മദ്യനയം: കൊടിയ വഞ്ചനയെന്ന് എ.കെ ആന്റണി; സര്‍ക്കാര്‍ മദ്യമുതലാളിമാരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.

‘കൊടിയ വഞ്ചന, വാഗ്ദാന ലംഘനം’ എന്നാണ് സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ മദ്യ നയത്തെ കുറിച്ച് എകെ ആന്റണിയുടെ പ്രതികരണം. ഈ കളി തീക്കളിയാണെന്നും ഇതിനേക്കാള്‍ വലിയ ചതിയും വഞ്ചനയും വാഗ്ദാന ലംഘനവും മറ്റൊരു സര്‍ക്കാരും ചെയ്തിട്ടില്ലെന്നും എ.കെ ആന്റണി പറഞ്ഞു. ‘തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പൂട്ടിയ ബാറുകള്‍ തുറക്കും എന്ന രീതിയില്‍ കരാറുണ്ടായിരുന്നുവെന്ന ആരോപണം ശരിയായി. ജനരോഷം ഭയാണ് ഇത്രയും കാലം ഇത് നീട്ടി കൊണ്ടു പോയതെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു.

മദ്യമുതലാളിമാരുടെ താത്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്നും അവരില്‍ നിന്ന് എത്ര കാശാണ് വാങ്ങിയതെന്നതു സംബന്ധിച്ച് താനൊന്നും പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദയഭാനുവിനെ ചാരി വീര്യം കൂടിയ മദ്യം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഉദയഭാനു പറഞ്ഞത് മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനാണ് പക്ഷെ ഇവിടെ സര്‍ക്കാര്‍ ലഭ്യത വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

യു.ഡി.എഫിന്റേത് ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്ന നയമായിരുന്നു. അതിനെ പൂര്‍ണമായി അട്ടിമറിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിലെ ജനങ്ങള്‍ യു.ഡി.എഫിന്റെ മദ്യനയം അംഗീകരിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍വ്വശക്തിയുമെടുത്ത് പ്രതിപക്ഷം ഈ നയത്തെ നേരിടും. സമാനമനസ്‌കരുമായി കൂടിയാലോചിച്ച് പ്രക്ഷോഭം നടത്തുമെന്നും സര്‍ക്കാറിന്റെ ജനവഞ്ചനയുടെ മുഖം തുറന്നുകാട്ടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

You must be logged in to post a comment Login