മണ്‍മറഞ്ഞിട്ടില്ല, മണ്‍റോ തുരുത്തിന്റെ സൗന്ദര്യം

പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോകാന്‍ നിങ്ങള്‍ ഉദ്യേശിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുമൊത്ത് മണ്‍റോ തുരുത്തിലേക്ക് വരിക. മണ്‍റോ ദ്വീപ് പ്രാദേശികമായി മണ്‍റോ തുരുത്ത് എന്നറിയപ്പെടുന്നു. എട്ട് ചെറുദ്വീപുകളുടെ കൂട്ടമാണ് മണ്‍റോ തുരുത്ത്. ഈ മേഖലയില്‍ കനാലുകള്‍ നിര്‍മ്മിക്കുന്നതിനും കായല്‍പ്പാതകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും മുന്‍കൈ എടുത്ത ബ്രട്ടീഷ് ഉദ്യോഗസ്ഥനായ കേണല്‍ ജോണ്‍ മണ്‍റോയുടെ പേരിലാണ് ഈ ദ്വീപസമൂഹം അറിയപ്പെടുന്നത്. കൊല്ലത്തു നിന്ന് 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ് മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താന്‍ സാധിക്കും. മൂന്നുവശത്തും കല്ലടയാറിനാല് ചുറ്റപ്പെട്ടു കിടക്കുന്നു. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന്‍ കെട്ടും കണ്ടല്‍ കാടും കണ്ടു കൊണ്ട് തോടിന്റെ ചെറിയ കൈവഴികളില്‍ കൂടിയുള്ള യാത്ര മനോഹരമാണ്.

കാഴ്ചകള്‍ കാണുന്നതിനുള്ള സാധ്യതകളും പ്രകൃതി സൗന്ദര്യവും മണ്‍റോ തുരുത്തിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു. ഇവിടെ രണ്ട് ക്ഷേത്രങ്ങളും 1878ല്‍ നിര്‍മ്മിച്ച ഒരു ക്രിസ്ത്യന്‍ പള്ളിയുമുണ്ട്. മൂലചന്ദര ക്ഷേത്രം, കല്ലുവിള ക്ഷേത്രം എന്നിവയാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍. മനോഹാരിതയും ശാന്തമായ അന്തരീക്ഷവും ഈ ദ്വീപസമൂഹത്തിന്റെ ഭാഗമായ പാലിയം തുരുത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അഷ്ടമുടിക്കായല്‍ കല്ലടയാറുമായി ചേരുന്ന ഭാഗത്താണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. കയര്‍ വ്യവസായത്തിന് പേരുകേട്ട മണ്‍റോ തുരുത്തില്‍ യാത്രക്കാര്‍ക്ക് കയര്‍ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ കാണുവാനും അടുത്തറിയുവാനും അവസരമുണ്ട്.

തുരുത്തിന്റെ സൗന്ദര്യം വെള്ളത്താല്‍ മൂടപ്പെട്ടു കിടക്കുകയാണ്. എങ്കിലും ആസ്വദിക്കുന്നവര്‍ക്ക മനസ്സിന് കുളിര്‍മയേകുന്ന യാത്രയായിരിക്കും തുരുത്ത് യാത്ര സമ്മാനിക്കുക. പൊന്മാനുകളാണ് മണ്‍റോത്തുരുത്തിലെ പ്രധാന താമസക്കാര്‍.അഷ്ടമുടിക്കായലും കല്ലടയാറും ഉള്ളതിനാല്‍ ഇവയ്ക്ക് ഭക്ഷണത്തിന് യാതൊരു പ്രയാസവുമില്ല. അതുകൊണ്ട് തന്നെ ഈ ആവാസ വ്യവസ്ഥ പൊന്മാനുകള്‍ക്ക് ഏറെ പ്രിയമാണ്. പൊന്മാനുകളുടെ താമസം കരയോട് ചേര്‍ന്ന വലിയ പൊത്തുകളിലാണ്. വള്ളത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഈ പൊത്തുകള്‍ നമ്മുക്ക് കാണാന്‍ സാധിക്കും. ദേശാടനപക്ഷികളും വിവിധയിനത്തില്‍പ്പെട്ട കൊക്കുകളുമിവിടെയുണ്ട്. മീനിന്റെ സാനിദ്ധ്യം ഉള്ളതിനാല്‍ എപ്പോഴും പരുന്തുകളും ഇവിടെ വട്ടമിട്ട് പറക്കുന്നുണ്ട്.

