മധുവിന്റെ ചിത്രച്ചമയങ്ങള്‍


ബി.ജോസുകുട്ടി

ജീവിതത്തിന്റെ വാങ്മയരൂപങ്ങളെ യഥാതഥമായ നിറക്കൂട്ടുകള്‍ വരച്ചിടുകയാണ് മധു ആലിശ്ശേരി എന്ന ചിത്രകാരന്‍. സ്‌കൂള്‍ പഠനകാലം മുതല്‍ ബ്രഷും ചായക്കൂട്ടുകളുമായിരുന്നു മധുവിന്റെ കളി ഉപകരണങ്ങള്‍. സിനിമാ തിയേറ്റര്‍ ജീവനക്കാരനായിരുന്ന അച്ഛന്‍ പത്മനാഭനും അമ്മാവന്‍ ചക്രപാണിയുമായിരുന്നു മധുവിന്റെ ചിത്രകലയിലെ ഗുരുക്കന്മാര്‍. ഒരര്‍ത്ഥത്തില്‍ അവരെ അനുകരിച്ചു വരയ്ക്കലായിരുന്നു. ചിത്രങ്ങള്‍ ആസ്വാദകരോട് നേരിട്ട് സംവദിക്കണമെന്നുള്ള നിര്‍ബന്ധബുദ്ധിയുള്ളതുകൊണ്ടാണ് റിയലിസ്റ്റിക് സങ്കേതത്തെ താന്‍ ആശ്രയിച്ചതെന്നു മധു പറയുന്നു. ചിത്രത്തിനും ചിത്രകാരനുമിടയില്‍ ഒരു ഇടനിലക്കാരന്റെ ആവശ്യമില്ല. ചിത്രത്തിനു താഴെയുള്ള അടിക്കുറിപ്പും അനുയോജ്യമല്ല. ചിത്രത്തിനു പേരോ അടിക്കുറിപ്പോ ഇടുന്നത് ആസ്വാദകന്റെ സ്വാതന്ത്ര്യത്തിനു വിഘാതമാകുമെന്നും ഈ ചിത്രകാരന്‍ വിശ്വസിക്കുന്നു.
ആലപ്പുഴയിലെ പ്രമുഖ ചിത്രകലാധ്യാപകനായിരുന്ന എസ്.എല്‍.ലാരിയസ് മാസ്റ്ററുടെ അനുസ്മരണാര്‍ത്ഥം വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ മധുവിന്റെ ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക് നവീനാനുഭവമായിരുന്നുവെന്നു സന്ദര്‍ശക ഡയറിയില്‍ ചേര്‍ക്കപ്പെട്ട കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. നാടന്‍ ഉത്പ്പന്നങ്ങളുമായി കാട്ടുവഴിയിലൂടെ ചന്തയിലേക്കു പോകുന്ന കാളവണ്ടിക്കാരന്‍, കടലോരത്ത് മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന മുക്കുവര്‍, ഗ്രാമവീഥിയില്‍ പട്ടം പറത്തുന്ന കുട്ടികള്‍, കൊയ്ത്തിനിറങ്ങുന്ന കുട്ടനാടന്‍ സ്ത്രീത്തൊഴിലാളികള്‍, നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കടല്‍പ്പാലം, പുഴക്കരയിലെ പുരാതനക്ഷേത്രം എന്നിങ്ങനെ ഗൃഹാതുരത്വം തുളുമ്പുന്നതും അന്യമായിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് മധു വാട്ടര്‍ കളറിലും ഓയില്‍ കളറിലുമായി വരച്ചിട്ടുള്ളത്. കൂടാതെ വിഖ്യാതരായ പല മഹാന്മാരുടെയും ചിത്രങ്ങള്‍ ഈ ചിത്രകാരന്‍ ക്യാന്‍വാസ്സിലാക്കിയിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, മഹാത്മാ അയ്യന്‍കാളി, മഹാകവി കുമാരനാശാന്‍, എ.കെ.ജി, പി.കൃഷ്ണപിള്ള, ഇ.എം.എസ് എന്നിങ്ങനെ നവോത്ഥാന നായക നിരയിലുള്ളവരുടെ ഛായാചിത്രങ്ങള്‍ വരയ്ക്കുന്നത് പുതുതലമുറയെ പരിചയപ്പെടുത്താന്‍ വേണ്ടിയാണെന്നു മധു പറയുന്നു. ഒരു ചിത്രകാരന്റെ കര്‍മ്മവുമാണെന്നും മധു കൂട്ടിച്ചേര്‍ക്കുന്നു.

