മധുരം കിനിയും കൈതച്ചക്ക

NCRP0148444
കൈതച്ചക്ക… ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നില്ലേ.. വലിയ ബുദ്ധിമുട്ടില്ലാതെ ആര്‍ക്കും കൃഷി ചെയ്യാവുന്നതേയുള്ളൂ കൈതചക്ക.നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൈതച്ചക്കയുടെ വളര്‍ച്ചയ്ക്ക് ഉത്തമം. വയലിലായാലും ഉയര്‍ന്ന പ്രദേശങ്ങളിലായാലും വാരങ്ങള്‍ക്കിടയ്ക്ക് കൃത്യമായ നീര്‍വാര്‍ച്ച സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. എന്നാല്‍ വെള്ളക്കെട്ട് പാടില്ല. ഏപ്രില്‍ മെയ് ആണ് കൈതച്ചക്ക കൃഷിക്ക് നടീല്‍ സമയം. ആഗസ്ത് സെപ്തംബര്‍ മാസങ്ങളിലും നടാം. മഴ കുറഞ്ഞ സമയമാണ് പൊതുവേ കൈതചക്ക കൃഷിക്ക് അനുയോജ്യം. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‍കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാല്‍ ചക്കയുടെ വലിപ്പവും തൂക്കവും കൂടും. കൈതച്ചെടിയുടെ അടിയില്‍ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) നടാന്‍ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ് മുളപ്പുണ്ടാകുന്നത്.

ചക്കയുടെ അടിയില്‍ നിന്നുവരുന്ന സ്ലിപ്പുകളും, ചക്കയുടെ മുകളില്‍ വളര്‍ന്നു നില്‍ക്കുന്ന മകുടവും കൂടാതെ തണ്ട് മുറിച്ച് മുളപ്പിച്ചവയും നടീല്‍ വസ്തുക്കളാക്കാറുണ്ട്. ടിഷ്യുകള്‍ച്ചര്‍ തൈകളും സാധാരണയായി നട്ടുവരുന്നുണ്ട്. കീടരോഗബാധയില്ലാത്ത നല്ല ആരോഗ്യമുള്ള കാനികളാണ് നടാന്‍ തിരഞ്ഞെടുക്കേണ്ടത്. അവയുടെ വലിപ്പമനുസരിച്ച് വലിയത്, ഇടത്തരം, ചെറുത് എന്നിങ്ങനെ തരംതിരിച്ച് നടാവുന്നതാണ്. തിരഞ്ഞെടുത്ത കാനികള്‍ നടീലിനുമുമ്പ് പത്ത്പതിനഞ്ച് ദിവസം തണലത്ത് പായ വിടര്‍ത്തി വച്ച് പാകമാക്കണം.

നിലമൊരുക്കുമ്പോള്‍ അടിവളമായി സെന്റൊന്നിന് 100 കിലോഗ്രാം എന്ന തോതില്‍ ചാണകമോ കമ്പോസ്റ്റോ ചേര്‍ക്കാം. രാസവളകൃഷിയില്‍ ഓരോ ചെടിക്കും 30ഗ്രാം യൂറിയ, 30 ഗ്രാം ഫോസഫേറ്റ്, 20 ഗ്രാം പൊട്ടാഷ് എന്നിവ ഒരു കാലയളവില്‍ നല്‍കാം. മഴപെയ്ത് മണ്ണ് നനഞ്ഞ ഉടനെത്തന്നെ കൃഷി സ്ഥലം നന്നായി കിളച്ചു മറിച്ചാണ് മണ്ണൊരുക്കേണ്ടത്. വരികള്‍ക്കിടയ്ക്ക് ആവശ്യത്തിന് നീര്‍ച്ചാലുകള്‍ നിര്‍മ്മിക്കണം. കടുത്ത വേനലില്‍ ആഴ്ചയിലൊരിക്കല്‍ നന സൗകര്യമുള്ള കൃഷിയിടങ്ങളില്‍ വലിയ ചക്കകള്‍ ലഭിക്കാറുണ്ട്. കൈതോലയിലെ മുള്ളുകള്‍ കാരണം ഇടകളില്‍ വരുന്ന കളകള്‍ നീക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ രാസകൃഷിയില്‍ യൂറോണ്‍ 3 കിലോ അല്ലെങ്കില്‍ ബ്രോമസീല്‍ രണ്ടര കിലോ എന്നിവ 600 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ കളകള്‍ മുളച്ചുപൊന്തുന്നത് തടയാം. തനിവിളയായും റബ്ബര്‍തോട്ടം തെങ്ങിന്‍തോപ്പ് എന്നിവിടങ്ങളില്‍ ഇടവിളയായും കൈതച്ചക്ക നടാറുണ്ട്. ചക്ക വിരിഞ്ഞു വന്നാല്‍ മകുടത്തിന്റെ കൂമ്പ് മാത്രം നുള്ളിക്കളയുന്നത് ചക്കകളുടെ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

വിളവെടുപ്പ് കഴിഞ്ഞാല്‍ നടച്ചാലുകളിലേക്ക് നീണ്ടുനില്‍ക്കുന്ന ഇലകള്‍ മുറിച്ച് നീക്കി മുരടില്‍ വളം ചേര്‍ത്ത് മൂടിയാല്‍ ധാരാളം കന്നുകള്‍ പൊട്ടിവരും. അവയില്‍ ഏറ്റവും കരുത്തുള്ള ഒന്നോ രണ്ടോ മാത്രം നിലനിര്‍ത്തി ബാക്കി അടര്‍ത്തിമാറ്റണം.

You must be logged in to post a comment Login