മത്സരിച്ച് സ്റ്റമ്പുകൾ പിഴുത് സെയ്നിയും ബുംറയും; പരിശീലന വീഡിയോ വൈറൽ

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഇന്ന് ആരംഭിക്കുകയാണ്. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ഉച്ച തിരിഞ്ഞ് 1.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിൽ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കുമൊപ്പം യുവ പേസർ നവദീപ് സെയ്നി പേസ് ഡിപ്പാർട്ട്മെൻ്റ് കൈകാര്യം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴിതാ ബുംറയും സെയ്നിയും പരിശീലനത്തിനിടെ സ്റ്റമ്പുകൾ എറിഞ്ഞിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജാണ് വീഡിയോ പങ്കു വെച്ചത്. ഇരുവരും അസാമാന്യ വേഗതയിൽ സ്റ്റമ്പുകൾ പിഴുതെറിയുന്ന വീഡിയോ ആണ് പുറത്തുവന്നത്. പരിശീലനത്തിലായാലും ബുംറ മരകമായാണ് പന്തെറിയുന്നതെന്ന ക്യാപ്റ്റൻ വിരാട് കോലിയുടെ വാക്കുകൾ ശരിവെക്കുന്ന വീഡിയോ ആണ് ഇപ്പോൾ കാണാനാവുന്നത്.

അതേ സമയം, മത്സരത്തിൽ ലോകേഷ് രാഹുലും ശിഖർ ധവാനും രോഹിത് ശർമയും കളിക്കുമെന്ന സൂചന ക്യാപ്റ്റൻ വിരാട് കോലി നൽകിയിട്ടുണ്ട്. നാലാം നമ്പറിൽ ഇറങ്ങാൻ തനിക്ക് മടിയില്ലെന്നും കോലി പറഞ്ഞിരുന്നു.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉണ്ടാവുക. 17ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനിലും 19ന് എം ചിന്നസ്വാമി സ്റ്റേഡിയത്തിലും യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങൾ നടക്കും. എല്ലാ മത്സരങ്ങളും ഡേ നൈറ്റാണ്.

You must be logged in to post a comment Login