റിയലിസ്റ്റിക് സങ്കേതത്തെയാണ് പിന്തുടരുന്നതെങ്കിലും വരയിലോ നിറവിന്യാസത്തിലോ തന്റേതായ ഒരു ക്രിയാത്മക സംഭാവന ചിത്രത്തില്‍ തന്റെ കയ്യൊപ്പു പോലെ മധു ചേര്‍ക്കുന്നു. അകാലത്തില്‍ ആകസ്മികമായി മരണപ്പെട്ട പ്രമുഖ വയലിസ്റ്റ് ബാലഭാസ്‌കറെ മധു വരയ്ക്കുമ്പോള്‍ വയലിന്‍ തന്ത്രികളിലെ ബാലഭാസ്‌കറിന്റെ വിരല്‍വിന്യാസം ഒരു പ്രത്യേക രീതിയിലാണ് രേഖീയപ്പെടുത്തിയിട്ടുള്ളതെന്നു കാണാം. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ മാത്രമേ ആ അസ്വഭാവികത ശ്രദ്ധയില്‍പ്പെടുകയുള്ളു.
ചെറിയപ്രായത്തില്‍ തന്നെ ചിത്രരചനയാരംഭിച്ചുവെങ്കിലും നൂറില്‍ താഴെയുള്ള ചിത്രങ്ങള്‍ മാത്രമേ മധു വരച്ചിട്ടുള്ളൂ. ആലപ്പുഴ ആലിശ്ശേരി ശ്രീനാരായണ നൃത്തകലാനിലയം എന്ന കലാപ്രസ്ഥാനത്തിലൂടെയാണ് മധു ആലിശ്ശേരിയുടെ കലാജീവിതത്തിനു തുടക്കം കുറിച്ചത്. അവിടെ സഹകരിച്ചിരുന്ന പിതാവിനോടും അമ്മാവനോടുമൊപ്പം കലാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. നാടകരംഗത്തിലുപയോഗിക്കാനുള്ള രംഗപട രചന, ചമയമണിയിക്കല്‍, ഷോകാര്‍ഡ് രൂപകല്പന, പാട്ടെഴുത്ത്, സംഗീതം എന്നിങ്ങനെ സമസ്തകലാമേഖലകളിലും മധു തന്റെ കഴിവ് തെളിയിച്ചു.
സ്‌കൂള്‍ കലോത്സവങ്ങള്‍ യൂണിവേഴ്‌സിറ്റി കലോത്സവങ്ങള്‍ എന്നിവയ്ക്കുവേണ്ടി ക്ലാസിക്കല്‍ നൃത്തം, പ്രച്ഛന്ന വേഷമത്സരങ്ങള്‍, നാടകം എന്നിങ്ങനെയുള്ള മത്സരങ്ങള്‍ക്കു മത്സരാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ വ്യാപകമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായും കലാരംഗത്ത് സജീവമായി ഈ ചിത്രകാരന്‍ മുന്നോട്ടുപോകുന്നു.
കാര്‍ട്ടൂണിസ്റ്റ്