 

തുരുത്തിലെ പ്രധാനവരുമാന
മാര്‍ഗ്ഗം ചെമ്മീന്‍ കൃഷി

ഒരു കാലത്ത് ചെമ്മീന്‍ കൃഷിയായിരുന്നു തുരുത്തിലെ പ്രധാന വരുമാന മാര്‍ഗ്ഗം.സംസ്ഥാനത്തെ ഏക ചെമ്മീന്‍ ഗ്രാമമെന്ന പദവി മണ്‍റോത്തുരുത്തിനായിരുന്നു.എന്നാല്‍ ചെമ്മീന്‍ കെട്ടുകളെ വൈറസ് ബാധിച്ചതോടെ തുരുത്തിലെ നിവാസികളുടെ കണ്ണുനീര്‍ കായലില്‍ വീണ്ടും വീണു തുടങ്ങി.തുരുത്തിലേത് ഫലഭൂയിഷ്ഠമായിരുന്ന മണ്ണായിരുന്നു. കിഴക്കന്‍ മലയില്‍ നിന്ന് കല്ലടയാറ്റിലൂടെ ഒഴുകി വന്നിരുന്ന എക്കല്‍ തുരുത്തില്‍ അടിഞ്ഞു കൂടി. കല്ലടയാറ്റില്‍ തെന്മലയില്‍ ഡാം വന്നതോടെ കിഴക്കന്‍മലയില്‍ നിന്നുള്ള എക്കല്‍ വരവ് നിലച്ചെങ്കിലും മണ്ണിന്റെ പുണ്യം അകന്നു പോയി. ഒപ്പം, തുരുത്തിലെ നിവാസികളുടെ കണ്ണുനീരും തോര്‍ന്നിട്ടില്ല. അങ്ങനെയാണ് ആളുകള്‍ ചെമ്മീന്‍ കൃഷിയിലേക്ക് വന്നത്. പക്ഷേ, അവിടെയും അവര്‍ പരാജയപ്പെട്ടു. ചെമ്മീന്‍ കെട്ടുകളെ വൈറസ് ബാധിച്ചതോടെ പ്രയാസവും ഗുരിതവും ബുദ്ധിമുട്ടും നിവാസികള്‍ക്ക് സ്വന്തമായി. എന്നാല്‍, ഇപ്പോള്‍ ചെമ്മീനും, ഞണ്ടും, കരിമീനുമൊക്കെ വളര്‍ത്തുന്ന കെട്ടുകള്‍ കൈത്തോടുകള്‍ക്കരികില്‍ കാണാം. വലിയ വലകളിട്ട് മൂടിയാണ് ഇവയെ സംരക്ഷിക്കുനന്ത്. നിവാസികളുടെ സ്വപ്‌നവും പ്രതീക്ഷയുമാണ് ഇന്നീ കൃഷി. മീനിനെ പിടിക്കുവാന്‍ നീര്‍ക്കാക്കകളും എത്താറുണ്ട്.

 

പേര് വന്ന വഴി:

തിരുവിതാംകൂര്‍ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ അധികാരത്തില്‍ കീഴിലേക്ക് വന്ന 1875 കളിലാണ് കേണല്‍ മണ്‍റോ ദിവാനായി എത്തുന്നത്. അന്ന് രാജ്ഞിയായിരുന്ന ഗൗരി ലക്ഷ്മീഭായ് ആണ് മണ്‍റോയെ ദിവാനായി നിയമിച്ചത്.കേണല്‍ മണ്‍റോ അന്ന് ഇവിടെ നിലനിന്നിരുന്ന അടിമത്വം അവസാനിപ്പിക്കുകയും കാര്‍ഷിക രംഗത്ത് വമ്പിച്ച തോതിലുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുകയും ചെയ്ത മണ്‍റോ സായിപ്പിന്റെ ഓര്‍മ്മയ്ക്കായി ചര്‍ച്ച് മിഷനറി സൊസൈറ്റിയാണ് തുരുത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്.

