മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതില്‍ നിന്ന് എഎജിയെ മാറ്റി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കി പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തി. സിപിഐ നോമിനിയായിരുന്ന രഞ്ജിത് തമ്പാനെയാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതില്‍നിന്ന് മാറ്റിയത്. അതേസമയം കയ്യേറ്റം സ്ഥിരീകരിക്കുന്ന കക്ടറുടെ റിപ്പോര്‍ട്ട് വകുപ്പ് ഹൈക്കോടതിയില്‍ നല്‍കി.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ എ.എ.ജി.യാണ് ഹാജരാകാറുള്ളത്. റവന്യൂവകുപ്പിനെ വിശ്വാസത്തിലെടുക്കാത്ത നടപടികള്‍ ആവര്‍ത്തിച്ചുണ്ടാകുന്നതില്‍ സിപിഐ കടുത്ത പ്രതിഷേധത്തിലാണ്.

തോമസ് ചാണ്ടിയുടെ പേരിലുള്ള കേസില്‍ സിപിഐയും റവന്യൂ വകുപ്പും കര്‍ശനനിലപാടാണ് സ്വീകരിച്ചുവരുന്നത്. കലക്ടറുടെ റിപ്പോര്‍ട്ടുപ്രകാരം കായലും പുറമ്പോക്കും കയ്യേറിയതിന് ക്രിമിനല്‍ കേസടക്കം എടുക്കാവുന്നതാണെന്ന കുറിപ്പ് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഹരിത ട്രിബ്യൂണലിലെ മൂന്നാര്‍ കേസില്‍ രഞ്ജിത് തമ്പാനെ ഒഴിവാക്കാന്‍ ശ്രമമുണ്ടായിരുന്നു. സിപ.ഐ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ശ്രമം ഉപേക്ഷിച്ചെങ്കിലും സിപിഐഎമ്മിന്റെ കര്‍ഷകസംഘടനയെ കക്ഷിചേര്‍ക്കുകയായിരുന്നു.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ റവന്യൂ മന്ത്രിയുടെ അഭിപ്രായം തഴഞ്ഞ് കലക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് അറിയുന്നു.

You must be logged in to post a comment Login