മരട് ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരവിതരണം: സുപ്രിം കോടതി നിർദേശപ്രകാരം രൂപീകരിച്ച സമിതി കൊച്ചിയിൽ യോഗം ചേർന്നു

മരടിലെ ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരവിതരണത്തിന് സുപ്രിം കോടതി നിർദേശപ്രകാരം രൂപീകരിച്ച സമിതി കൊച്ചിയിൽ യോഗം ചേർന്നു. മരട് നഗരസഭ സർക്കാറിന് കൈമാറിയ നഷ്ടപരിഹാരത്തിന് അർഹരായവരുടെ ആദ്യ പട്ടിക സർക്കാർ സമിതിക്ക് കൈമാറി.

അതിനിടെ മരട് പഞ്ചായത്ത് ആയിരിക്കെ ഫ്‌ളാറ്റ് നിർമാണത്തിന് അനുമതി നൽകിയ സെക്രട്ടറി മുഹമ്മദ് അഷ്റഫിനെ ക്രൈംബ്രാഞ്ച് തൃപ്പൂണിത്തുറയിൽ വച്ച് ചോദ്യം ചെയ്തു.

റിട്ടയേർഡ് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ, മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, പൊതുമരാമത്ത് മുൻ ചീഫ് എൻഞ്ചിനീയർ ആർ മുരുകേശൻ എന്നിവർ അടങ്ങുന്ന സമിതിയാണ് ഇന്ന് യോഗം ചേർന്നത്. ഫ്‌ളാറ്റ് പൊളിക്കുന്നതിന് ചുമതലയുള്ള സബ് കലക്ടർ സ്‌നേഹിൽ കുമാർ സമിതിക്ക് മുൻപാകെ ഹാജരായി നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക കൈമാറി.

ആകെയുള്ള 325 ഫ്‌ളാറ്റിൽ ഉടമസ്ഥാവകാശ രേഖകളോ വിലയാധാര രേഖകളോ ഉള്ള 241 പേരാണ് ആദ്യ പട്ടികയിൽ ഉള്ളത്. ഇതിൽ തന്നെ 135 പേരാണ് മുഴുവൻ രേഖകളും നൽകിയിട്ടുള്ളത്. 54 ഫ്‌ളാറ്റുകൾ ഇപ്പോഴും നിർമാതാക്കളുടെ പേരിലാണ്. 30ഓളം ഫ്ളാറ്റുകളുടെ രേഖകൾ ഒന്നും ഇത് വരെ നഗരസഭയിൽ ഹാജരാക്കിയിട്ടില്ല.

ഈ രേഖകൾ പരിശോധിച്ചാവും നഷ്ടപരിഹാരം സംബന്ധിച്ച സമിതി തീരുമാനം. അതേ സമയം ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനുള്ള സാങ്കേതിക ഉപദേശം നൽകുന്നതിനായി വിദഗ്ധ എൻഞ്ചിനീയർ നാളെ കരാർ കമ്പനികളുമായി കൂടിക്കാഴ്ച്ച നടത്തും.

You must be logged in to post a comment Login