മമ്മൂട്ടിയുടെ വീട്ടില്‍ പാപ്പയുടെ കുടുംബം; ദുല്‍ക്കറിനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ്‌

കൊച്ചി: മമ്മൂട്ടി ചിത്രം പേരന്‍പ് തമിഴ്‌നാട്ടിലും കേരളത്തിലും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടിക്കൊപ്പം അഭിനയക്കരുത്തില്‍ ശക്തമായ വേഷം കാഴ്ചവെയ്ക്കുന്ന സാധനയുടെ പാപ്പ എന്ന കഥാപാത്രവും പ്രേക്ഷക കൈയടി നേടുകയാണ്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയായി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സാധന നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിനൊപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെയും ദുല്‍ഖറിനെയും കണ്ടതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സാധനയും കുടുംബവും.

സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കടേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.യഥാര്‍ഥ മനുഷ്യനാണ് മമ്മൂക്ക. ഈ കുറിപ്പ് അദ്ദേഹത്തിനുള്ള നന്ദിയാണ്. ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതിനും ദുല്‍ഖര്‍ സല്‍മാനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതിനും. ചെല്ലമ്മ (സാധനയുടെ വിളിപ്പേര്) ദുല്‍ഖറിന്റെ വലിയ ആരാധികയാണ്.’

വീട്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ കണ്ട ദുല്‍ഖറിന്റെ വിനയം ഞങ്ങളെ അമ്പരപ്പിച്ചു. ഷൂട്ടിങ് തിരക്കുകള്‍ക്ക് ശേഷമെത്തിയ അദ്ദേഹം, ഒരു മണിക്കൂര്‍ നേരം ഞങ്ങള്‍ക്കൊപ്പം ചെലവിട്ടു. റാമിനെയും സാധനയെയും പ്രശംസിച്ചു. മമ്മൂട്ടി സാറും വളരെ സന്തോഷവാനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബമായിരിക്കുന്നതായി തോന്നി തിരികെ പോരുമ്പോള്‍.

ഇതാണ് പേരന്‍പിന്റെ പേരില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡെന്ന് തോന്നുന്നു. ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും.’ അദ്ദേഹം കുറിച്ചു. റാമിന്റെ തന്നെ തങ്കമീന്‍ങ്കള്‍ എന്ന ചിത്രത്തിലൂടെയാണ് സാധന സിനിമയിലെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്‌കാരവും സാധനയ്ക്ക് ലഭിച്ചിരുന്നു.

You must be logged in to post a comment Login