മരട് ഫ്ളാറ്റ് കേസ്; സുപ്രീംകോടതി വിധിയെ പിന്തുണച്ച് സിപിഐ ജില്ലാ സെക്രട്ടറി

കൊച്ചി: മരടിലെ ഫ്ളാറ്റ് കേസിൽ സുപ്രീംകോടതി വിധിക്ക് പിന്തുണയുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. ഏത് നിയമവും ലംഘിക്കാമെന്ന് കരുതുന്നവർക്കുള്ള താക്കീതാണ് സുപ്രീംകോടതി വിധിയെന്നും കോടതിയുടെ വിധിയുടെ അന്തസത്ത ഉൾക്കൊണ്ടേ മുന്നോട്ടു പോകാൻ കഴിയൂ എന്നും രാജു വ്യക്തമാക്കി.

കേസിലെ യഥാർത്ഥ കുറ്റക്കാരായ ഫ്ളാറ്റ് നിർമ്മാതാക്കളെയാണ് നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്ളാറ്റ് പൊളിക്കാനുള്ള വിധിക്കെതിരെ സിപിഎം, ബിജെപി, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയപ്പോഴാണ് സിപിഐ ജില്ലാ സെക്രട്ടറി വ്യത്യസ്ത നിലപാടെടുത്തിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ ശനിയാഴ്ച ഫ്ളാറ്റ് ഉടമകളെ സന്ദർശിച്ചിരുന്നു. സംഭവത്തിൽ പുതയ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയോട് അനുമതി വാങ്ങണമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഫ്ളാറ്റ് പൊളിക്കാൻ തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ആർക്കും ഫ്ളാറ്റുകളിൽനിന്നും ഇറങ്ങിപ്പോകേണ്ടിവരില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നിയമത്തിൽ പിഴവുണ്ടെങ്കിൽ പരിഹാരമാർഗം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login