മരട് ഫ്ലാറ്റുകൾ ഒഴിയേണ്ട അവസാന ദിവസം ഇന്ന്: പുനരധിവസിപ്പിക്കേണ്ടത് 1472 പേരെ

 

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഒഴിയണമെന്ന് കാണിച്ച് ഉടമകൾക്ക് നൽകിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും. സർക്കാരിൽ നിന്ന് അന്തിമ തീരുമാനം വരാതെ പൊളിച്ചുമാറ്റൽ നടപടിയിലേക്ക് കടക്കില്ലെന്ന് നഗരസഭ വ്യക്തമാക്കി. 343 ഫ്ളാറ്റുകളിലായി താമസിക്കുന്ന 1472 പേരെയാണ് മാറ്റി പാർപ്പിക്കേണ്ടത്.

സുപ്രീം കോടതി വിധിക്കെതിരെയുള്ള ഫ്ലാറ്റുടമകളുടെ റിലേ സത്യാഗ്രഹവും ധർണയും തുടരുകയാണ്. എത്ര പേർക്ക് പുനരധിവാസം നൽകണമെന്ന കണക്ക് നഗരസഭ ഉറപ്പാക്കി അറിയിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു.എന്നാൽ, ഫ്ലാറ്റുടമകൾ നഗരസഭയുടെ നടപടിയോട് സഹകരിച്ചില്ല. ഈ മാസം 20നുള്ളിൽ ഫ്ലാറ്റുകൾ പൊളിച്ചു മാറ്റി റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.സർക്കാർ തുടർ നടപടികളിൽ നഗരസഭക്ക് നിർദേശം നൽകിയിട്ടില്ല എന്നതിന് പുറമെ, സിപിഎം ഉൾപ്പടെയുള്ള പാർട്ടികൾ ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഫ്ലാറ്റുടമകളെ സന്ദർശിച്ച കോടിയേരി ബാലകൃഷ്ണൻ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിപിഎം ഒപ്പമുണ്ടാകുമെന്നും അവിടെ നിന്ന് ഒഴിയേണ്ടി വന്നാൽ അവർ ഓട്ടക്കാവില്ലെന്നും പാർട്ടി സെക്രട്ടറി ഉറപ്പ് നൽകിയിരുന്നു. ഐഐടി പോലെയുള്ള സ്ഥാപനത്തിൽ നിന്നുള്ള വിദഗ്‌ധരുടെ സംഘം വേണം ഫ്ലാറ്റുകൾ പൊളിക്കാനുള്ള കമ്പനിയെ തെരഞ്ഞെടുക്കാൻ എന്നാണ് നഗരസഭയുടെ വാദം. കമ്പനികളെ ടെണ്ടർ വിളിച്ച് തെരഞ്ഞെടുക്കണമെന്നായിരുന്നു നിർദേശം. അഞ്ച് കമ്പനികൾ നഗരസഭയെ സമീപിച്ചെങ്കിലും അടിയന്തര തീരുമാനം പറ്റില്ലെന്നാണ് നഗരസഭയുടെ നിലപാട്.

You must be logged in to post a comment Login