മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസിനെതിരെ ഫ്ലാറ്റ് ഉടമകൾ ഹൈക്കോടതിയിലേക്ക്

കൊച്ചി: മരടിലെ പൊളിച്ച് നീക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച ഫ്ലാറ്റിലെ ഉടമകൾക്ക് നഗരസഭ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസിനെതിരെ ഉടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും. അതേസമയം ഫ്ലാറ്റ് ഉടമകൾക്ക് ഒഴിയാൻ നഗരസഭ നൽകിയിരുന്ന സമയ പരിധി നേരത്തെ അവസാനിച്ചിരുന്നു.

ഫ്ലാറ്റ് ഒഴിയാൻ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ളവർ തന്നെ നീതി നിഷേധം കാണിക്കുന്നുവെന്ന് ഫ്ലാറ്റുടമകൾ കോടതിയിൽ വ്യക്തമാക്കും.

അതേസമയം ഫ്ലാറ്റുടമകളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. തങ്ങള്‍ ഒഴിയില്ലെന്ന നിലപാടിൽ തന്നെയാണ് ഫ്ലാറ്റുടമകള്‍. ഫ്ലാറ്റുടമകള്‍ റിലേ സത്യഗ്രഹം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഒഴിപ്പിക്കില്ലയെന്ന് സർക്കാർ പറഞ്ഞാൽ മാത്രമേ സമരരംഗത്ത് നിന്ന് പിന്മാറുകയുള്ളു എന്നാണ് ഉടമകൾ പറയുന്നത്.

You must be logged in to post a comment Login