മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; സാങ്കേതിക വിദഗ്ധ സമിതി ഇന്ന് യോഗം ചേരും

മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ സാങ്കേതിക വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ സമീപത്തെ വീടുകളില്‍ വിള്ളല്‍ വീണ പശ്ചാത്തലത്തിലാണ് യോഗം.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ സമീപത്തെ വീടുകളില്‍ വിള്ളലുകള്‍ ഉണ്ടായത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാങ്കേതിക വിദഗ്ധ സമിതിയുടെ ഇന്നത്തെ യോഗം. പ്രദേശവാസികള്‍ വിദഗ്ധ സമിതി അംഗങ്ങളെ നേരില്‍ കണ്ട് ആശങ്കകള്‍ അറിയിക്കും.

പൊളിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് സമീപത്തെ, വിള്ളല്‍ വീണ വീടുകള്‍ സാങ്കേതിക വിദഗ്ധര്‍ സന്ദര്‍ശിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച് ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.

ഇന്‍ഷുറന്‍സ് എത്രയും വേഗം ഏര്‍പ്പെടുത്തണമെന്നും നിലവില്‍ വിള്ളലുകള്‍ വീണ വീടുകളെയും ഉള്‍പ്പെടുത്തണമെന്നുമുള്ള ആവശ്യവുമുയര്‍ന്നിട്ടുണ്ട്. ഇന്‍ഡോറില്‍ നിന്നുള്ള വിദഗ്ധന്‍ എസ് ബി സര്‍വാ തെ ഉള്‍പ്പെടെയുള്ളവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.

You must be logged in to post a comment Login