മനം നൊന്തു പോകുന്ന മലരുകള്‍

  • വി.കെ ശ്രീധരന്‍

page.pmd

കരിമാനം തീണ്ടിയ കര്‍ക്കിടകത്തിന് യവനിക വീണ്, ചിന്നം പിന്നം മഴ പെയ്ത് ചിങ്ങം പിറന്നു വീഴുമ്പോള്‍ മലയാളിക്ക് മണ്ണിലും വിണ്ണിലും മനസ്സിലും സമൃദ്ധിയുടെ തിരിനാളങ്ങള്‍. കാടും നാടും വയലും വഴിയോരവും കുളവും കളവും അകവും പുറവും ഓണപൂക്കണിയൊരുക്കി ത്രസിച്ചു നില്‍ക്കുമ്പോള്‍, സ്വപ്‌നങ്ങളില്ലാതെ ഇടുങ്ങിയ ഗുഡികൡ നരകയാതന അനുഭവിക്കുകയാണ് കന്നഡ -തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ഗുണ്ടല്‍പേട്ടയിലെ കര്‍ഷകര്‍. ചെമ്പട്ടണിഞ്ഞ ചെണ്ടുമല്ലി പൂപ്പാടങ്ങളില്‍ നിന്നും സ്വര്‍ണ്ണം പൂശിയ സൂര്യകാന്തിപ്പാടങ്ങൡ നിന്നും കരാര്‍ പ്രകാരം ഒരു കിലോയ്ക്ക് മൂന്നുരൂപക്ക് അവര്‍ പെയിന്റ് കമ്പിനിക്ക് പൂവ് കൊടുക്കുന്നു. ഇടവേളയ്ക്കു ശേഷമുള്ള പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് ഒരു കിലോക്ക് പരമാവധി ലഭിക്കുന്നത് അഞ്ചുരൂപയും. തമിഴ്‌നാട്ടിലെ തോവാളയില്‍ നിന്നും പുഷ്പമഞ്ജരിയെത്തുമ്പോള്‍ അധ്വാനത്തിലും ചൂഷണത്തിലും മിഴി നീരു വറ്റിയ മണ്ണിന്റെ മക്കളെ നാം സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്.

മൂന്നു പൂക്കാലങ്ങളാല്‍ സമ്പന്നമായിരുന്നു നമ്മുടെ സംസ്ഥാനം. ഇടപ്പാതി കഴിയുന്നതോടെ പുഷ്പിക്കുന്ന ചെറുസസ്യങ്ങളും മരുന്നു ചെടികളും. ഇവയാണ് ഓണപൂക്കളത്തിന്റെ ഊടും പാവും. കുറ്റിച്ചെടികളുടെ സുമവര്‍ഷം തുലാമഴയുടെ പരിസമാപ്തിയില്‍.ഗ്രീഷ്മജ്വാലകളുടെ പെള്ളലേറ്റാണ് വൃക്ഷങ്ങള്‍/ വന്‍മരങ്ങള്‍ പൂക്കുട ചൂടുന്നത്. പ്രകൃതിയുടെ ജൈവസമ്പത്ത് പൂര്‍ണ്ണവും സന്തുലിതവുമാകുന്ന പ്രസ്തുത പ്രപഞ്ചം തേഞ്ഞു മാഞ്ഞുപോയതെങ്ങനെ ? മണ്ണകങ്ങളില്‍ സമാധി പൂണ്ട വിത്തുകള്‍ ചെടികള്‍ ആണ്ടിലൊരിക്കല്‍ മിഴിതുറക്കുന്നതാണ് മാവേലിയുടെ പ്രത്യാഗമന പുരാവൃത്തമെന്ന് ഡോ. പി. രഞ്ജിത്ത് പറയുന്നുണ്ട്.(മലയാൡുടെ ഭൂതകാലം, കറന്റ് ബുക്‌സ്, തൃശൂര്‍ )ഓണം നന്മയുടെ സ്മൃതിയുണര്‍ത്തലും നഷ്ടമൂല്യങ്ങളുടെ തിരിച്ചുപിടിക്കലും കൂടിയാണ്. മാര്‍ക്കറ്റോണത്തിന്റെ നീരാളി പിടുത്തത്തില്‍നിന്ന് വിമുക്തരാകാന്‍ ഭക്ഷ്യ സ്വയം പര്യാപ്തതയുടെ രഥമേറി ,നാട്ടുപൂക്കളുടെ നറുമണം തേടി, (സ്വ) പ്രകൃതിയുടെ മടിത്തട്ടില്‍ നമുക്ക് വിലയം പ്രാപിക്കാം.

