‘മയക്കുമരുന്നിനെതിരെ പ്രതിജ്ഞ ചൊല്ലാൻ ഞാനില്ല, നിങ്ങൾ മമ്മൂട്ടിയെയോ ജഗദീഷിനെയോ വിളിക്കൂ’: സലീം കുമാർ

'മയക്കുമരുന്നിനെതിരെ പ്രതിജ്ഞ ചൊല്ലാൻ ഞാനില്ല, നിങ്ങൾ മമ്മൂട്ടിയെയോ ജഗദീഷിനെയോ വിളിക്കൂ': സലീം കുമാർ

മയക്കുമരുന്നിനെതിരായ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ച സംഘാടകരെ മടക്കിയയച്ച കഥ പറഞ്ഞ് നടൻ സലികുമാർ. ‘മയക്കുമരുന്നിനെതിരായ പ്രതിജ്ഞ ചൊല്ലാൻ എനിക്ക് പറ്റില്ല. ഞാൻ സിഗരറ്റ് വലിക്കാറുണ്ട്. സിഗരറ്റ് മയക്കുമരുന്ന് അല്ലെങ്കിലും അതുപോലെയാണ്. ഒന്നുകിൽ നിങ്ങൾ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കിൽ ജഗദീഷിനെ വിളിക്കുക, അതുമല്ലെങ്കിൽ കുഞ്ചാക്കോ ബോബനെ വിളിക്കുക’- സലിംകുമാർ പറഞ്ഞു. ചങ്ങനാശേരി എസ്.ബി കോളേജിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് സലിംകുമാർ ഇക്കാര്യം പറഞ്ഞത്.

പരിപാടിയിൽ നടൻ കുഞ്ചാക്കോ ബോബനെ വാനോളം പ്രശംസിക്കുകയും ചെയ്തു സലിംകുമാർ. പുതുതലമുറ നടൻമാരിൽ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. അവൻ ഈ കോളേജിന്‍റെ സന്തതിയാണെന്നും സലിംകുമാർ പറഞ്ഞു. ഇക്കാര്യം പറഞ്ഞപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സദസ് അത് ഏറ്റെടുത്തത്.

സ്വന്തം മരണം കണ്ട് കണ്ണുതള്ളിപ്പോയ ഒരാളാണ് താൻ എന്ന് സലിംകുമാർ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി വരുന്ന വ്യാജ മരണവാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘എനിക്ക് ഒരു അസുഖം പിടിപെട്ടപ്പോൾ ഫേസ്ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും ആളുകൾ പതിനാറടിയന്തരം വരെ നടത്തി’- സലിംകുമാർ പറഞ്ഞു. അസുഖം പിടിപെട്ട് ഐസിയുവിൽ കിടന്ന നാളുകൾ വലിയ മാറ്റം വരുത്തിയെന്ന് താരം പറഞ്ഞു. കൈയെത്തുംദൂരത്ത് മരണം നിൽക്കുകയായിരുന്നു. മനസിൽ എന്തെങ്കിലും ദുഷ്ടതകളുണ്ടെങ്കിൽ അതെല്ലാം അന്ന് അവസാനിപ്പിച്ചതാണെന്നും സലിംകുമാർ പറഞ്ഞു.

You must be logged in to post a comment Login