മദ്യലോബികളുമായി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയെന്ന് വി.എം.സുധീരന്‍

sudhi-web
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് മദ്യലോബികളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിവറേജുകള്‍ അടച്ചുപൂട്ടില്ലെന്ന നിലപാട് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളത്തിലെ മദ്യ ഉപഭോഗം കൂടി. കേന്ദ്രത്തിലെ മോഡി ഭരണത്തിന്റെ പതിപ്പാകുകയാണ് പിണറായിയുടെ ഭരണവും.
സമരങ്ങളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സിപിഐഎം കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഇടപെടണം. ഹര്‍ത്താല്‍ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും അനിവാര്യമായ സാഹചര്യത്തിലാണ് ഇന്നലത്തെ ഹര്‍ത്താല്‍. തോന്നിയത് പറയാനുളളതല്ല നിയമസഭ. സിപിഐഎം നേതാക്കള്‍ തറഭാഷയിലാണ് നിയമസഭയില്‍ സംസാരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

പത്ത് ശതമാനം വീതം ഔട്ട്‌ലെറ്റുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ അടച്ചുപൂട്ടണമെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഇത്തവണത്തെ ഗാന്ധിജയന്തി മുതല്‍ വിദേശ മദ്യഷാപ്പുകള്‍ പൂട്ടേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ തല്‍സ്ഥിതി തുടരും. മുന്‍ സര്‍ക്കാരിന്റെ മദ്യനയത്തില്‍ വരുത്തുന്ന ആദ്യ തിരുത്തലാണിത്. അടുത്തദിവസം തന്നെ ഇതിന്റെ ഉത്തരവിറങ്ങും.
സംസ്ഥാനത്ത് പൊതുമേഖലയില്‍ 306 വിദേശമദ്യ ചില്ലറ വില്‍പനകേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 270 എണ്ണം ബിവറേജസ് കോര്‍പറേഷന്റെയും 36 എണ്ണം കണ്‍സ്യൂമര്‍ഫെഡിന്റെയുമാണ്. നിലവിലെ മദ്യനയപ്രകാരം ബിവറേജസ് കോര്‍പറേഷന്റെ 27ഉം കണ്‍സ്യൂമര്‍ഫെഡിന്റെ നാലും ഔട്ട്‌ലെറ്റുകള്‍ അടക്കം 41 എണ്ണം പൂട്ടണമായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് ബിവറേജസിന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും പത്ത് ശതമാനം കടകള്‍ വീതം എല്ലാവര്‍ഷവും പൂട്ടാന്‍ തീരുമാനിച്ചിരുന്നത്.

ഇതനുസരിച്ച് സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. 2014-15 വര്‍ഷങ്ങളില്‍ പത്ത് ശതമാനം വീതം ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. പുറമേ, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതയോരത്തെ ഏതാനും ഔട്ട്‌ലെറ്റുകളും അടച്ചു. ഈ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വരുന്ന ഞായറാഴ്ചയോടെ പത്ത് ശതമാനം മദ്യ കടകള്‍ പൂട്ടണമായിരുന്നു. ഇവ പൂട്ടില്ലെന്ന സൂചനകള്‍ വന്നപ്പോള്‍ മദ്യനയം തീരുമാനിച്ചിട്ടില്ലെന്ന നിലപാടാണ് മന്ത്രിമാരടക്കമുള്ളവര്‍ കൈക്കൊണ്ടിരുന്നത്. പുതിയ മദ്യനയം ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

You must be logged in to post a comment Login