തേക്കക്കര വടക്കേക്കര
കണ്ണാന്തളി മുറ്റത്തൊരു
തുമ്പമുളച്ചു..
തുമ്പകുടത്തിലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും പാടാനും
പറയും പറക്കോലും
തുടിയും തുടിക്കോലും…
കൂടെപ്പിറന്ന
കുടമുല്ലപ്പൂവേ
പൂവേ.. പൊലി… പൂവേ… പൊലി… പൂവേ…. പൊലി …പൂവേ

ഊനം തട്ടാത്ത വട്ടയിലയും തേക്കിലയുമെടുത്ത് ഈര്‍ക്കില്‍ കൊണ്ട് തുന്നിയുണ്ടാക്കുന്ന കോട്ടാളങ്ങൡ നറുമരലുകള്‍ ശേഖരിക്കുന്ന കുട്ടികള്‍ ഇന്ന് നാട്ടുമ്പുറങ്ങൡ പോലുമില്ല. പൊന്തക്കാടും /കുറ്റിക്കാടുകളും നീര്‍ത്തടങ്ങളും കുന്നുകളും പാടശേഖങ്ങളും ഷോപ്പിംഗ് മാളുകളും റിസോര്‍ട്ടുകളുമാകുമ്പോള്‍ പാതയോരത്തുനിന്നും വയലിറുമ്പില്‍ നിന്നും തോടരുകില്‍ നിന്നുമൊക്കെ ‘കള’ കള്‍ വെട്ടി മാറ്റിസൗന്ദര്യവല്ക്കരണം നടത്തുമ്പോള്‍ നാമറിയാതെ വംശനാശത്തിലേക്ക് കൂപ്പുകുത്തുന്നത് സപുഷ്പികളായ കുഞ്ഞോമനകളുടെ സൗരഭ്യവും ഔഷധമൂല്യങ്ങളും മാത്രമല്ല, പ്രകൃതി രാഗത്തിന്റെ സൂക്ഷ്മതന്ത്രികള്‍ മീട്ടുന്ന പൂത്തുമ്പികളും തേനീച്ചകളും ഷഡ്പദങ്ങളും ചെറുപ്രാണികളും കിളികളുമൊക്കെയാണ്. ഉലകിന് മധുരിമയേകുന്ന തേരും ഒൡപരത്തുന്ന മെഴുകും വരും തലമുറയുടെ ജാതകം കുറിക്കുന്ന പരാഗണവും അങ്ങിനെ കണ്ണിയറ്റു പോകുകയാണ്. ചുറ്റുമുള്ള പരിസരത്തേയും ചെടികളേയും പൂവുകളേയും നോക്കുവാന്‍ സമയവും ശ്രദ്ധയുമില്ല എന്നതാണ് പുതുതലമുറയുടെ ശാപം.

കാമദേവന്റെ മലര്‍ശരങ്ങള്‍ വരച്ച് കര്‍ക്കിടകത്തിലും വിശേഷ ദിവസങ്ങളിലും ഒരുക്കിവെക്കുന്നതും കര്‍ക്കിടകഞ്ഞിയിലെ ഒരുകൂട്ടം ദശപുഷ്പങ്ങള്‍. ഓരോ പുഷ്പത്തിനും ഓരോ പേരും. പുഷ്പ വൃഷ്ടിയും പൂച്ചെണ്ടുകളും മലര്‍മാലകളും പൂജാ പുഷ്പങ്ങളുമൊക്കെയായി ഇത് നീളുന്നു. വയലില്‍ വയലറ്റ് നെല്ലിപ്പൂവ്, കരിനീല കരികൂവളപ്പൂ, പച്ചപ്പേന്തി പുല്ലരി പൂക്കള്‍, മഞ്ഞ വിരിച്ച് ചേരണിയും കാതില്‍പ്പൂവും ഉണ്ടാമണിയന്‍, മഞ്ഞകാന്തം അങ്ങനെയങ്ങനെ… കുളത്തില്‍ വെള്ള, നീല, ചുവപ്പ്, കമ്പളം വിരിക്കുന്ന ആമ്പലും താമരയും. ശുഭ്രവസ്ത്രമണിഞ്ഞ് ജലശംഖു പുഷ്പം. നീര്‍പ്പോളയുടെ നീലപരവതാനി. പൂക്കണ്ടലും പുഴമുല്ലയും ചുള്ളിയും വെള്ള- നീല വസ്ത്രം ധരിച്ച് വരവേല്‍ക്കാനൊരുങ്ങുന്നു.

