മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആളെ തേടി പത്ര പരസ്യം നല്‍കി നഗരസഭ; പൊളിക്കല്‍ നടപടി ഉടന്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ പത്രങ്ങളില്‍ പരസ്യം നല്‍കി. പതിനഞ്ചു നിലകള്‍ വീതമുള്ള നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ താത്പര്യമുള്ള ഏജന്‍സികള്‍ ഈ മാസം 16 നകം അപേക്ഷ സമര്‍പ്പിക്കണം. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ പാനല്‍ തയാറാക്കും. ഫ്‌ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കും. വിഷയത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം ആരംഭിച്ചു. ചെയര്‍പേഴ്‌സണ്‍ ടി.എച്ച്. ന ദീറയുടെ അധ്യക്ഷതയിലാണു യോഗം.

കെട്ടിടങ്ങള്‍ പൊളിച്ചുകളയുന്നതുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട നടപടികള്‍, ഇതിനാവശ്യമായ സാങ്കേതിക, സാമ്പത്തിക കാര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യും. പൊളിക്കാനാവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും സര്‍ക്കാര്‍ ഉറപ്പുനല്‍കിയ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സഹകരണം സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്‌തേക്കും. അതിനിടെ, ഫ്‌ളാറ്റുകളില്‍നിന്ന് മാറണമെന്നുകാട്ടിയുള്ള നോട്ടീസ് നഗരസഭ ഉടമകള്‍ക്ക് ചൊവ്വാഴ്ച നല്‍കും. ഇതുസംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ഈ മാസം 20നു മുമ്പ് പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ആറിനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അന്ത്യശാസനം നല്‍കിയത്.

You must be logged in to post a comment Login