മദ്യനയത്തിന് ശിവഗിരിമഠത്തിന്റെ പിന്തുണ; തന്നെ പേപ്പട്ടിയാക്കരുതെന്നു വെള്ളാപ്പള്ളി

വര്‍ക്കല: സര്‍ക്കാരിന്റെ മദ്യനയത്തിനു ശിവഗിരി മഠത്തിന്റെ പൂര്‍ണ പിന്തുണ. ശിവഗിരിയില്‍ നടന്ന ശ്രീനാരായണ ഗുരു സമാധിദിനാചരണ ചടങ്ങിലാണ് ശിവഗിരിമഠം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ മദ്യനയത്തിനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത കാര്യങ്ങള്‍ തന്നെയാണു സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നു ഋതംബരാനന്ദ വ്യക്തമാക്കി. മദ്യമുണ്ടാക്കുന്നവരെയും വിളമ്പുന്നവരെയും ഉപയോഗിക്കുന്നവരെയും അകറ്റണമെന്നാണു ശ്രീനാരായണ ഗുരു പറഞ്ഞത്. മദ്യനയത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ എതിര്‍പ്പു വ്യക്തിപരമാണ്. അദ്ദേഹം നിലപാടു തിരുത്തുമെന്നാണു പ്രതീക്ഷയെന്നും ഋതംബരാനന്ദ പറഞ്ഞു.

കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ കൂടി പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു ഋതംബരാനന്ദയുടെ അഭിപ്രായപ്രകടനം. മദ്യനയം വിജയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിക്കേണ്ടതു ശ്രീനാരായണീയരാണെന്നു വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരു പറഞ്ഞ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. മദ്യനയം ഏതെങ്കിലും പാര്‍ട്ടിയുടെ നയമല്ല. മദ്യനയം വിജയിപ്പിക്കേണ്ടതു പൊതുജനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, താനും സര്‍ക്കാരിന്റെ മദ്യനയത്തെ അനുകൂലിക്കുന്നതായാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശിവഗിരി മഠത്തിന്റെ അഭിപ്രായപ്രകടനത്തോടു പ്രതികരിച്ചത്.മദ്യനിരോധനമല്ല, മദ്യവര്‍ജനം വേണമെന്നാണ് എസ് എന്‍ ഡി പി യോഗത്തിന്റെ അഭിപ്രായം. ബോധവല്‍ക്കരണത്തിലൂടെ മദ്യവര്‍ജനം വേണമെന്നതായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം. നിരോധനമെന്നു പറഞ്ഞാല്‍ നടപ്പാകാത്ത കാര്യമാണ്. സര്‍ക്കാര്‍ അത് അട്ടപ്പാടിയില്‍ നടപ്പാക്കി പരാജയപ്പെട്ടു കാണിച്ചതാണ്. ഇവിടെ കുറേപ്പേര്‍ നാളെ രാവിലെ അമ്പിളി അമ്മാവനെ പിടിച്ചു തരാമെന്നു പറഞ്ഞാല്‍ അതങ്ങു സമ്മതിച്ചു കൊടുക്കാന്‍ മാത്രം വിഡ്ഢിയല്ല. വ്യക്തിപരമായ കാര്യങ്ങളാലാണ് താന്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നതെന്ന ആരോപണം ശരിയല്ല; തനിക്കെന്തു വ്യക്തിപരമായ താല്‍പര്യം?
അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കു വേണ്ടിയാണു താന്‍ സംസാരിച്ചത്. അവര്‍ക്കു നീതി കിട്ടേണ്ടതുണ്ട്. മദ്യവുമായി ബന്ധപ്പെട്ട മേഖലയില്‍ പണിയെടുക്കുന്ന പതിനായിരങ്ങളുണ്ട്. ഇവര്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ മദ്യരാജാവായി ചിത്രീകരിക്കുന്നതു ശരിയല്ല. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും ചെയ്ത ശേഷം കല്ലെറിയുന്നതിനു സമാനമാണിത്. – വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ മദ്യനയം ഈഴവരെയാണ് ഏറ്റവുമധികം ബാധിക്കുന്നതെന്ന ആരോപണമാണു വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടു വച്ചിരുന്നത്. മദ്യവുമായി ബന്ധപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുന്നത് ഈഴവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

You must be logged in to post a comment Login