മദനിക്കെതിരെ വധശ്രമത്തിന് കേസ്

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനുള്‍പ്പെടെ രണ്ടുപേരെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കേസില്‍ പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. എറണാകുളം അഡീഷണല്‍ സി.ജെ.എം. കോടതിയുടെ നിര്‍ദേശപ്രകാരം എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. 1998ല്‍ പി. പരമേശ്വരനെയും ഫാദര്‍ അലവിയെയും കൊലപ്പെടുത്താന്‍ അഷ്‌റഫ് എന്നയാളെ ചുമതലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരു കേസില്‍ 1998ല്‍ കോഴിക്കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഹമ്മദ് എന്നയാള്‍ മദനിക്കെതിരെ നല്‍കിയ മൊഴിയെ തുടര്‍ന്നാണിത്.

madani
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മദനിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി മോഹന്‍ അഡീഷണല്‍ സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് കേസെടുക്കാന്‍ കോടതി പോലീസിനോട് നിര്‍ദേശിച്ചത്. മദനിയെയും അഷ്‌റഫിനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് വധശ്രമത്തിന് നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ബംഗളുരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി മദനി ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ്.

You must be logged in to post a comment Login