മധ്യപ്രദേശില്‍ വോട്ടിങ് മെഷീനിലെ ക്രമക്കേട്: കലക്ടര്‍ക്കും എസ്പിക്കും സ്ഥലംമാറ്റം

മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കേണ്ട വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ബിന്ധി ജില്ലയിലെ കലക്ടര്‍ക്കും, എസ്പിക്കുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം സ്ഥലം മാറ്റം. വോട്ടിങ് മെഷീന്റെ ഡെമോ പ്രദര്‍ശനത്തില്‍ ഏത് ബട്ടനില്‍ അമര്‍ത്തിയാലും, താമര അടയാളത്തില്‍ വോട്ട് പതിയുന്ന വീഡിയോ പുറത്ത് വന്നതിനെ തടര്‍ന്ന് കമ്മീഷന്‍ നേരത്തെ വിശദീകരണം തേടിയിരുന്നു.

യുപി തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നുവെന്ന ആരോപണത്തിന് കൂടുതല്‍ ബലം പകര്‍ന്നാണ് മധ്യപ്രദേശില്‍ ഏത് ബട്ടനില്‍ കുത്തിയാലും താമരക്ക് വോട്ട് പതിയുന്ന വോട്ടിങ് യന്ത്രത്തിന്റെ വീഡിയോ പുറത്ത് വന്നത്. ബിന്ധി മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഡെമോ പ്രദര്‍ശനത്തിലായിരുന്നു ഇത് സംഭവിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇന്ന് കമ്മീഷനെ കണ്ടിരുന്നു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ കലക്ടറെയും, എസ്പിയെയും സ്ഥലം മാറ്റാന്‍ നിര്‍ദേശം നല്‍കിയത്. പകരം മൂന്ന് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പകരം ചുമതല നല്‍കണമെന്നും സര്‍ക്കാരിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. ജില്ലയിലെ പതിനേഴ് ഉദ്യഗസ്ഥരെ സംബന്ധിച്ച വിവരങ്ങളും കമ്മീഷന്‍ തേടിയിട്ടുണ്ട്. അതേസമയം ഇവിഎം യന്ത്രം ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണത്തെ മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിഷേധിച്ചു. യന്ത്രങ്ങളെല്ലാം സുരക്ഷിതമാണെന്നും, ഡെമോ പ്രദര്‍ശനത്തില്‍ സംഭവിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login