മരട് ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള തിയതികൾ പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി

മരട് ഫ്‌ളാറ്റുകൾ ജനുവരിയിൽ പൊളിക്കാൻ തീരുമാനമായി. ചീഴ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ജനുവരി 11നും 12നുമാണ് ഫ്‌ളാറ്റുകൾ പൊളിക്കുക. ഹോളിഫെയ്ത്ത് H2O ഫ്‌ളാറ്റാണ് ആദ്യം പൊളിക്കുക.

അതേസമയം, ഗോൾഡൺ കായലോരം ഫ്‌ളാറ്റ് നിർമാണ കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മറ്റ് മൂന്നു ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അഷ്‌റഫിനെ മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഗോൾഡൺ കായലോരം ഫ്‌ളാറ്റ് നിർമിച്ചെന്ന പരാതിയിൽ വിജിലൻസാണ് കേസ് അന്വേഷിക്കുന്നത്. മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് ഫ്‌ളാറ്റ് നിർമിക്കാൻ നിയമം ലംഘിച്ച് അനുമതി നൽകിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഷ്‌റഫിനെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്. ഈ കേസിൽ വിജിലൻസിന്റെ ആദ്യ നടപടിയാണിത്. നിലവിൽ റിമാൻഡിൽ കഴിയുന്ന അഷ്‌റഫിനെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഹോളി ഫെയ്ത്ത്, ആൽഫ, ജെയിൻ എന്നീ ഫ്‌ളാറ്റുകൾ നിർമിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അഷ്‌റഫ് ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.

You must be logged in to post a comment Login