പാറപ്പരപ്പുകളില്‍ നീലവസന്തം ചൊരിഞ്ഞ് കാക്കപ്പൂക്കള്‍, സപ്ത വര്‍ണ്ണങ്ങളുതിര്‍ത്ത് ചെത്തി, മന്ദാരം, കോളാമ്പി, തുമ്പ, ചെമ്പരത്തി, അരളി, കണ്ണാന്തളി, മുക്കുറ്റി, മുല്ലകള്‍, ഈശ്വരമുല്ല, പാവട്ട, നിലനാരകം, കാശിതുമ്പ, പിച്ചകം, അതിരാണി, കൊറ്റിപ്പൂ, പാറനീലി, കൊങ്ങിണി, കൃഷ്ണകീരിടം, കളളിപ്പൂ, കൃഷ്ണ /രാമക്രാന്തി, പ്രസാരിണി, ചേന്തോന്നി,വയറവള്ളി ചണ്ണ ( ചുവന്ന തണ്ടുള്ള മഞ്ഞള്‍ പോലെത്തെ ചെടി) കമ്മല്‍പ്പൂ, കാട്ടുലില്ലി… ഈവൈവിധ്യങ്ങളും വൈപുല്യങ്ങളും കാണാതെയും ബലികഴിച്ചും കൊണ്ടാണ് നാം പാണ്ടിപ്പൂക്കള്‍ക്കായി പണം വാരിയെറിയുന്നത്. കൂടാതെ വര്‍ണ്ണപ്പകിട്ടാര്‍ന്ന അസംഖ്യം ഇലച്ചാര്‍ത്തുകളും.

അത്തം തൊട്ട് തിരുവോണം വരെയും ഓണം കഴിഞ്ഞാല്‍ മകം വരയും അങ്കണം പുഷ്പാലംകൃതമാക്കാന്‍ കുട്ടികളുടെ മത്സരമായിരുന്നു. തെങ്ങോലമെടഞ്ഞും മുളം ഈറ്റയുടെ കുട്ടകളുമായി തൊടിയില്‍ ‘ശലഭമെന്നവണ്ണം ‘പാറിനടന്നിരുന്ന കുട്ടികള്‍. ഇല്ലം നിറയും പുത്തരിയുമൊക്കെയായി. നിറഞ്ഞു തുളുമ്പുന്ന ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും യഥാര്‍ത്ഥ സത്തയും ആനന്ദവും കണ്ടെത്തുക. മണ്ണില്‍ തരുലതകളുടെ പൂത്താലം, മാനത്ത് താരങ്ങളുടെ നിറകളം, മനസില്‍ സന്തുഷ്ടിയുടെ പൂക്കളം, മുറ്റത്ത് ബാല്യ- കൗമാരങ്ങളുടെ നിറവ്- ഓര്‍മ്മകളുടെ താഴ്‌വരകള്‍ പൂത്തിറങ്ങുന്ന ഓണനാളുകളില്‍ നാടുനീങ്ങുന്ന നാട്ടുപൂക്കള്‍ നട്ടുവളര്‍ത്തുന്നതിനും തിരിച്ചറിയുന്നതിനും പരിലാളിക്കുന്നതിനും നമുക്ക് ദൃഢ നിശ്ചയം ചെയ്യാം.

You must be logged in to post a comment Login