മരച്ചുവട്ടില്‍ ആദിവാസി മുത്തശ്ശിക്ക് കൂട്ട് പട്ടിണിയും കൊടുംതണുപ്പും

ചെറുതോണി: വീട്ടുകാരും അധികൃതരും അവഗണിച്ച തൊണ്ണൂുറുകാരിയായ മുത്തശ്ശി കിടപ്പാടവും ഭക്ഷണവുമില്ലാതെ കൊടുംതണുപ്പില്‍ മരച്ചുവട്ടില്‍ നരകജീവിതം നയിക്കുന്നു. ഇടുക്കി ജില്ലാ ആസ്ഥാനത്തിനടുത്ത് മണിയാറന്‍കുടി വട്ടമേട്ടില്‍ ഇലവുംകടി കുഞ്ഞുപെണ്ണിനാണ് ഈ ദുരവസ്ഥ.
ആദിവാസിയായ മുത്തശ്ശി പട്ടിണികൊണ്ട് തളര്‍ന്നപ്പോഴാണ് മരച്ചുവട്ടില്‍ പ്ലാസ്റ്റിക് മറച്ചുകെട്ടിയ കൂരയില്‍നിന്ന് ഇഴഞ്ഞ് പുറത്തെത്തിയത്.  വട്ടമേട് വനമേഖലയോട് ചേര്‍ന്നാണ് കുഞ്ഞുപെണ്ണ് കഴിഞ്ഞിരുന്നത്.രണ്ട് മക്കളുണ്ടെങ്കിലും അവര്‍ അമ്മയെ അവഗണിച്ചുവത്രേ. സ്വന്തമായി കൃഷി ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. സര്‍ക്കാര്‍ അനുവദിച്ച വീടിന്റെ പണി പൂര്‍ത്തീകരിക്കാതെ കരാറുകാരന്‍ പണം വാങ്ങി സ്ഥലം വിട്ടു. ഇത് നിലവില്‍ കാട് കയറി നശിച്ചു കിടക്കുകയാണ്. പ്ലാസ്റ്റിക് കൊണ്ട് ഷെഡ് നിര്‍മിച്ച് അതിലാണ് കുഞ്ഞുപെണ്ണിന്റെ താമസം. പുരയിടത്തിന്റെ സമീപത്ത് കൂടി ഒഴുകുന്ന തോടിന് കുറുകെ പഞ്ചായത്ത് പണിത പാലം കടന്നായിരുന്നു കുഞ്ഞുപെണ്ണ് വിവിധ ആവശ്യങ്ങള്‍ക്ക് റോഡില്‍ എത്തിയിരുന്നത്.  എന്നാല്‍ കഴിഞ്ഞ മഴക്കാലത്ത് തോട്ടിലെ ഒഴുക്കില്‍ പാലത്തിലേക്ക് കയറുന്ന ഭാഗം ഒലിച്ചു പോയി. ഇതിനാല്‍ പാലത്തിലൂടെ കടക്കുവാന്‍ കഴിയാതെ കുഞ്ഞുപെണ്ണ് ഷെഡ്ഡില്‍ കുടുങ്ങി. പട്ടിണി കിടന്ന് മടുത്തപ്പോള്‍ കഴിഞ്ഞ ദിവസം ഇഴഞ്ഞും നിരങ്ങിയും പാലത്തിലൂടെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ തോട്ടില്‍ വീണു പോയി. തോട്ടില്‍ കിടന്ന് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. പിന്നീട് സമീപവാസിയാണ് തോട്ടില്‍ വിറങ്ങലിച്ചു കിടക്കുന്ന കുഞ്ഞുപെണ്ണിനെ കണ്ടത്. ഇയാള്‍ രക്ഷപ്പെടുത്തി ഷെഡ്ഡില്‍ എത്തിച്ച് തീകത്തിച്ച് ചൂടും ഭക്ഷണവും നല്‍കി.  ഇതോടെയാണ് കുഞ്ഞുപെണ്ണിന്റെ ദുരവസ്ഥ പുറംലോകം അറിഞ്ഞത്. പട്ടികവര്‍ഗ പ്രമോട്ടര്‍മാരും പഞ്ചായത്ത് തല ആരോഗ്യപ്രവര്‍ത്തകരും ഈ ആദിവാസി മുത്തശ്ശിയുടെ സമീപത്ത് എത്തിയിരുന്നെങ്കില്‍ ഇവര്‍ പട്ടിണി കിടന്ന് നരകിക്കേണ്ടി വരില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സമീപവാസികളാണ് ഭക്ഷണവും, വെള്ളവും നല്‍കി നിലവില്‍ മുത്തശ്ശിയെ സംരക്ഷിക്കുന്നത്.

You must be logged in to post a comment Login