞ്ഞ സ്ഥലങ്ങളില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും പിഴുതെടുത്ത പുല്ലുകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും. അടുത്ത മഴക്കാലത്ത് ഈ പുല്‍മേടുകള്‍ സ്വാഭാവികമായി വളര്‍ന്ന് പടര്‍ന്നു തുടങ്ങും. ക്രമേണ ഇത് വിശാലമായ പുല്‍ത്തകിടിയായി രൂപപ്പെടുകയും ചെയ്യും. ഇതിനിടയില്‍ പ്രകൃതിതന്നെ ഈ പുല്‍പ്പരപ്പുകള്‍ വികസിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നുണ്ട്. കാരണം അവിടവിടെയായി വളര്‍ന്നു നില്‍ക്കുന്ന പുല്‍നാമ്പുകള്‍ കാട്ടുപോത്തുപോലെയുള്ള മൃഗങ്ങള്‍ ഭക്ഷിക്കും . ഇവ വിസര്‍ജ്ജിക്കുന്നതിലൂടെ ഈ പുല്ലിന്റെ വിത്തുകള്‍ മണ്ണിലേക്ക് വീഴുകയും മഴയത്ത് ഇത് ഒഴുകി പരന്ന് വിശാലമായ പുല്‍ത്തകിടികള്‍ രൂപപ്പെടുകയും ചെയ്യും.

DSCF9567ഇക്കഴിഞ്ഞ ഡിസംബര്‍ 26, 27, 28 തീയതികളില്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാലയത്തിലെ 24 കുട്ടികളും അധ്യാപകരും അടങ്ങിയ സംഘമാണ് പട്ടിയാങ്കല്‍ മലയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 26-ാം തീയതി ഉച്ചയോടെ ഇവര്‍ ഫോറസ്റ്റ് ക്യാംപില്‍ എത്തിച്ചേര്‍ന്നു. ഉച്ചകഴിയുമ്പോള്‍ തന്നെ ഇവിടെ തണുപ്പ് ശക്തിയാര്‍ജ്ജിക്കും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനായി കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രവര്‍ത്തകരായ അജയും ഈ ലേഖകനും അന്ന് വൈകുന്നേരത്തോട് അവിടെ എത്തിച്ചേര്‍ന്നു. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സിബി ഈ സംഘാംഗങ്ങള്‍ക്ക് വനങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. കടുത്ത തണുപ്പ് വകവയ്ക്കാതെ കുട്ടികള്‍ ഇത് ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു. അതിനുശേഷം അജയ് നാളെ ചെയ്യുവാനുള്ള പ്രവര്‍ത്തികളെക്കുറിച്ച് വിശദമാക്കി. കേരളത്തിലെ വനങ്ങളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി പ്രദര്‍ശനമായിരുന്നു പിന്നീട്. ക്യാമ്പിലെ നേച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വനംവകുപ്പ് ഒരുക്കിയിരുന്നു.

