മന്ത്രി കെ രാജു കോട്ടയത്ത് അവലോകന യോഗത്തില്‍ പങ്കെടുത്തു; പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറിയോടും മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി

കോട്ടയം: സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജര്‍മനിയില്‍ പോയ മന്ത്രി കെ രാജു കോട്ടയത്ത് അവലോകന യോഗത്തില്‍ പങ്കെടുത്തു. മാധ്യമങ്ങളെ അറിയിക്കാതെയാണ് യോഗം ചേര്‍ന്നത്. തനിക്ക് പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറിയോടും മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുണ്ടെന്നും രാജു വ്യക്തമാക്കി.

രാജുവിന്റെ വിദേശ യാത്ര വിവാദം സൃഷ്ടിച്ചിരുന്നു. ഇക്കാര്യം ചചടര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റ് 28ന് സിപിഐ എക്‌സിക്യൂട്ടീവ് യോഗം ചേരും. കടുത്ത നടപടിയുണ്ടാകില്ലെന്നാണ് സൂചന. അതേസമയം, രാജി വെപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്.

കെ രാജു ജര്‍മന്‍ യാത്ര നടത്തിയതിനെ ന്യായീകരിക്കരുതെന്ന് പാര്‍ട്ടിയുടെ നിര്‍ദേശം. മന്ത്രിയുടെ യാത്രയില്‍ തെറ്റില്ലെന്ന വാദം പാര്‍ട്ടി തള്ളി. യാത്രയ്ക്ക് മുമ്പെ മന്ത്രി രാജു ചുമതല പി തിലോത്തമന് കൈമാറിയത് മുഖ്യമന്തി അറിയാതെയാണെന്ന് വിവരം.സ്വന്തം ലെറ്റര്‍പാഡിലാണ് മന്ത്രി രാജു പി തിലോത്തമന് ചുമതല കൈമാറിയത്. രാജുവിനെതിരെ കൂടുതല്‍ ആക്ഷേപം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ ന്യായീകരണം ആവശ്യമില്ലെന്നും പാര്‍ട്ടി മന്ത്രി രാജുവിന് നിര്‍ദേശം നല്‍കി.

കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്ത ശേഷമാണ് താന്‍ ജര്‍മ്മനിക്ക് പോയതെന്നും അപ്പോള്‍ വലിയതോതില്‍ പ്രകൃതിക്ഷോഭം ഉണ്ടായിരുന്നില്ലെന്നുമാണ് രാജുവിന്റെ നിലപാട്. ജര്‍മ്മനിയില്‍ ചെന്ന ശേഷമാണ് പ്രളയത്തെക്കുറിച്ച് വിവരം ലഭിച്ചത്. അപ്പോള്‍ തന്നെ മടങ്ങാനുള്ള ശ്രമവും തുടങ്ങിയെന്നും രാജു പറയുന്നു. മാത്രമല്ല, മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും അറിഞ്ഞാണ് യാത്ര നടത്തിയതെന്നും രാജു അവകാശപ്പെട്ടു. രാജുവിന്റെ ഈ പ്രസ്താവനയില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനയാണ് രാജുവിന്റേതെന്നാണ് നേതാക്കള്‍ പറയുന്നത്. കേരളം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ വിവേചന ബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം സി.പി.ഐ നേതൃത്വത്തില്‍ ശക്തമാണ്.

You must be logged in to post a comment Login