മനസും കീശയും നിറച്ച് മട്ടുപ്പാവിലെ കൃഷി

പുസ്തകങ്ങളില്‍നിന്നു വായിച്ചറിഞ്ഞതിന്റെ കൗതുകം കൊണ്ടു മാത്രമാണ് ഗീതു വീടിന്റെ മട്ടുപ്പാവില്‍ പച്ചക്കറിയുടെ വിത്തെറിഞ്ഞു നോക്കിയത്. പ്ലാസ്റ്റിക് ചട്ടിയില്‍ വളര്‍ത്തിയ വെണ്ടയും കുറ്റിപ്പയറുമൊക്കെ തളിരിട്ടു വളര്‍ന്നു പൊങ്ങിയപ്പോള്‍ മട്ടുപ്പാവിലെ കൃഷി ഗീതുവിന്റെ മനസു നിറയ്ക്കുകയായിരുന്നു. പിന്നെ ദിവസവും വീട്ടുജോലിക്കു ശേഷമുള്ള സമയത്തു നേരെ ടെറസിലെത്തും. 1000 ചതുരശ്രയടിയുള്ള ടെറസിലാകെ പാവലും പടവലവും പയറും തക്കളിയും എന്തിനു ചേന വരെ തളിര്‍ത്തുനില്‍ക്കാന്‍ അധികദിവസങ്ങള്‍ വേണ്ടി വന്നില്ല. ആദ്യ വിളവെടുപ്പ് വീട്ടില്‍ ഉത്സവം പോലെയായിരുന്നു. ഇപ്പോള്‍ വീട്ടിലേക്കുള്ള ഒരു പച്ചക്കറി പോലും പുറത്തുനിന്നു വാങ്ങുന്നില്ല. കറി വയ്ക്കാനുള്ള സമയമാകുമ്പോള്‍ ടെറസിലെത്തി ഒരു തരത്തിലുള്ള കീടനാശിനികളും ഉപയോഗിക്കാത്ത പച്ചക്കറികള്‍ പറിച്ചെടുക്കുമ്പോള്‍ ഗീതുവിന്റെ മനസ് അഭിമാനം കൊണ്ടുനിറയും.

അടുത്തുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൊടുത്തു കഴിഞ്ഞുള്ള പച്ചക്കറി വീട്ടുകാരുടെ സഹായത്തോടെ കടകളില്‍ എത്തിച്ചു കൊടുക്കാന്‍ തുടങ്ങിയതോടെയാണ് മട്ടുപ്പാവിലെ കൃഷി വരുമാനമാര്‍ഗം കൂടി ആയിത്തുടങ്ങിയത്. ജൈവരീതിയില്‍ ടെറസില്‍ വളര്‍ത്തുന്ന പച്ചക്കറിയുടെ ഗുണങ്ങള്‍ കേട്ടറിഞ്ഞ് ഇപ്പോള്‍ നിരവധി കുടുംബങ്ങളാണ് ഇതു വാങ്ങാനായി എത്തിത്തുടങ്ങിയിട്ടുണ്ട്. വലിയ ആയാസം കൂടാതെ എല്ലാവര്‍ക്കും ടെറസിലെ കൃഷി പരീക്ഷിക്കാമെന്നും ഗീതു സാക്ഷ്യപ്പെടുത്തുന്നു. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളുടെ നല്ലൊരു ഭാഗം മട്ടുപ്പാവിലെ കൃഷിയിലൂടെ വിളയിച്ചെടുക്കാന്‍ സാധിക്കും.ടെറസ്സില്‍ പച്ചക്കറി വളര്‍ത്തുന്നതിനായി പ്ലാസ്റ്റിക്ചാക്ക്, മണ്‍ചട്ടി, പ്ലാസ്റ്റിക് ചട്ടി, ഗ്രോ ബാഗ് തുടങ്ങിയവയെല്ലാം ഉപയോഗിക്കാം.

മേല്‍മണ്ണ്, മണല്‍, ഉണക്കിപ്പൊടിച്ച ചാണകം എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് നടീല്‍മിശ്രിതം തയ്യാറാക്കാം. ഇത് ചാക്കുകളിലും ചട്ടികളിലും മുക്കാല്‍’ഭാഗം വരെ നിറച്ച് പച്ചക്കറി കൃഷിചെയ്യാം. ചാക്ക്, ഗ്രോ ബാഗ് എന്നിവയുടെ മുകള്‍വശത്തെ കാല്‍ഭാഗം പുറത്തേക്ക് മടക്കിവെക്കേണ്ടതാണ്. മണ്‍മിശ്രിതം നിറച്ച ചാക്കുകള്‍ രണ്ട് ഇഷ്ടികകള്‍ സമാന്തരമായിവെച്ച് അതിന് മുകളില്‍ വെക്കണം. ഇത് ടെറസ്സിനോട് ചേര്‍ന്ന് വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ സഹായിക്കും. ചകിരിച്ചോറ് കമ്പോസ്റ്റ്, ചെറിയ കഷ്ണങ്ങളാക്കിയ തൊണ്ട് എന്നിവ മണ്ണ്മിശ്രിതത്തില്‍ ചേര്‍ത്താല്‍ ജലാംശം പിടിച്ചുനിര്‍ത്താം. അതോടൊപ്പം നടീല്‍ മാധ്യമത്തിന്റെ ‘ഭാരം കുറയ്ക്കുകയും ചെയ്യാം.ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് പച്ചക്കറികൃഷിക്ക് ഉത്തമം. വെയില്‍ കുറഞ്ഞ സ്ഥലത്ത് ഇഞ്ചി, മുളക്, ചേന, പയര്‍, വെള്ളരി, പാവല്‍, പടവലം എന്നിവയെല്ലാം നേരിട്ട് വിത്തുപാകി കൃഷിചെയ്യേണ്ട വിളകളാണ്. മുളക്, ചീര, തക്കാളി, വഴുതന തുടങ്ങിയവ തൈകള്‍ പറിച്ചുനട്ടാണ് കൃഷിചെയ്യേണ്ടത്.

