മദനിക്ക് ജാമ്യം

ന്യൂഡല്‍ഹി: ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ കര്‍ണാടകയിലെ അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കു ജാമ്യം. സുപ്രീം കോടതി ഉപാധികളോടെയാണ് ഒരുമാസത്തെ ജാമ്യം അനുവദിച്ചത്. വിചാരണ നീളുന്നതും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ജാമ്യം. ജസ്റ്റീസ് ജെ. ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ചാണ് കേസ് പരിഗണിച്ചത്.


കേരളത്തിലേക്കു പോകരുത്, ആവശ്യമായ സുരക്ഷ കര്‍ണാടക പോലീസ് ഏര്‍പ്പെടുത്തണം, മദനി സാക്ഷികളെ സ്വാധീനിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണം തുടങ്ങിയവയാണ് സുപ്രീം കോടതി മുന്നോട്ടുവച്ച ഉപാധികള്‍. ജാമ്യവ്യവസ്ഥകള്‍ മദനി പാലിക്കുന്നുണ്ടോയെന്ന് കര്‍ണാടകത്തിനു പരിശോധിക്കാമെന്നും കോടതി നിരീക്ഷിച്ചു.സ്വന്തം നിലയില്‍ ചികിത്സ തേടാന്‍ അടിയന്തരജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദനി നല്കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. തനിക്ക് ചികിത്സ നല്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും സ്വന്തം നിലയ്ക്ക് ചികിത്സ തേടാന്‍ ജാമ്യം അനുവദിക്കണമെന്നും കാട്ടിയാണ് മദനി ഹര്‍ജി നല്കിയത്.

You must be logged in to post a comment Login