തുരുത്തും ഇത്തിരി ചരിത്രവും:

മണ്‍റോ സായിപ്പും ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും

ഉമ്മിണിത്തമ്പിക്കുശേഷം തിരുവാതാംകൂറിന്റെ ദിവാന്‍ പട്ടം ഏറ്റെടുത്ത കേണല്‍ ജോണ്‍ മണ്‍റോയുടെ പേരാണ് ഗ്രാമത്തിന് കിട്ടിയിരിക്കുന്നത്. ഒരിക്കല്‍ മലങ്കരസഭയുടെ പുലിക്കോട്ടില്‍ ജോസഫ് കത്തനാര്‍ കേണല്‍ മണ്‍റോയെ സമീപിച്ച് തങ്ങള്‍ക്ക് പുരോഹിതപരിശീലനത്തിനായി ഒരു മഠം സ്ഥാപിക്കണമെന്നും അതിനായി സ്ഥലം കണ്ടെത്തി നല്‍കണമെന്നും ആവശ്യപ്പെടുകയുണ്ടായി. സഭയുടെ ആഗ്രഹപ്രകാരം മണ്‍റോ കണ്ടെത്തി നല്‍കിയത് അഷ്ടമുടിക്കായലിനും കല്ലടയാറിനും നടുവിലായി നിലകൊള്ളുന്ന ചെറു കരപ്രദേശങ്ങളാണ്. ഇവിടെ മഠം സ്ഥാപിച്ചു സഭാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്കാര്‍ തങ്ങളോട് അനുഭാവപൂര്‍വം പെരുമാറിയ മണ്‍റോ സായിപ്പിനെ സ്മരിക്കാനായി ഈ സ്ഥലത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതോടെയാണ് ഇവിടം മണ്‍റോതുരുത്ത് ആയി അറിയപ്പെടാന്‍ തുടങ്ങിയത്.

സഭാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ഈ തുരുത്തുകള്‍ സൊസൈറ്റിയെ സംബന്ധിച്ചു നല്ല ആദായമുള്ള ഭൂമി കൂടിയായിരുന്നു. വെള്ളമൊഴുകി പോകാന്‍ മണ്‍റോ മുന്‍കൈയെടുത്ത് ഇടയക്കടവു മുതല്‍ മണിക്കടവു വരെ ഒരു തോട്- പുത്തനാറ്-വെട്ടിയതോടെ ഇവിടം കൃഷിക്ക് കൂടുതല്‍ യോഗ്യമാവുകയും ചെയ്തു. 1930 വരെ മണ്‍റോതുരുത്തിന്റെ അവകാശം സിഎംഎസ്സിനായിരുന്നു. 30 ല്‍ റാണി സേതുലക്ഷ്മി ഭായി സൊസൈറ്റിയില്‍ നിന്നു പ്രദേശം ഏറ്റെടുക്കുകയും പിന്നീടിത് കൊല്ലം ജില്ലയില്‍പ്പെടുന്ന വില്ലേജാക്കി മാറ്റുകയും ചെയ്തു. ഇന്നും തുരുത്തില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്കാരുടെ ഭൂമി വകകള്‍ അവശേഷിക്കുന്നുണ്ട്. അതോടൊപ്പം പാട്ടംതുരുത്ത് പ്രദേശത്തായി എ ഡി 1878 ല്‍ സ്ഥാപിതമായ ഒരു പള്ളിയും മണ്‍റോതുരുത്തിന്റെ ചരിത്രപൈതൃകമായി നിലവിലുണ്ട്. അഷ്ടമുടി-എടച്ചാല്‍ പള്ളിയെന്നറിയപ്പെടുന്ന ഈ പള്ളി കൊല്ലം രൂപതയുടെ കീഴിലാണ്. അഷ്ടമുടിക്കായലിന്റെ കരയിലായി നിലനില്‍ക്കുന്ന പള്ളി ഇപ്പോള്‍ നവീകരണത്തിന്റെ പാതയിലാണ്. വിശ്വാസികള്‍ വന്നുപോകാറുള്ള ഇവിടെ ഒരു പ്രധാനകാര്യം സൂചിപ്പിക്കാനുള്ളത്, വര്‍ഷാവര്‍ഷം നടക്കുന്ന തിരുന്നാളിന് ചുക്കാന്‍ പിടിക്കുന്നത് പ്രദേശത്തെ ഹൈന്ദവമതവിശ്വാസികള്‍ ആണെന്നതാണ്.

സിഎംഎസ് കോളേജും മണ്‍റോത്തുരുത്തും

കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോട്ടയം സി എം എസ് കോളേജും മണ്‍റോത്തുരുത്തും തമ്മില്‍ ഹൃദ്യമായ ഒരു ബന്ധമുണ്ട്.മണ്‍റോത്തുരുത്തില്‍ നിന്നുള്ള വരുമാനമായിരുന്നു സിഎംഎസ് കോളേജിന്റെ തുടക്കകാലത്തെ മൂലധനം.

 

You must be logged in to post a comment Login