മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തെ അപമാനിച്ചു; പിണറായിക്ക് ഉമ്മന്‍ചാണ്ടിയുടെ പിന്തുണ

തിരുവനന്തപുരം: ഭോപ്പാലില്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തിരിച്ചയച്ച മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഭവം പ്രതിഷേധാര്‍ഹവും നിര്‍ഭാഗ്യകരവുമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണിത്. കേരള മുഖ്യമന്ത്രിയെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ മര്യാദകളുടെ നഗ്‌നമായ ലംഘനമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയെ തടഞ്ഞതിലൂടെ മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തെ അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ചയാണ് ഭോപ്പാലിലെ മലയാളി അസോസിയേഷനുകള്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഭോപ്പാല്‍ പോലീസ് പിണറായിയെ വിലക്കിയത്. ആര്‍എസ്എസ് പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നും ഉത്തരവാദിത്വമേല്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞാണ് പോലീസ് പിണറായിയെ തടഞ്ഞത്.

സംഭവത്തെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പിണറായിയെ നേരിട്ട് ഫോണില്‍ വിളിച്ചിരുന്നു. മധ്യപ്രദേശ് ഡിഐജിയും ഭോപ്പാല്‍ ജില്ലാ കളക്ടറും പിണറായിയെ കണ്ട് മാപ്പു പറയുകയും ചെയ്തു.

എന്നാല്‍ വിലക്കേര്‍പ്പെടുത്തിയ ശേഷം മാപ്പു പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നുമാണ് കേരളത്തില്‍ തിരിച്ചെത്തിയ ശേഷം പിണറായി പ്രതികരിച്ചത്.

സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് സംഭവം കാണിക്കുന്നത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കണ്ണൂരില്‍ എത്തിയിട്ടും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാനാകാത്തവരാണ് മധ്യപ്രദേശിലെ സംഭവത്തെ കുറ്റപ്പെടുത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സംരക്ഷണം നല്‍കാമെന്ന പോലീസ് പറഞ്ഞിട്ടും പിണറായി നിഷേധിക്കുകയായിരുന്നെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login