pothuഡോക്യുമെന്ററി പ്രദര്‍ശനം കഴിഞ്ഞപ്പോഴേക്കും ഭക്ഷണം ശേഷം ഉറങ്ങുവാനുള്ള ശ്രമം തുടങ്ങി. ഡോര്‍മിറ്ററി സൗകര്യമാണ് ഇവിടെ തയ്യാറാക്കിയിരുന്നത്. സെല്‍ഫോണിന് ചില സമയങ്ങളില്‍ ഇവിടെ സിഗ്നല്‍ ലഭിക്കും. കുട്ടികളുടെ കൂടെ ഉണ്ടായിരുന്ന അധ്യാപകരുടെ സെല്‍ഫോണുകള്‍ ഈ സമയം ശബ്ദിക്കും. കുട്ടികളുടെ വിവരങ്ങള്‍ അറിയുവാനായി വിളിക്കുന്ന രക്ഷിതാക്കളാണ്. പക്ഷേ സിഗ്നല്‍ നഷ്ടമാകുന്നതോടെ പല കോളുകളും പാതി വഴിയില്‍ നിലയ്ക്കും. ജനറേറ്റര്‍ ഓഫ് ചെയ്യുന്നതോടെ ക്യാമ്പിനു ചുറ്റും ഇരുള്‍ പരക്കും. നേച്ചര്‍ എഡ്യൂക്കേഷനു സമീപമുള്ള ഒരു സൗരോര്‍ജ്ജ വിളക്കുമാത്രം പ്രകാശം പൊഴിച്ചുനില്‍ക്കും. അതിന്റെ നേര്‍ത്ത വെളിച്ചത്തില്‍ അപൂര്‍വ്വമായ ഒരു കാഴ്ച ഞങ്ങള്‍ക്ക് കാണുവാന്‍ കഴിഞ്ഞു. മൂടല്‍മഞ്ഞ് പൊഴിഞ്ഞ വെളിച്ചത്തില്‍ ക്യാമ്പിനു ചുറ്റുമുള്ള പുല്‍പ്പരപ്പുകളില്‍ മേയാനിറങ്ങിയ കാട്ടുപോത്തുകളുടെ കൂട്ടമായിരുന്നു ഈ കാഴ്ച. മഞ്ഞുകണങ്ങള്‍ പറ്റിപിടിച്ച ജാലക ചില്ലയിലൂടെ ശ്വാസം അടക്കിപിടിച്ച് നിന്ന് ഈ കാഴ്ച ഞങ്ങള്‍ ആസ്വദിച്ചു. അടുത്ത ദിവസം പുലര്‍ച്ചെ തന്നെ കടുത്ത തണുപ്പ് വകവയ്ക്കാതെ ഞങ്ങള്‍ ഒരുക്കം തുടങ്ങി. പക്ഷേ പാതിവഴിയില്‍ ഒരുക്കം മുടങ്ങി ബാത്‌റൂമിലെ ജലപ്രവാഹം നിലച്ചതായിരുന്നു കാരണം. തലേദിവസം അതിഥികളായി എത്തിയ കാട്ടുപോത്തുകള്‍ പൈപ്പ്‌ലൈന്‍ ചവിട്ടിമുറിച്ചിരുന്നു. ഒടുവില്‍ ക്യാമ്പിലെ ജീവനക്കാരില്‍ ഒരാള്‍ ഇത് ശരിയാക്കി. പ്രഭാതത്തിനുശേഷം അല്പം അകലെയുള്ള പട്ടിയാങ്കല്‍ മലയിലേക്ക് യാത്രയായി. മലയുടെ താഴ്‌വാരത്തില്‍ വാഹനം നിറുത്തിയ ശേഷം നിരനിരയായി നില്‍ക്കുന്ന യൂക്കാലിപിസ് മരങ്ങളുടെ ഇടയിലൂടെ ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തേക്ക് നടന്നു. ഉച്ചവരെ കുട്ടികളും ഒപ്പം ഞങ്ങളും കൈമെയ്യ് മറന്ന് ഇവിടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഉച്ചയോടെ പ്രവര്‍ത്തികള്‍ അവസാനിക്കുമ്പോഴും കുട്ടികള്‍ ഉത്സാഹഭരിതരായിരുന്നു. തിരികെ ക്യാമ്പിലേക്ക് മടങ്ങി ഉച്ചഭക്ഷണം കഴിച്ചു. അതിനുശേഷം വനത്തിലൂടെ ഒരു ട്രക്കിങ്ങ് കൂടെ കഴിഞ്ഞതോടെ ആ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു. രാത്രി ഭക്ഷണത്തിനു മുമ്പായി പ്രകൃതിയെ കുറിച്ച് വിശദമാക്കുന്ന ബി.ബി.സിയുടെ പ്രസിദ്ധമായ ഒരു ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരുന്നു. അടുത്ത ദിവസം പുലര്‍ച്ചെ ഞങ്ങള്‍ മടക്കയാത്രയ്‌ക്കൊരുങ്ങുമ്പോള്‍ കുട്ടികള്‍ക്ക് ക്യാമ്പ് കഴിഞ്ഞു എന്നുള്ള സങ്കടമായിരുന്നു. കാരണം അവര്‍ ഈ അന്തരീക്ഷത്തെ അത്ര അധികം സ്‌നേഹിച്ചു കഴിഞ്ഞിരുന്നു. കഴിയുമെങ്കില്‍ അടുത്ത പ്രാവശ്യം ക്യാമ്പ് അഞ്ചു ദിവസമെങ്കിലും വേണമെന്ന് കുട്ടികള്‍ പരസ്പരം സംസാരിക്കുന്നുമുണ്ടായിരുന്നു.
DSCF9602നമ്മുടെ ഈ പ്രകൃതിക്ക് അന്യമായ വിദേശ ഇനം സസ്യങ്ങളെ ഉന്മൂലനം ചെയ്ത് ഈ പ്രദേശങ്ങളിലെ സഹജമായ ആവാസവ്യവസ്ഥ തിരികെ കൊണ്ടുവരാനുള്ള ശ്രമം, ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായാണെന്നുള്ളത് ശ്രദ്ധേയമാണ്. പദ്ധതി നടപ്പിലാക്കുന്നതിന് വനംവകുപ്പിന് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇത് പ്രാവര്‍ത്തികമാക്കാനുള്ള ആളുകളുടെ അഭാവമായിരുന്നു. പണം കൊടുത്ത് ആളുകളെ നിറുത്തിയാല്‍ ഭീമമായ ചിലവ് വരും. മാത്രമല്ല പണത്തേക്കാള്‍ ഉപരി ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം മാത്രമേ ഇവിടെ ഫലപ്രദമാകുകയുള്ളൂ. ഈ സാഹചര്യത്തിലാണ് കോട്ടയം നേച്ചര്‍ സൊസൈറ്റി വനംവകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറായത്.

