മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്നു; നായിക നയൻതാര: അണിയറയിൽ വമ്പൻ തമിഴ് ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

പേരൻപിനു ശേഷം മമ്മൂട്ടി വീണ്ടും തമിഴ് സിനിമയിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. മമ്മൂട്ടിയോടൊപ്പം വിജയ് സേതുപതിയും നയൻ താരയും അഭിനയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മമ്മൂട്ടിയുടെ വില്ലനായാണ് വിജയ് സേതുപതി അഭിനയിക്കുകയെന്നാണ് വിവരം. ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.

നവാഗതനായ വിപിന്‍ ആണ് സംവിധാനം. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. തമിഴില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലും മൊഴി മാറ്റി എത്താന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സംഭവം സത്യമാണെന്നാണ് അറിയാൻ കഴിഞ്ഞത്.

ജയറാമിനൊപ്പം ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറിയിരുന്നു. അടുത്തിടെയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. നിലവില്‍ തെലുങ്കില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് വിജയ് സേതുപതിയിപ്പോള്‍.

അന്തർദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു റാം സംവിധാനം ചെയ്ത ‘പേരൻപ്.’ ചിത്രത്തിലൂടെ മമ്മൂട്ടി ദേശീയ പുരസ്കാരം സ്വന്തമാക്കുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ജൂറി തഴഞ്ഞു.

You must be logged in to post a comment Login