gritblog 003

വിത്ത് പാകിക്കഴിഞ്ഞാല്‍ ആവശ്യത്തിന് നനയ്ക്കണം. നാലില പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാന്‍ പാകമാകും. വൈകുന്നേരമാണ് പറിച്ചുനടീലിന് അനുയോജ്യമായ സമയം. നട്ടശേഷം രണ്ടോ മൂന്നോ ദിവസത്തേക്ക് തണല്‍ ആവശ്യമാണ്.ടെറസ്സിലെ ഇരുമ്പുവളയങ്ങളില്‍ മുളയോ മടലോ നാട്ടി കയര്‍ വലിച്ചുകെട്ടി, പടര്‍ന്നുവളരുന്ന പച്ചക്കറികളായ പയര്‍, പാവല്‍, പടവലം എന്നിവയ്ക്ക് പന്തലൊരുക്കാം. വെള്ളരി, മത്തന്‍ തുടങ്ങിയ വിളകള്‍ പടര്‍ന്നുവളരാന്‍ ടെറസ്സില്‍ ഓലവിരിച്ചുകൊടുത്താല്‍ മതിയാകും.മട്ടുപ്പാവില്‍ കൃഷിചെയ്യുമ്പോള്‍ ജൈവരീതിയാണ് അനുവര്‍ത്തിക്കേണ്ടത്. ചാണകപ്പൊടി, ചാരം, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, മറ്റ് പിണ്ണാക്കുകള്‍ എന്നിവയെല്ലാം ജൈവവളമായി ഉപയോഗിക്കാം. ആഴ്ചതോറും ഓരോ പിടി ജൈവവളം ചാക്കിലെ മണ്ണുമായി ഇളക്കിച്ചേര്‍ത്ത് കൊടുക്കണം.ചെടിയുടെ ഇലകളിലും തണ്ടിലും വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. വളം ചേര്‍ത്തശേഷം നനയ്‌ക്കേണ്ടതാണ്.

പച്ചച്ചാണകം, വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടിപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ച് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചശേഷം ചെടികള്‍ക്ക് പത്തുദിവസം കൂടുമ്പോള്‍ നല്‍കുന്നതും നല്ലതാണ്.മട്ടുപ്പാവിലെ പച്ചക്കറികള്‍ ദിവസവും നനയ്ക്കണം. പരിമിതമായ അളവിലേ വെള്ളമൊഴിക്കാവൂ. മണ്ണ് നനയാന്‍ ആവശ്യമായ വെള്ളംമാത്രം കപ്പില്‍ എടുത്ത് ഒഴിക്കുന്നതാണ് നല്ലത്. ടെറസ്സിലേക്ക് വെള്ളം ഇറ്റുവീഴുന്ന തരത്തില്‍ ഒഴിക്കരുത്. രാവിലെയും വൈകുന്നേരവും വെള്ളമൊഴിക്കണം.രോഗംവന്ന ഇലകളും ചെടികളുമെല്ലാം പറിച്ച് നശിപ്പിക്കണം. തൈകള്‍ വളര്‍ന്നുവരുമ്പോള്‍ മണ്ണിന്റെ നിരപ്പില്‍വെച്ച് അഴുകിപ്പോകുന്നത് സാധാരണയാണ്. അതിനാല്‍ വിത്തുപാകുന്നതിനുമുമ്പ് സ്യൂഡോമോണാസ് എന്ന ജൈവ കുമിള്‍നാശിനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് മണ്ണ് കുതിര്‍ക്കുന്നത് കുമിള്‍രോഗത്തെ നിയന്ത്രിക്കും.

ഇത് രണ്ടാഴ്ചയിലൊരിക്കല്‍ ചെടികളില്‍ തളിച്ചുകൊടുക്കുന്നത് ഇലകരിച്ചില്‍, ഇലപ്പുള്ളി, വാട്ടരോഗം എന്നിവയെ നിയന്ത്രിക്കും.രാസകീടനാശിനികള്‍ക്കുപകരം വേപ്പെണ്ണ എമല്‍ഷന്‍, ഗോമൂത്രം കാന്താരിമുളക് മിശ്രിതം തുടങ്ങിയവ വീട്ടില്‍ത്തന്നെ തയ്യാറാക്കി കീടങ്ങളെ ജൈവരീതിയില്‍ നിയന്ത്രിക്കാം. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനി ഒരു ലിറ്റര്‍ വേപ്പെണ്ണയില്‍ ചേര്‍ത്തിളക്കുക. ഇത് പത്തിരട്ടി വെള്ളം ചേര്‍ത്ത് പയറിനെ ആക്രമിക്കുന്ന ചിത്രകീടം, പേനുകള്‍ എന്നിവയ്‌ക്കെതിരെ തളിക്കാം. ലായനി ഇരുപത് ഇരട്ടിവെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുവേണം പാവല്‍, പടവലം മുതലായ വിളകള്‍ക്ക് തളിക്കാന്‍.നാലുഗ്രാം പാല്‍ക്കായം ഒരു ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് ഒരു ഗ്രാം സോഡാപ്പൊടിയും നാല് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തിളപ്പിച്ചാല്‍ ചീരയിലെ ഇലപ്പുള്ളി നിയന്ത്രിക്കാം.

You must be logged in to post a comment Login