മന്ത്രി കെ.ടി ജലീലിന് മുഖ്യമന്ത്രിയുടെ പിന്തുണ; കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ല

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ വിവാദ ബന്ധു നിയമനത്തില്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നിയമനം നല്‍കിയത് ഡെപ്യൂട്ടേഷന്‍ വഴിയാണ്. അപേക്ഷ ക്ഷണിച്ച ശേഷം സര്‍ക്കാരിന് യോജിച്ച ആളെന്ന് കണ്ടെത്തിയാണ് അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആദ്യം അഭിമുഖത്തിന് വന്നവര്‍ക്ക് നിശ്ചിത യോഗ്യതയുണ്ടായിരുന്നില്ല. അതിനാല്‍ നേരത്തെ അപേക്ഷ നല്‍കിയ അദീബിനെ നിയമിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് വിവാദമുണ്ടായപ്പോള്‍ അദീപ് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോയി. നേരത്തെ കെഎം മാണി മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫായി ഡെപ്യൂട്ടേഷന്‍വഴി ഇത്തരത്തില്‍ നിയമനം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

കെ. മുരളീധരനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. വിഷയത്തില്‍ കാര്യമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കെ. മുരളീധരന്‍ രംഗത്തു വന്നു. നിയമന യോഗ്യതയെ ഉള്‍പ്പെടെ മന്ത്രിസഭയുടെ അനുമതിയില്ലാതെ മാറ്റിയെന്നും മുരളീധരന്‍ പറഞ്ഞു. ജലീലിനൊപ്പം തന്നെ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്കും വിഷയത്തില്‍ തുല്യ പങ്കാണുള്ളതെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login