DSCF9588സ്‌കൂളുകള്‍ കോളേജുകള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഇക്കോ ക്ലബുകളില്‍ നിന്നും മറ്റ് പ്രകൃതി സംരക്ഷണ സംഘടനകൡ നിന്നുമൊക്കെ പദ്ധതിയില്‍ പങ്കാളികളാകാന്‍ തയ്യാറുള്ളവരെ കണ്ടെത്തി കോട്ടയം നേച്ചര്‍ സൊസൈറ്റി ഇവരെ ഇതില്‍ പങ്കെടുപ്പിക്കുന്നു. ഇവര്‍ക്കാവശ്യമായ മറ്റ് സാഹചര്യങ്ങള്‍ വനംവകുപ്പ് ഒരുക്കുന്നു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രസാദ്, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സിബി, ഫോറസ്റ്റര്‍ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ബി. ശ്രീകുമാര്‍, സെക്രട്ടറി ഡോ. ഉണ്ണിക്കൃഷ്ണന്‍, നിതീഷ്, അജയ്, ജസന്‍, പ്രദീപ് അയ്മനം, ജയകൃഷ്ണന്‍ എന്നിവരും ചങ്ങനാശ്ശേരി എസ് ബി കോളേജ് എന്‍ എസ് എസ് യൂണിറ്റ്, ടാറ്റ കണ്‍സണ്‍റ്റന്‍സി സോഫ്റ്റ് വെയര്‍ എഞ്ചിനിയേഴ്‌സ്, ആയാപറമ്പ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍എന്‍ എസ് എസ് യൂണിറ്റ്, കാഞ്ഞിരപ്പളളി എസ്.ബി കോളേജ് നേച്ചര്‍ ക്ലബ്, നങ്ങ്യാര്‍ കുളങ്ങര ടി.കെ.എം. കോളേജ്, പള്ളിക്കത്തോട് അരവിന്ദ് വിദ്യാലയത്തിലെ കുട്ടികള്‍, വാഴൂര്‍ എസ് വി.ആര്‍ എന്‍ എസ് എസ് കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ പ്രകൃതി സ്‌നേഹികളായ മുതിര്‍ന്നവരും കുട്ടികളും അടങ്ങിയ നിരവധി ആളുകള്‍ ഈ ഒരു വലിയ ലക്ഷ്യം സഫലമാകുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇവരുടെ ശ്രമങ്ങള്‍ക്ക് പ്രകൃതിയെ സ്‌നേഹിക്കുന്ന, മനുഷ്യനെ സ്‌നേഹിക്കുന്ന മണ്ണിനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും പ്രാര്‍ത്ഥനകളും വിജയാശംസകളും അര്‍പ്പിക്കാം. കാരണം അടുത്ത തലമുറയ്ക്കായി നമുക്ക് കാത്തുസൂക്ഷിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് നമ്മുടെ പ്രകൃതി തന്നെയാണെന്ന് ഓര്‍മ്മിക്കുക.

-ഡോ. രാജേഷ് കടമാന്‍ചിറ

You must be logged in to post a comment Login