കാലം 1987. നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണം നടക്കുകയാണ് ഇടത്കക്ഷികള്‍ക്കുവേണ്ടി മധു വരച്ച കാര്‍ട്ടൂണ്‍ ഏറെ വാദപ്രതിവാദങ്ങള്‍ക്കു കാരണമായി. ഇടുക്കിയിലെ തങ്കമണിയില്‍ നടന്ന പോലീസ് തേര്‍വാഴ്ചയും, ആലുവയിലെ കീഴ്മാട് അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ പോലീസ് തല്ലിയ സംഭവത്തിലും കരുണാകരന്‍ മന്ത്രിസഭ ഏറെ പഴികേട്ട സാഹചര്യത്തിന്റെ പശ്ചാത്തലത്തിലുമായിരുന്നു ഇടതുപക്ഷത്തിനുവേണ്ടി മധു ആ കാര്‍ട്ടൂണ്‍ വരച്ചത്. സംഹാരരുദ്രയായ ഭദ്രകാളിയുടെ വേഷത്തില്‍ കരുണാകരന്‍ സംഹാരനൃത്തമാടുന്ന ചിത്രം. തെരഞ്ഞെടുപ്പില്‍ ഈ കാര്‍ട്ടൂണ്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ചില ഭീഷണികള്‍ വരെ ഉണ്ടായെന്നു മധു ഓര്‍ക്കുന്നു. തന്റെ കലാലയ ജീവിത കാലത്താണ് ആ സംഭവം നടന്നത്. വിവാദ കാര്‍ട്ടൂണിസ്റ്റിനെ തേടി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടറായിരുന്ന പ്രേമാമന്മഥന്‍ എത്തി മധുവുമായി അഭിമുഖം നടത്തി വാര്‍ത്തയും ഫോട്ടോയും കാര്‍ട്ടൂണും പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്നു തമിഴിലെ പ്രശസ്തമായ ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ആനന്ദവികടന്റെ ലേഖകനുമെത്തി മധുവിനെ ഇന്റര്‍വ്യൂ ചെയ്തു. പക്ഷേ, പിന്നീട് മധു പല കാരണങ്ങളാല്‍ കാര്‍ട്ടൂണ്‍ വര തുടര്‍ന്നതുമില്ല.

ഗാനരചയിതാവ്, കവിലളിതഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, ദേശഭക്തിഗാനങ്ങള്‍, നാടകഗാനങ്ങള്‍, ആല്‍ബം സോംങ് എന്നിങ്ങനെ അഞ്ഞൂറില്‍പ്പരം പാട്ടുകളും മധു എഴുതിയിട്ടുണ്ട്. ഏഷ്യാനെറ്റ് പ്രാരംഭകാലത്ത് നടത്തിയ ‘സിനിമക്കൊരു ഗാനം’ എന്ന റിയാലിറ്റി ഷോയില്‍ ഗാനരചനയ്ക്കുള്ള രണ്ടാം സ്ഥാനവും മധുവിനായിരുന്നു. നടി ഉഷയ്ക്ക് സിനിമാ പ്രവേശനത്തിനു നിമിത്തമായ നാടോടിനൃത്തത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചതും മധു ആയിരുന്നു. ഉഷയുടെ ഈ നൃത്തപ്രകടനം കണ്ടിട്ടാണ് ബാലചന്ദ്രമേനോന്‍ ‘കണ്ടതും കേട്ടതും’ എന്ന സിനിമയിലേക്ക് നാടികയാകാന്‍ ഉഷയെ തെരഞ്ഞെടുത്തത്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ‘നാലും ആറും പത്ത്’ എന്ന സിനിമയ്ക്കു ഗാനമെഴുതിക്കൊണ്ട് ചലച്ചിത്രഗാനരചന രംഗത്തേക്കും വരികയാണ് ഈ ചിത്രകാരന്‍. സംഗീതപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുന്നതിന്റെ ഭാഗമായി ഹരിപ്പാട്ട്, സാരംഗ പാട്ടുകൂട്ടം എന്ന സ്ഥാപനത്തില്‍ സഹകരിച്ചുവരികയാണ് മധു കുടുംബസമേതം.

You must be logged in to post a comment Login