മമ്മൂട്ടി മലയാളികളുടെ ഫാഷൻ ഐക്കൺ; താൻ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണെന്ന് സമീറ സനീഷ്

താൻ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണെന്ന് പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്. മമ്മൂട്ടി മലയാളിയുടെ ഫാഷൻ ഐക്കണാണെന്ന് അഭിപ്രായപ്പെട്ട സമീറ, ഏത് വസ്ത്രം ധരിച്ചാലും അദ്ദേഹത്തിനിണങ്ങുമെന്നും കൂട്ടിച്ചേർത്തു. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് സമീറ മനസ്സു തുറന്നത്.

“ഞാൻ കടുത്ത മമ്മൂക്ക ഫാനാണ്. ഡാഡി കൂൾ സമയത്ത് വല്ലാത്ത എക്സെെറ്റ്മെന്റായിരുന്നു. വർഷങ്ങളായി മലയാളികളുടെ ഫാഷൻ ഐക്കൺ ആണല്ലോ മമ്മൂക്ക. ഏത് ഡ്രസിട്ടാലും ആ ശരീരത്തിൽ ചേരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മമ്മൂക്ക സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോഴാണ് കോസ്റ്റ്യൂം ഡിസെെനർ എന്ന നിലയിൽ കടുത്ത വെല്ലുവിളി നേരിടുന്നത്. എത്ര മോശം ഡ്രസ് കൊടുത്താലും മമ്മൂക്ക അതിട്ടാൽ ഒരു സമ്പന്നനായ വ്യക്തിയാണെന്നേ തോന്നൂ. അതുകൊണ്ടുതന്നെ അത്തരം കഥാപാത്രങ്ങൾക്ക് വേണ്ടി ഡിസെെൻ ചെയ്യുമ്പോൾ പരമാവധി ഡൾ ആക്കിയിട്ടാണ് കൊടുക്കാറ്. വളരെ സോഫ്ടായിട്ടുള്ള മെറ്റീരിയലാണ് മമ്മൂക്കയ്ക്ക് പൊതുവെ ഇഷ്ടം”.-സമീറ പറയുന്നു.

മലയാള സിനിമയിലെ വസ്ത്രാലങ്കാര മേഖലയിലെ ശ്രദ്ധേയമായ പേരുകളിലൊന്നാണ് സമീറ സനീഷ്. പരസ്യ ചിത്രങ്ങളിലൂടെ തൻ്റെ കരിയർ ആരംഭിച്ച സമീറ ഡാഡി കൂളിലൂടെയാണ് തൻ്റെ സിനിമാ ജീവിതം ആരംഭിച്ചത്. ഏകദേശം 150ഓളം സിനിമകളിൽ അവർ വസ്ത്രാലങ്കാരം നിർവഹിച്ചു കഴിഞ്ഞു. മമ്മൂട്ടിച്ചിത്രം ഗാനഗന്ധർവൻ ആണ് സമീറയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ.

You must be logged in to post a comment Login