പിതാവിന്റെ പാതയിലൂടെയാണ് നടന്നു വന്നതെങ്കിലും മലയാള സിനിമയില്‍ സ്വന്തം സ്റ്റൈല്‍ കണ്ടെത്തിയിരിക്കുകയാണ് നടന് ദുല്‍ക്കര്‍ സല്മാന്. അഭിനയവും നൃത്തവും പാട്ടും വഴങ്ങുമെന്ന് ഇതിനകം തെളിയിച്ചിട്ടുള്ള ദുല്‍ക്കര്‍ ഇനി മറ്റൊരാള്‍ക്ക് വേണ്ടി പാടാനും തയ്യാറെടുക്കുകയാണ്. അതും സ്വന്തം ബാപ്പ മമ്മൂട്ടിക്ക് വേണ്ടി തന്നെ.
മമ്മൂട്ടിയുടെ പുതിയചിത്രം മംഗഌഷിലാണ് ദുല്‍ക്കര്‍ പാടുന്നത്. ദുല്‍ക്കറിന്റെ ആദ്യഗാനം ‘ജോണി മോനെ ജോണി’ പോലെ ഒരു പെപ്പി നമ്പര്‍. ആദ്യ സിനിമാഗാനം പാടിച്ച യുവ സംഗീത സംവിധായകന് ഗോപീ സുന്ദര്‍ തന്നെയാണ് ഇത്തവണയും ദുല്‍ക്കറിന് പാട്ട് നല്‍കിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയാണ് പാട്ടെഴുതിയിരിക്കുന്നത്. സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു തമാശഗാനമാണ് ഇത്.
സംഗീത രംഗത്ത് എന്റെ അപക്വമായ കാല്‍വെയ്പ്പുകളെ സഹായിച്ച ഗോപീ സുന്ദറിനും അവസരം തന്ന സലാം ബാപ്പുവിനും എല്ലാറ്റിനുമുപരി ജീവിതത്തില്‍ തനിക്ക് എല്ലാം നല്കിയ തന്റെ ഹീറോ വാപ്പിച്ചിക്കും നന്ദിയെന്ന് ദുല്‍ക്കര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മത്സ്യക്കച്ചവടക്കാരനായ മാലിക് ഭായിയെയാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുന്നത്. ദുല്‍ക്കറിന്റെ ആദ്യഗാനം എബിസിഡിയിലെ ജോണി മോനേ ജോണി ആയിരുന്നു. ഇതിന് വലിയ സ്വീകരണമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ മകനാണെങ്കിലും തന്റേതായ വേറിട്ട അഭിനയ രീതി പ്രകടമാക്കുന്ന ദുല്‍ക്കറിന് മമ്മൂട്ടിയുടേതിന് സമാനമായ ശബ്ദം വലിയ മുതല്‍ക്കൂട്ടാണ്.
You must be logged in to post a comment Login